'കിങ് ട്രംപ്' പോര്‍വിമാനം പറത്തി കിരീടം ധരിച്ച് ചക്രവര്‍ത്തിയായി ട്രംപ്; ടൈംസ് സ്‌ക്വയറില്‍ പ്രതിഷേധക്കാര്‍ക്ക് നേരേ തവിട്ടുനിറമുളള ദ്രാവകം ചൊരിയുന്ന യുഎസ് പ്രസിഡന്റ്; യുഎസിലെ വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ 'നോ കിങ്‌സ്' പ്രതിഷേധങ്ങള്‍ അരങ്ങേറിയതോടെ എഐ വീഡിയോയുമായി നാടകീയ മറുപടി

സ്വയം ചക്രവര്‍ത്തിയായി ചിത്രീകരിച്ച എഐ വീഡിയോ പുറത്തിറക്കി അമേരിക്കന്‍ പ്രസിഡന്റ്

Update: 2025-10-19 07:56 GMT

വാഷിംഗ്ടണ്‍: ട്രംപ് രാജാവല്ല എന്നതടക്കം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയുള്ള യുഎസിലെ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സ്വയം ചക്രവര്‍ത്തിയായി ചിത്രീകരിച്ച എഐ വീഡിയോ പുറത്തിറക്കി അമേരിക്കന്‍ പ്രസിഡന്റ്. തന്റെ നയങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം അരങ്ങേറുമ്പോള്‍ ട്രംപ് ദിവസം മുഴുവനും ഗോള്‍ഫ് കളിക്കുകയായിരുന്നു. അതിനുശേഷമാണ് നാടകീയമായ വീഡിയോ പുറത്തിറക്കിയത്.'No Kings' എന്ന ഹാഷ്ടാഗോടുകൂടി പ്രചരിക്കുന്ന പ്രതിഷേധങ്ങളെ നേരിടാനാണ് ട്രംപ് ഈ നീക്കം നടത്തിയത്.


Full View

തന്റെ ഔദ്യോഗികവും, വ്യക്തിപരവുമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ട്രംപ് ക്ലിപ് പങ്കുവച്ചു. കിങ് ട്രംപ് എന്നെഴുതിയ പോര്‍ വിമാനം പറത്തുന്ന കിരീടം ധരിച്ച ട്രംപ് ടൈംസ് ചത്വരമെന്ന് തോന്നിക്കുന്ന സ്ഥലത്ത് പ്രതിഷേധക്കാര്‍ക്ക് നേരേ തവിട്ടുനിറമുള്ള ദ്രാവകം ഒഴിക്കുന്നതാണ് വീഡിയോയില്‍. ക്ലിപ് അദ്ദേഹത്തിന്റെ അനുയായികളെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.


Full View

അതേസമയം, ' നോ കിങ്സ് പ്രൊട്ടസ്റ്റ്' എന്ന പേരില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നെന്ന് സംഘാടകര്‍ അറിയിച്ചു. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡി.സി., ഷിക്കാഗോ, മിയാമി, ലോസ് ആഞ്ചലസ് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളുമായെത്തി. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ശനിയാഴ്ച രാവിലെ ആരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. 'ജനാധിപത്യം രാജവാഴ്ചയല്ല', 'ജനാധിപത്യം ഭീഷണിയിലാണ്', 'ട്രംപ് രാജാവല്ല', 'പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുക' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നു കേട്ടത്.




 

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ നഗരങ്ങളില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പോലീസ് നിരീക്ഷണം നടത്തി. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.


'നോ കിങ്സ്' പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ തീവ്ര ഇടതുപക്ഷ ഗ്രൂപ്പായ 'ആന്റിഫ മൂവ്മെന്റു'മായി ബന്ധമുള്ളവരാണെന്നും ഇവര്‍ നടത്തുന്നത് അമേരിക്കയെ നിന്ദിക്കുന്ന റാലിയാണെന്നും ട്രംപിന്റെയും അനുയായികളുടെയും ഭാഗത്തുനിന്നും ആരോപണങ്ങളുണ്ട്. അമേരിക്കന്‍ തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ ട്രംപ് ഭരണകൂടത്തിനെതിരെയുള്ള ജനവികാരത്തിന്റെ സൂചനയാണ്.

ട്രംപിന്റെ രാഷ്ട്രീയ എതിരാളികളും വിമര്‍ശകരും ഈ വീഡിയോയെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ട്രംപിന്റെ അണികള്‍ക്കിടയില്‍ ഇത് വലിയ പ്രചാരം നേടുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശക്തമായ ഭരണം തുടരണമെന്ന അഭിലാഷങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്യുന്നു. 'ഞാന്‍ രാജാക്കന്മാരെ എതിര്‍ക്കുന്ന ഒരാളല്ല, മറിച്ച് ഞാന്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്' എന്ന് ട്രംപ് ഇതിനോടകം തന്നെ പല വേദികളിലും വ്യക്തമാക്കിയതാണ്. ഈ വീഡിയോയിലൂടെ തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ട്രംപ് നേരിടുകയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.


Tags:    

Similar News