ഇംഗ്ലീഷ് ഡിഫന്‍സ് ലീഗും ഹിന്ദു മൗലികവാദികളും കൈകോര്‍ക്കുന്നു; മുസ്ലിം വിരോധത്തില്‍ രൂപം കൊടുക്കുന്ന സഖ്യം വര്‍ഗീയ ലഹളയ്ക്ക് കാരണമാകും; ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്നു: യുകെയില്‍ വളരുന്ന ഹിന്ദുത്വക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഒരുങ്ങി സര്‍ക്കാര്‍

യുകെയില്‍ വളരുന്ന ഹിന്ദുത്വക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഒരുങ്ങി സര്‍ക്കാര്‍

Update: 2025-03-31 00:35 GMT

ലണ്ടന്‍: ബ്രിട്ടനിലെ ഹിന്ദു തീവ്രവാദികള്‍, ബ്രിട്ടീഷ് തീവ്ര വലതുപക്ഷ സംഘങ്ങളുമായി കൈകോര്‍ക്കുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവര്‍ക്കിടയിലെ പൊതുവായ താത്പര്യം ഇസ്ലാം വിരോധം മാത്രമാണെന്നും ഒരു പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂറു പുലര്‍ത്തുന്ന തീവ്ര ഹിന്ദു സംഘടനകള്‍ ബ്രിട്ടീഷ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ തക്കവണ്ണം ശക്തി പ്രാപിച്ചെന്ന ആശങ്കയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നതായും ഡെയ്ലി മെയില്‍ പറയുന്നു.

നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ (എന്‍ പി സി സി) തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ടില്‍ പറയുന്നത് ഹിന്ദുത്വ എന്നറിയപ്പെടുന്ന ഹിന്ദു തീവ്രവാദം, ഹിന്ദുക്കളും മുസ്ലീം, സിഖ് തുടങ്ങിയ വിഭാഗങ്ങളുമായി ഉള്ള ബന്ധം വഷളാക്കാന്‍ ഇടയുണ്ടെന്നാണ് എന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നാഷണല്‍ കമ്മ്യൂണിറ്റി ടെന്‍ഷന്‍ ടീം തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട്, ബ്രിട്ടനിലെ തീവ്രവാദത്തിനെതിരെ സര്‍ക്കാര്‍ ചില സത്വര നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം, രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പുറത്തു വരുന്നത്.

2022 വേനല്‍ക്കാലത്ത് ലെസ്റ്ററില്‍ നടന്ന അക്രമാസക്തമായ ലഹളയില്‍ തീവ്ര ഹിന്ദുത്വം പങ്ക് വഹിച്ചിട്ടുണ്ടോ എന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടി പറയുന്നു. ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ഇതാദ്യമായാണ് ഹിന്ദുത്വക്കെതിരെ ആശങ്ക പ്രകടമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍, ഹിന്ദു സര്‍വ്വാധിപത്യം കൊണ്ടുവന്ന്, ഹിന്ദുമതത്തിലൂന്നിയ ഒരു ഏകശിലാരൂപമായ ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വം, ഹിന്ദു മതത്തില്‍ നിന്നും വിഭിന്നമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ ഇപ്പോഴും ബ്രിട്ടനില്‍ ഒരു യാഥാര്‍ത്ഥ്യമാണെന്നും, തെറ്റായ വിവരങ്ങളുടെ പ്രചാരണം എപ്രകാരമാണ് കനത്ത സംഘര്‍ഷം സൃഷ്ടിക്കുക എന്നത് ലെസ്റ്ററിലെ സംഭവങ്ങളില്‍ നിന്നും വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറായുന്നു.

തീവ്ര വലതുപക്ഷക്കാരനായ, ടോമി റോബിന്‍സണ്‍ എന്നറിയപ്പെടുന്ന സ്റ്റീഫന്‍ യാക്സ്ലി - ലെനന്‍ ഇതിനോടകം തന്നെ ഇസ്ലാം വിരുദ്ധ വികാരം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചില ഹിന്ദു സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോബിന്‍സണിന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ മാധ്യമങ്ങളും, ബ്രിട്ടീഷ് ഹിന്ദുക്കളിലെ ഒരു ന്യൂനപക്ഷവും സ്വാഗതം ചെയ്തതായി തോന്നുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലീം വിരുദ്ധ വികാരം ഉള്‍പ്പടെയുള്ള ചില പൊതുവായ താത്പര്യങ്ങളുടെ പേരില്‍ ഹിന്ദുത്വയെ അനുകൂലിക്കുന്നവര്‍ ബ്രിട്ടനിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങളുമായി കൈകോര്‍ത്തേക്കാം എന്നാണ് റിപ്പോര്‍ട്ടില്‍ പ്രകടമാകുന്ന ആശങ്ക.

മറ്റു ചില യൂറോപ്യന്‍ അതി തീവ്ര വലതുപക്ഷക്കാര്‍ ഹിന്ദുത്വ ആശയങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ടത്രെ. അതിലൊരാളാണ് 2011 ജൂലായില്‍ നോര്‍വേയില്‍ 77 പേരെ കൊന്ന് തള്ളിയ ആന്‍ഡേഴ്സ് ബ്രീവിക് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം, ഭൂരിപക്ഷം ഹിന്ദുക്കളും, ബ്രിട്ടീഷ് വലതുപക്ഷ തീവ്രവാദികളുമായി കൈകോര്‍ക്കുന്നതിനെ എതിര്‍ക്കുന്നവരാണെന്നും എന്‍ പി സി സി റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിതീവ്ര ഹിന്ദുത്വ വാദികള്‍ ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടേക്കാമെന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവയ്ക്കുന്നുണ്ട്. 2019 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍, ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന സന്ദേശം പ്രധാനമായും ഹിന്ദുക്കളെ ഉന്നം വയ്ക്കുന്ന വാട്ട്‌സ്അപ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അന്ന് ലേബര്‍ നേതാവായിരുന്ന ജെറെമി കോര്‍ബിനെ ഒരു ഹിന്ദു വിരുദ്ധനായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ഓവര്‍സീസ് ബ്രാഞ്ച് ഓഫ് ബി ജെ പി എന്ന സംഘടനയുടെ യു കെ വിഭാഗം 48 സീറ്റുകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കായി പ്രചാരണം നടത്തിയിരുന്നു എന്ന ഒരു റിപ്പോര്‍ട്ട് നേരത്തെ വന്നിരുന്നു.

Tags:    

Similar News