ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ല; കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങാതെ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണം; മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും തുര്‍ക്കി പ്രസിഡന്റ്; പാക്കിസ്ഥാന് തുര്‍ക്കി ആയുധം നല്‍കുന്നുവെന്ന ആരോപണവും നിഷേധിച്ചു എര്‍ദോഗന്‍

ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ല

Update: 2025-04-29 04:57 GMT

അങ്കാറ: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം മുറുകവേ സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് തുര്‍ക്കി. ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഏര്‍ദോഗന്‍ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണം. മേഖലയില്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന് തുര്‍ക്കി ആയുധം നല്‍കുന്നുവെന്ന ആരോപണവും ഏര്‍ദോഗന്‍ നിഷേധിച്ചു. കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് പരിണമിക്കുന്നതിന് മുമ്പ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം ശമിക്കണം. അങ്കാറയില്‍ ക്യാബിനറ്റ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു തുര്‍ക്കി പ്രസിഡന്റ്.

തങ്ങളുടെ മേഖലയിലും അതിനപ്പുറത്തും പുതിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകരുതെന്ന് തുര്‍ക്കി ഊന്നിപ്പറയുന്നു. എര്‍ദോഗനും അദ്ദേഹത്തിന്റെ സര്‍ക്കാരും പാക്കിസ്ഥാന് പിന്തുണ നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുര്‍ക്കി വ്യോമസേനയുടെ 7 സി 130 ഹെര്‍ക്കുലീസ് വിമാനങ്ങള്‍ പാക്കിസ്ഥാന് വിട്ടുകൊടുത്തുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 7 വിമാനങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും ഇതില്‍ 6 വിമാനങ്ങള്‍ കറാച്ചിയിലും ഒരു വിമാനം ഇസ്ലാമാബാദിലുമാണ് വിന്യസിച്ചിട്ടുള്ളതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതാണിപ്പോള്‍ എര്‍ദോഗന്‍ തള്ളിയത്.

നേരത്തെ കശ്മീരിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിനാല്‍ വാഷിംങ്ടണ്‍ ഇന്ത്യയുമായും പാകിസ്താനുമായും ബന്ധപ്പെട്ടുവെന്നും 'ഉത്തരവാദിത്തപൂര്‍വമായ പരിഹാരം' എന്ന് വിളിക്കുന്ന കാര്യത്തിനായി പ്രവര്‍ത്തിക്കാന്‍ അവരോട് ആഹ്വാനം ചെയ്യുന്നുവെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കിയിരുന്നു.

ആക്രമണത്തിനു ശേഷം യു.എസ് സര്‍ക്കാര്‍ പരസ്യമായി ഇന്ത്യയെ പിന്തുണച്ചെങ്കിലും പാകിസ്താനെ വിമര്‍ശിച്ചിച്ചിരുന്നില്ല. 'ഇത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. ഞങ്ങള്‍ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ-പാക് സര്‍ക്കാറുകളുമായി ഞങ്ങള്‍ ഒന്നിലധികം തലങ്ങളില്‍ ബന്ധപ്പെട്ടിട്ടുണ്ട്'- യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ഇ-മെയില്‍ പ്രസ്താവനയില്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഉത്തരവാദിത്തപരമായ ഒരു പരിഹാരത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ കക്ഷികളെയും അമേരിക്ക പ്രോത്സാഹിപ്പിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ യു.എസ് ഇന്ത്യക്കൊപ്പം നില്‍ക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും അടുത്തിടെ നടത്തിയ അഭിപ്രായങ്ങള്‍ക്ക് സമാനമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയും ചെയ്തു.

2021ല്‍ അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് പിന്‍വാങ്ങിയതിനുശേഷം മേഖലയില്‍ അവരുടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. പാകിസ്താന്‍ ഒരു യു.എസ് സഖ്യകക്ഷിയായി തുടരുമ്പോള്‍ തന്നെയും ഏഷ്യയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാന്‍ യു.എസ് ലക്ഷ്യമിടുന്നു. അതിനാല്‍, ഇന്ത്യ കൂടുതല്‍ പ്രധാനപ്പെട്ട ഒരു യു.എസ് പങ്കാളിയാണ്.? പാകിസ്താനാവട്ടെ ചൈന പിന്തുണ അറിയിച്ചിട്ടുമുണ്ട്.

ഇന്ത്യ ഇപ്പോള്‍ പാകിസ്താനേക്കാള്‍ വളരെ അടുത്ത യു.എസ് പങ്കാളിയാണെന്ന് വാഷിംങ്ടണ്‍ ആസ്ഥാനമായുള്ള ദക്ഷിണേഷ്യന്‍ വിശകലന വിദഗ്ധനും 'ഫോറിന്‍ പോളിസി' മാസികയുടെ കോളമിസ്റ്റുമായ മൈക്കല്‍ കുഗല്‍മാന്‍ പറഞ്ഞു. എന്നാല്‍, റഷ്യയുടെ യുക്രെയ്ന്‍ യുദ്ധത്തിലും ഇസ്രായേല്‍ നടത്തുന്ന ഗസ്സ യുദ്ധത്തിലും യു.എസിന്റെ ഇടപെടലും തുടര്‍ച്ചയായ നയതന്ത്ര ശ്രമങ്ങളും കണക്കിലെടുക്കുമ്പോള്‍, ട്രംപ് ഭരണകൂടം ആഗോളതലത്തില്‍ നിരവധി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നും സംഘര്‍ഷങ്ങളുടെ ആദ്യ ദിവസങ്ങളിലെങ്കിലും ഇന്ത്യയെയും പാകിസ്താനെയും സ്വന്തമായി വിട്ടേക്കാമെന്നും കുഗല്‍മാന്‍ പറഞ്ഞു. ഈ നിമിഷം സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ യു.എസ് ആഗ്രഹിക്കുന്നില്ലെന്ന് യു.എസിലെ മുന്‍ പാകിസ്താന്‍ അംബാസഡറും ഹഡ്സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്കിലെ സീനിയര്‍ ഫെലോയുമായ ഹുസൈന്‍ ഹഖാനിയും പറഞ്ഞു.

ഏപ്രില്‍ 22ന് കശ്മീരില്‍ നടന്ന ആക്രമണത്തില്‍ രണ്ട് ഡസനിലധികം ആളുകള്‍ കൊല്ലപ്പെട്ടതിന് ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തിയിരുന്നു. പാകിസ്താന്‍ ഉത്തരവാദിത്തം നിഷേധിക്കുകയും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി പഹല്‍ഗാം ആക്രമണകാരികളെ 'ഭൂമിയുടെ അറ്റം വരെ' പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു. കശ്മീര്‍ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തവരെ 'അവരുടെ സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തേക്ക് ശിക്ഷിക്കുമെന്നും' പറഞ്ഞു. പാകിസ്താനെതിരെ സൈനിക നടപടിക്ക് ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും ആഹ്വാനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News