ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വിട്ടു നല്‍കണം; ഡെന്‍മാര്‍ക്കിന് നല്‍കിയ വാഗ്ദാനങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കും; വീണ്ടും ഭീഷണി മുഴക്കി ട്രംപ്; സൈനിക നടപടിക്ക് ഒരുങ്ങാതെ നയതന്ത്ര വഴിയില്‍ നീങ്ങാന്‍ ട്രംപിന്റെ തന്ത്രം!
ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് വിട്ടു നല്‍കണം
വാഷിങ്ടണ്‍: ഗ്രീന്‍ലാന്‍ഡ് വിട്ടു നല്‍കുന്നതിനായി താന്‍, ഡെന്‍മാര്‍ക്കിന് നല്‍കിയ വാഗ്ദാനങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബലപ്രയോഗത്തിലൂടെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കും എന്ന ഭീഷണി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്ത്രപ്രധാനമായ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഗ്രീന്‍ലാന്‍ഡ് പ്രകൃതി വിഭവങ്ങള്‍ കൊണ്ടും സമൃദ്ധമാണ്. നേരത്തേയും പല തവണ ട്രംപ് ഈ മേഖല സ്വന്തമാക്കണമെന്ന ആഗ്രഹപ്രകടനം നടത്തിയിരുന്നു. ആദ്യ തവണ പ്രസിഡന്റ് ആയ കാലഘട്ടത്തിലും ട്രംപ് ഇതിനായി പല ശ്രമങ്ങളും നടത്തിയിരുന്നു.
സൈനിക നടപടിയിലൂടെ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാന്‍ അമേരിക്കക്ക് കഴിയുമെങ്കിലും നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ ഏറ്റെടുക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത് എന്നാണ് കരുതപ്പെടുന്നത്. ഡെന്‍മാര്‍ക്കിലേയും ഗ്രീന്‍ലാന്‍ഡിലേയും രാഷ്ട്രീയ നേതാക്കള്‍ ഒന്നടങ്കം ട്രംപിന്റെ ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എന്‍.ബി.സി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് സൈനിക നടപടിയിലൂടെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കില്ല എന്ന് പറഞ്ഞെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡ് ലഭിക്കണമെന്ന് അമേരിക്ക ശക്തമായി ആഗ്രഹിക്കുകയാണെന്ന് പറഞ്ഞ ട്രംപ് അവിടെ വളരെ ചെറിയ ജനസംഖ്യയാണ് ഉള്ളതെന്ന കാര്യം എടുത്തു പറഞ്ഞു.
അമേരിക്ക അവരെ പരിപാലിക്കുമെന്നും അര്‍ഹമായ സ്ഥാനം നല്‍കുമെന്നും പറഞ്ഞ ട്രംപ് അന്താരാഷ്ട്ര സുരക്ഷ ഉറപ്പ്
വരുത്തുന്നതിനായിട്ടാണ് ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതെന്നും വെളിപ്പെടുത്തി. എന്നാല്‍ ട്രംപ് ഈ ഭീഷണി ആവര്‍ത്തിക്കുന്നത് അമേരിക്ക വളരെ ഗൗരവത്തോടെയാണ് ഇക്കാര്യം പരിഗണിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്. നേരത്തേ കാനഡയേയും ബലം പ്രയോഗിച്ച് അമേരിക്കയോട് ചേര്‍ക്കില്ലെന്നും അവര്‍ക്ക് വേണമെങ്കില്‍ അമേരിക്കയുടെ അമ്പത്തി ഒന്നാമത് സംസ്ഥാനം ആകാമെന്നും ട്രംപ് നിലപാട്
വ്യക്തമാക്കിയിരുന്നു.
കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി കഴിഞ്ഞ ആഴ്ച സംസാരിച്ചതായും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇരുവരും അമേരിക്കയില്‍ വെച്ച് നേരിട്ട് കാണുമെന്നും ട്രംപ് പറഞ്ഞു. കാനഡയെ അമേരിക്കയുമായി കൂട്ടിച്ചേര്‍ക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് താന്‍ എപ്പോഴും താന്‍ എപ്പോഴും അതിനെക്കുറിച്ച് സംസാരിക്കുമെന്ന് ട്രംപ് മറുപടി നല്‍കി. അമേരിക്ക കാനഡയ്ക്ക് പ്രതിവര്‍ഷം 200 ബില്യണ്‍ ഡോളര്‍ സബ്‌സിഡി നല്‍കുന്ന കാര്യവും അമേരിക്കന്‍ പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു.
അമേരിക്കക്കാര്‍ക്ക് കാനഡയില്‍ നിന്ന് വരുന്ന കാറുകളോ തടിയോ വൈദ്യുതിയോ ആവശ്യമില്ലെന്നും തങ്ങള്‍ ഇതൊന്നും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കാനഡയെക്കാള്‍ തങ്ങളുടെ പക്കലുണ്ടെന്നും താന്‍ ചെയ്യേണ്ടത് പരിസ്ഥിതി ഭ്രാന്തന്മാരില്‍ നിന്ന് ആ രാജ്യത്തെ മോചിപ്പിക്കുക എന്നതാണ് എന്നും അവരുടെ കൈവശമുള്ള ഒന്നും തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ട്രംപ് നിലപാട് വ്യക്തമാക്കി. അവര്‍ക്ക് ഞങ്ങളെ വേണംഎന്നാല്‍ ഞങ്ങള്‍ക്ക് അവരെ ആവശ്യമില്ല എന്നും ട്രംപ് തുറന്നടിച്ചു.