ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് നല്‍കണമെന്ന ആവശ്യത്തോട് മുഖം തിരച്ചു താലിബാന്‍ ഭരണകൂടം; കട്ടക്കലിപ്പില്‍ ട്രംപും; ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍ അഫ്ഗാന് മോശം കാര്യങ്ങള്‍ സംഭവിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് നല്‍കണമെന്ന ആവശ്യത്തോട് മുഖം തിരച്ചു താലിബാന്‍ ഭരണകൂടം

Update: 2025-09-21 02:27 GMT

വാഷിങ്ടണ്‍: അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തിന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നല്‍കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. എന്നാല്‍, താലിബാന്‍ ഭരണകൂടം ഈ തീരുമാനത്തോട് അനുകൂലമായല്ല പ്രതിരകിച്ചത്. ഇതോടയാണ് ട്രംപ് താലിബാനെ വിരട്ടുന്ന ശൈലി പുറത്തെടുത്തത്.

തങ്ങളുടെ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിച്ചില്ലെങ്കില്‍ അഫ്ഗാന് മോശം കാര്യങ്ങള്‍ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. നിലവില്‍ ബാഗ്രാം എയര്‍ബേസ് താലിബാന്‍ നിയന്ത്രണത്തിലാണ്. യു.എസ് 2021ല്‍ സൈന്യത്തെ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് വ്യോമതാവളത്തിന്റെ നിയന്ത്രണം താലിബാനായത്. വ്യോമതാവളത്തിന്റെ നിയന്ത്രണം ലഭ്യമായാല്‍ അഫ്ഗാനിസ്താനും ചൈനക്കുമിടയില്‍ തന്ത്രപ്രധാനമായൊരു സ്ഥലം യു.എസിന് ലഭിക്കും. കഴിഞ്ഞ ദിവസം ലണ്ടന്‍ സന്ദര്‍ശനം നടത്തിയപ്പോഴും ട്രംപ് ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നു.

ഞങ്ങള്‍ അഫ്ഗാനിസ്താന്‍ വിടുമ്പോള്‍ കരുത്തോടേയും ശക്തിയോടേയുമാണ് അത് ചെയ്യുക. ബാഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം ഞങ്ങള്‍ ഏറ്റെടുക്കും. അത് ലോകത്തിലെ ഏറ്റവും വലിയ വ്യോമതാവളങ്ങളില്‍ ഒന്നാണെന്ന് യു.കെ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറുമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഒന്ന് വാങ്ങാതെയാണ് ഞങ്ങള്‍ അത് കൊടുത്തത്. ഇപ്പോള്‍ അത് ഞങ്ങള്‍ തിരികെ വാങ്ങാന്‍ പോവുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ട്രംപിന്റെ നീക്കത്തോട് ചൈന എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്റെ ഭാവി അവിടത്തെ ജനങ്ങളുടെ കൈയിലാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. അഫ്ഗാന്‍ ജനതയുടെ പുരോഗതിയില്‍ എല്ലാവരും സൃഷ്ടിപരമായ പങ്ക് ഇക്കാര്യത്തില്‍ വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രംപിന്റെ അവകാശവാദങ്ങളില്‍ അഫ്ഗാനിസ്താന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ അഫ്ഗാന്‍ മണ്ണിലെ ഒരിഞ്ച് പോലും വിദേശസൈന്യത്തിനായി വിട്ടുകൊടുക്കില്ലെന്ന് അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താഖി പറഞ്ഞിരുന്നു. ഈ സന്ദേശം ട്രംപിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

Tags:    

Similar News