ഇന്ത്യയുമായി സംഘര്‍ഷം മുറുകവേ തുര്‍ക്കി നാവികസേനയുടെ കപ്പല്‍ കറാച്ചി തീരത്ത്; പാക്കിസ്ഥാന്‍ സൈന്യത്തിന് ആയുധം നല്‍കുന്നവരില്‍ തുര്‍ക്കി മുന്നില്‍; ഇന്ത്യയുമായുള്ള വ്യാപാരം വിലക്കി പാക്കിസ്ഥാന്‍ ഉത്തരവ് പുറത്തിറക്കി; ഇന്ത്യക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന പാക് ഭീഷണി വിഷയത്തിലെ അന്തര്‍ദേശീയ ശ്രദ്ധ നേടാന്‍

ഇന്ത്യയുമായി സംഘര്‍ഷം മുറുകവേ തുര്‍ക്കി നാവികസേനയുടെ കപ്പല്‍ കറാച്ചി തീരത്ത്

Update: 2025-05-05 01:10 GMT

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനം തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടായതിനിടെ തുര്‍ക്കി നാവികസേനയുടെ കപ്പല്‍ പാക്കിസ്ഥാനിലെ കറാച്ചിയിലെത്തിയതായി റിപ്പോര്‍ട്ട്. തുര്‍ക്കി നാവികസേനയുടെ ടിസിജി ബുയുകടയാണ് പാകിസ്താനിലെത്തിച്ചേര്‍ന്നിരിക്കുന്നത്. തുര്‍ക്കിയും പാകിസ്താനും തമ്മിലുള്ള സമുദ്രവ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പലെത്തിയതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നിരിക്കിലും കപ്പല്‍ ഇപ്പോള്‍ കറാച്ചി തീരം തൊട്ടതിനെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. നേരത്തെ തുര്‍ക്കി വ്യോമസേനയുടെ വിമാനങ്ങളും പാക്കിസ്ഥാനില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെയാണ ്കപ്പലും എത്തിയത്. പാക്കിസ്ഥാന്‍ സൈന്യത്തിനുള്ള പടക്കോപ്പുകളുമായാണ് തുര്‍ക്കി വിമാനം എത്തിയതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

തുറമുഖത്ത് തുര്‍ക്കി നാവികസേനയുടെ കപ്പല്‍ വന്നുചേര്‍ന്നതായി പാകിസ്താന്‍ നാവികസേന സ്ഥിരീകരിച്ചു. പാകിസ്താന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനാണ് തുര്‍ക്കി കപ്പലിനെ തുറമുഖത്ത് സ്വീകരിച്ചത്. ഇക്കാര്യം ഡയറക്ടറേറ്റ് ജനറല്‍ പബ്ലിക് റിലേഷന്‍സാണ് മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാക്കിസ്ഥാന്‍ ആകെ വെപ്രളപ്പെട്ടിരിക്കയാണ്.

ഇന്ത്യയുമായുള്ള വ്യാപാരത്തിന് നിരോധനമേര്‍പ്പെടുത്തി പാക്കിസ്ഥാന്‍. പാക്ക് വാണിജ്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ സമുദ്ര, കര, വ്യോമ മാര്‍ഗമോ മൂന്നാമതൊരു രാജ്യം വഴിയോ പാക്കിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്യരുതെന്ന് ഉത്തരവില്‍ പറയുന്നു.

മറ്റേതെങ്കിലും രാജ്യത്തില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ പാക്കിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ഇന്ത്യയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തേക്ക് പാക്കിസ്ഥാന്‍ വഴി ഇറക്കുമതി ചെയ്യുന്നതിനും വിലക്കുണ്ട്. ദേശസുരക്ഷയും പൊതുതാല്‍പര്യവും അനുസരിച്ചാണ് നീക്കമെന്നും ഉത്തരവിലുണ്ട്. പാക്കിസ്ഥാനിലേക്കുള്ള വ്യാപാരത്തിന് ഇന്ത്യ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് നീക്കം.

അതേസമയം ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്നാണ് പാക്കിസ്ഥാന്‍ മന്ത്രിമാര്‍ ഇടക്കിടെ പറയുന്നത് വിഷയം അന്തര്‍ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ വേണ്ടിയാണെന്നാണ് ഇന്ത്യന്‍ നിഗമനം. സിന്ധു നദിയില്‍ ജലം തടസ്സപ്പെടുത്തി ഇന്ത്യ നിര്‍മിക്കുന്ന ഏതുതരം നിര്‍മിതിയും ആക്രമിക്കുമെന്ന ഭീഷണിയുമായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

'ഇത്തരം നിര്‍മിതികള്‍ സിന്ധു ജല കരാറിന്റെ ലംഘനവും പാകിസ്താനെതിരായ കടന്നുകയറ്റവുമാണ്. വെടിയുണ്ട പായിക്കല്‍ മാത്രമല്ല അതിക്രമം. അതിലൊന്നാണ് ജലം തടസ്സപ്പെടുത്തല്‍. അത് ദാഹവും വിശപ്പും മൂലം മരണത്തിനിടയാക്കും. കരാര്‍ ലംഘിക്കല്‍ ഇന്ത്യക്ക് എളുപ്പമാകില്ല. വിഷയത്തില്‍ പാകിസ്താന്‍ ബന്ധപ്പെട്ട കക്ഷികളെ സമീപിക്കും. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യ അക്രമിച്ചാല്‍ സമ്പൂര്‍ണ തിരിച്ചടി നടത്തും'-ഖ്വാജ ആസിഫ് കൂട്ടിച്ചേര്‍ത്തു.

'പാക്കിസ്ഥാനില്‍ ചില മേഖലകള്‍ ആക്രമിക്കാന്‍ തീരുമാനമെടുത്തതായി ചില ചോര്‍ന്നുകിട്ടിയ രേഖകള്‍ സൂചിപ്പിക്കുന്നു. ആക്രമണം സംഭവിക്കുമെന്നും ആസന്നമാണെന്നും തോന്നുന്നു. പാകിസ്താന്‍ ഇതിനെതിരെ പൂര്‍ണ ശക്തിയുപയോഗിച്ച് തിരിച്ചടിക്കും. പരമ്പരാഗത ആയുധങ്ങളും അണവായുധങ്ങളും പ്രയോഗിക്കും'- മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താന് തക്കതായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണ് ഇന്ത്യയെ ആക്രമിക്കുന്നവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുകയെന്നത്. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ പ്രധാനമന്ത്രിയെ നിങ്ങള്‍ക്ക് നന്നായി അറിയാം, അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലി, ദൃഢനിശ്ചയം എന്നിവ നിങ്ങള്‍ക്ക് പരിചിതമാണ്. മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കും - സംസ്‌കൃതി ജാഗരണ്‍ മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ പ്രതിരോധ മന്ത്രി പറഞ്ഞു.

തുര്‍ക്കി, പാക്കിസ്ഥാന്‍, നാവികസേനാ കപ്പല്‍

Tags:    

Similar News