ഹൂതികള്‍ക്ക് എതിരായ യുദ്ധ തന്ത്രങ്ങള്‍ ചോര്‍ന്നു; തെറ്റുപറ്റിയതായി ഏറ്റുപറഞ്ഞ് തുള്‍സി ഗബ്ബാര്‍ഡ്; യുദ്ധത്തിനായി സഹായിക്കുന്ന ഉറവിടങ്ങളോ, തന്ത്രങ്ങളോ, സ്ഥലങ്ങളോ, യുദ്ധോപകരണങ്ങളോ ഗ്രൂപ്പില്‍ കൈമാറിയിട്ടില്ലെന്ന് വിശദീകരണം; സംഭവം ഗൗരവതരമല്ലെന്ന് ട്രംപും

ഹൂതികള്‍ക്ക് എതിരായ യുദ്ധ തന്ത്രങ്ങള്‍ ചോര്‍ന്നു

Update: 2025-03-27 04:39 GMT

വാഷിങ്ടണ്‍: യമനിലെ ഹൂതികള്‍ക്ക് എതിരായ യുദ്ധ തന്ത്രങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സിഗ്‌നല്‍ ചാറ്റ് ഗ്രൂപ്പിലൂടെ പുറത്തുവന്ന സംഭവത്തില്‍ തെറ്റു പറ്റിയതായി ഏറ്റുപറഞ്ഞ് യുഎസ് ദേശീയ രഹസ്യാന്വേഷണ ഏജന്‍സി മേധാവി തുള്‍സി ഗബ്ബാര്‍ഡ്. യുഎസിലെ ദ അറ്റ്‌ലാന്റിക് മാഗസിന്റെ എഡിറ്റര്‍ ജെഫ്രി ഗോള്‍ഡ് ബെര്‍ഗിനെ ഉള്‍പ്പെടുത്തിയ ഗ്രൂപ്പിലാണ് സൈനിക രഹസ്യങ്ങള്‍ പങ്കുവച്ചത്. ഈ വിവരങ്ങളാണ് പുറത്തുവന്നതും.

ഗ്രൂപ്പില്‍ തന്നെയും ചേര്‍ത്തതായി ജെഫ്രി ഗോള്‍ഡ് ബെര്‍ഗ് വെളിപ്പെടുത്തിയതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അതീവ രഹസ്യസ്വഭാവമുള്ള രേഖകളല്ല ചോര്‍ന്നതെന്ന് തുള്‍സി ഗബ്ബാര്‍ഡ് സെനറ്റര്‍മാരെ അറിയിച്ചു. യുദ്ധത്തിനായി സഹായിക്കുന്ന ഉറവിടങ്ങളോ, തന്ത്രങ്ങളോ, സ്ഥലങ്ങളോ, യുദ്ധോപകരണങ്ങളോ സംബന്ധിച്ച് ഗ്രൂപ്പില്‍ വിവരം കൈമാറിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

സംഭവത്തിന്റെ ഉത്തരവാദിത്തം ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാട്‌സ് ഏറ്റെടുത്തിരുന്നു. മാധ്യമ പ്രവര്‍ത്തകനെ ഉള്‍പ്പെടുത്തിയതിന് ഉത്തരവാദി തന്റെ ജീവനക്കാരനല്ല. അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും വാള്‍ട്‌സ് പറഞ്ഞു. താനാണ് ഗ്രൂപ്പുണ്ടാക്കിയത്. എല്ലാറ്റിന്റെയും ഏകോപനം ഉറപ്പാക്കുകയാണ് തന്റെ ജോലിയെന്നും അദ്ദേഹം പറഞ്ഞു. യു.എസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വാള്‍ട്‌സിന്റെ പ്രതികരണം. എന്നാല്‍, എങ്ങനെയാണ് ഗ്രൂപ്പില്‍ പത്രപ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടതെന്ന് അദ്ദേഹത്തിന് വിശദീകരിക്കാനായില്ല. സംഭവം ഞെട്ടിക്കുന്നതാണ്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തും. അതിനു കഴിവുള്ള സാങ്കേതിക വിദഗ്ധര്‍ നമുക്കുണ്ട്. ഇലോണ്‍ മസ്‌കുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.

യു.എസിലെ 'ദ അറ്റ്‌ലാന്റിക്' മാഗസിന്റെ എഡിറ്റര്‍ അടക്കം അംഗങ്ങളായ ചാറ്റ് ഗ്രൂപ്പിലാണ് യമനിലെ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചത്. ലക്ഷ്യസ്ഥാനങ്ങള്‍, വിന്യസിച്ച ആയുധങ്ങള്‍, ആക്രമണഘട്ടങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഗ്രൂപ്പില്‍ വന്നത്. ഗ്രൂപ്പില്‍ തന്നെയും ചേര്‍ത്തതായി ചീഫ് എഡിറ്റര്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗ് വെളിപ്പെടുത്തിയതോടെയാണ് സുരക്ഷവീഴ്ച അധികൃതര്‍ അറിഞ്ഞത്.

അതേസമയം, സംഭവം ഗൗരവതരമല്ലെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മൈക്കല്‍ വാള്‍ട്‌സ് നല്ല മനുഷ്യനാണ്. അദ്ദേഹം ഒരു പാഠം പഠിച്ചു. വാള്‍ട്‌സിന്റെ സഹായിയാണ് മാധ്യമപ്രവര്‍ത്തകനെ ഗ്രൂപ്പില്‍ ചേര്‍ത്തതെന്നും ട്രംപ് പറഞ്ഞു. അതേസമയം, നിര്‍ണായക വിവരങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന ആപ് ഉപയോഗിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റ് അംഗങ്ങള്‍ രംഗത്തെത്തി.

സംഭവം ഗൗരവതരമല്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. വാട്സിന്റെ സഹായിയാണ് മാധ്യമപ്രവര്‍ത്തകനെ ഗ്രൂപ്പില്‍ ചേര്‍ത്തതെന്നും നല്ല മനുഷ്യനായ വാട്സ് ഒരു പാഠം പഠിച്ചതായും ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

Tags:    

Similar News