'ഹൂതികള്‍ക്ക് നല്‍കുന്ന സഹായം ഉടന്‍ അവസാനിപ്പിക്കണം; ഹൂതി ബാര്‍ബേറിയന്‍മാര്‍ക്ക് വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്; അവര്‍ നശിപ്പിക്കപ്പെടും'; ഹൂതികള്‍ക്കെതിരെ അമേരിക്കയുടെ വ്യോമാക്രമണം തുടരുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഹൂതികള്‍ക്ക് നല്‍കുന്ന സഹായം ഉടന്‍ അവസാനിപ്പിക്കണം

Update: 2025-03-20 09:59 GMT

വാഷിങ്ടണ്‍: ഇറാന് മുന്നറിയിപ്പുയമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹൂതികള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യെമനിലെ ഹൂതികള്‍ക്കെതിരായ അമേരിക്കയുടെ വ്യോമാക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. തന്റെ ഔദ്യോഗിക ട്രൂത്ത് പേജിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

'റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇറാന്‍ ഹൂതികള്‍ക്ക് നല്‍കുന്ന പിന്തുണയിലും സൈനിക ഉപകരണങ്ങളുടെ വിതരണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും അവര്‍ ഇപ്പോഴും വലിയ തോതിലുള്ള സപ്ലൈകള്‍ ഹൂതികള്‍ക്ക് നല്‍കി വരികയാണ്. ഇറാന്‍ ഈ വിതരണം നിര്‍ത്തി വെയ്ക്കണം. ഹൂതികള്‍ തോല്‍ക്കും എന്നതില്‍ സംശയമില്ല, അവര്‍ സ്വയം പോരാടട്ടെ. ഹൂതി ബാര്‍ബേറിയന്‍മാര്‍ക്ക് വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇത് ന്യായമായ പോരാട്ടമല്ല. അവര്‍ നശിപ്പിക്കപ്പെടു'മെന്നും ട്രംപ് തന്റെ ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു.

അതേസമയം, യെമന്‍ തലസ്ഥാനമായ സനായിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും അമേരിക്ക വ്യോമാക്രമണം തുടരുകയാണ്. ആക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും പരിക്കേറ്റതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യെമന്‍ തലസ്ഥാനമായ സന, സൗദി അറേബ്യയുടെ അതിര്‍ത്തിക്കടുത്തുള്ള വിമതരുടെ ശക്തികേന്ദ്രമായ സാദ, മറ്റ് പ്രവിശ്യകളിലുമെല്ലാം അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.

മാര്‍ച്ച് 15നാണ് ഹൂതി ഭീകരര്‍ക്കെതിരെ നിര്‍ണായകവും ശക്തവുമായ സൈനിക നടപടി ആരംഭിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടത്. ഹൂതികളുടെ കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങള്‍ക്കുമെതിരെയാണ് നിലപാടെടുക്കുന്നതെന്ന് ട്രംപ് തന്റെ ഔദ്യോഗിക ട്രൂത്ത് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു. ഹൂതികളോട് നിങ്ങളുടെ സമയം അവസാനിച്ചിരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഹൂതികള്‍ അമേരിക്കക്കാര്‍ക്കും മറ്റ് രാജ്യങ്ങളുടെകപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കുമെതിരെ നിഷ്ഠൂരമായ ആക്രമണം നടത്തുകയാണെന്നുമാണ് ട്രംപിന്റെ വാദം.

അതിനിടെ ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ച് ഹൂതികള്‍. മിസൈല്‍ നിര്‍വീര്യമാക്കിയതായി ഇസ്രായേല്‍ സേന അവകാശപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി അമേരിക്കയും ഹൂതികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഇസ്രായേലിന് നേരെയുള്ള ഹൂതികളുടെ മിസൈല്‍ പ്രയോഗം.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ആക്രമണം തുടങ്ങിയ ഇസ്രായേലിനെതിരെ തിരിയുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം. മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലെങ്ങും വലിയ സൈറണുകള്‍ മുഴങ്ങി. ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച്, അധിനിവേശ ജാഫ മേഖലയിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ആക്രമണം നടന്നതായാണ് യഹ്യ സാരി വ്യക്തമാക്കിയത്.

Tags:    

Similar News