ഖാലിസ്ഥാന്‍ എന്ന് ഗുരുദ്വാര പതാകയില്‍ എഴുതാന്‍ അനുമതി നല്‍കി ബ്രിട്ടനിലെ ചാരിറ്റി കമ്മീഷന്‍; ബ്രിട്ടനിലെ ഗുരുദ്വാരകളില്‍ മുഴുവന്‍ ഇനി ഇന്ത്യാവിരുദ്ധ മുദ്രാവാക്യം നിറയും; ഇന്ത്യയെ പിളര്‍ത്തി പുതിയ രാജ്യം ഉണ്ടാക്കാനുള്ള സിഖ് ഭീകരരുടെ നീക്കത്തിന് ബ്രിട്ടന്റെ രഹസ്യ പിന്തുണയെന്ന് ആരോപണം; പുതിയ നീക്കം റഫറണ്ടം എന്ന പേരില്‍ നടത്തിയ നാടകത്തിന് പിന്നാലെ

ഖാലിസ്ഥാന്‍ എന്ന് ഗുരുദ്വാര പതാകയില്‍ എഴുതാന്‍ അനുമതി നല്‍കി ബ്രിട്ടനിലെ ചാരിറ്റി കമ്മീഷന്‍

Update: 2025-08-09 03:24 GMT

ലണ്ടന്‍: ഇന്ത്യാ വരുദ്ധ നിലപാട് പരസ്യമാക്കിയ 'ഖലിസ്ഥാന്‍' വാദികള്‍ക്ക് ഇടം കൊടുക്കുന്നതില്‍ കാനഡയും യുകെയും മുന്നിലാണെന്ന പരാതി കുറച്ചു കാലങ്ങളായി തന്നെ ഇന്ത്യക്കുണ്ട്. ഇതിനിടെയാണ് ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി യുകെയില്‍ ഖാലിസ്ഥാനികള്‍ക്ക് അനുകൂലമായ നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്. ബ്രിട്ടനിലെ ഒരു ഗുരുദ്വാരയില്‍ 'ഖലിസ്ഥാന്‍' എന്ന വാക്ക് പതിച്ച ഫലകങ്ങള്‍ സൂക്ഷിക്കാന്‍ ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്‍ അനുമതി നല്‍കിയതാണ് ഇന്ത്യയെ ചൊടിപ്പിക്കുന്നത്. സ്ലോ ഗുരുദ്വാരയിലെ ഖലിസ്ഥാന്‍ ബോാര്‍ഡാണ് വിവാദ കേന്ദ്രമായത്. ഈ നീക്കം ഭാവിയില്‍ ഗുരുദ്വാരകളില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം നിറയാന്‍ ഇടയാക്കുമെന്നാണ് ആക്ഷേപം.

2019-ല്‍ ഒരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ ഒരു ഗുരുദ്വാരയിലെ ഒരു വലിയ 'ഖലിസ്ഥാന്‍ ബോര്‍ഡ്' കണ്ട് ആരാധനാലയങ്ങള്‍ നിയന്ത്രിക്കുന്ന കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. യുകെയിലെ ആരാധനാലയങ്ങളെ നിയന്ത്രിക്കുന്ന കമ്മീഷന്‍ ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ സംസ്ഥാനത്തിനോ വേണ്ടി വാദിക്കുന്നത് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെ ലംഘനമാണ്. അതുകൊണ്ട് തന്നെ ഖലിസ്ഥാന്‍ ബോര്‍ഡ് നീക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.

തുടര്‍ന്ന് 2024 ഡിസംബറില്‍ കമ്മീഷന്‍ ട്രസ്റ്റികള്‍ക്ക് 2025 മാര്‍ച്ച് 10-നകം ഖലിസ്ഥാന്‍ ഫലകങ്ങള്‍ നീക്കം ചെയ്യണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍, ഈ നിര്‍ദേശവും അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. തുടര്‍ന്ന് വിവിധ സിഖ് സംഘടനകളുമായി കൂടിക്കാഴ്ച നടത്തുകയും മൂന്ന് സിഖ് എംപിമാരായ തന്‍മന്‍ജീത് സിംഗ് ദേസി, പ്രീത് കൗര്‍ ഗില്‍, ജാസ് അത്വാള്‍ എന്നിവര്‍ ബ്രിട്ടീഷ് ചാരിറ്റേി കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കും പ്രശ്‌നം പരിഹരിക്കാനും കൂടിക്കാഴ്ച്ചകള്‍ നടത്തുകയും ചെയ്തു.

ഏറ്റവും ഒടുവിലായി 'ഖലിസ്ഥാന്‍' എന്ന വാക്കിന് മതപരമായ അര്‍ത്ഥവും ചിലര്‍ക്ക് രാഷ്ട്രീയ അര്‍ത്ഥവും ഉണ്ടെന്ന് തീരുമാനിച്ചതിനാല്‍, ഫലകങ്ങള്‍ ഗുരുദ്വാരയില്‍ നിലനിര്‍ത്താന്‍ കമ്മീഷന്‍ അനുമതി നല്‍കുകയാണ് ഉണ്ടായത്. ഗുരുദ്വാരകളിലെ ബോര്‍ഡുകളില്‍ ഒരു രാഷ്ട്രീയ രാഷ്ട്രത്തിനുവേണ്ടി വാദിക്കുന്ന വസ്തുക്കള്‍ അടങ്ങിയിട്ടില്ലാത്തതിനാല്‍, ചാരിറ്റി അതിന്റെ മതപരമായ ലക്ഷ്യങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നിഗമനത്തിലാണ് ബ്രിട്ടീഷ് ചാരിറ്റി കമ്മീഷന്‍ ഖലിസ്ഥാന്‍ ഫലകത്തിന് അനുമതി നല്‍കിയത്.

കാര്യങ്ങള്‍ പഠിച്ചും തെളിവുകള്‍ അവലോകനം ചെയ്തുമാണ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണെന്ന് കമ്മീഷന്‍ വിലയിരുത്തിയതെന്നാണ് കമ്മീഷന്‍ വക്താവ് വ്യക്തമാക്കിയത്. അതേസമയം ''ഖലിസ്ഥാന്‍' എന്ന വാക്കിന്റെ അര്‍ത്ഥം 'ശുദ്ധമായ നാട്' എന്നാണ്' എന്ന് സിഖ് ഫെഡറേഷന്‍ വാദിക്കുന്നു. അത് 'ഖലിസ്ഥാന്‍ സിന്ദാബാദ്' എന്ന മുദ്രാവാക്യത്തില്‍ നിന്നും വ്യത്യസ്തമാണെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ 50 വര്‍ഷമായി രണ്ട് ഖലിസ്ഥാന്‍ ഫലകങ്ങള്‍ സ്ലോ ഗുരുദ്വാരയില്‍ ഉണ്ടെന്നാണ് ഗുരുദ്വാരയിലെ ജീവനക്കാര്‍ വ്യക്തമാക്കിയത്.

അതേസമയം ബ്രിട്ടനിലെ ചാരിറ്റി കമീഷന്റെ വിധി ഇന്ത്യക്ക് ഒട്ടും അനുകൂലമല്ല. ഇന്ത്യയെ പിളര്‍ത്തി പുതിയ രാജ്യം ഉണ്ടാക്കാനുള്ള സിഖ് ഭീകരരുടെ നീക്കത്തിന് ബ്രിട്ടന്റെ രഹസ്യ പിന്തുണ നല്‍കുന്നു എന്ന ആരോപണം ശക്തമാണ്. ബര്‍മിംഗ്ഹാം, ഡെര്‍ബി, ലെസ്റ്റര്‍, ലണ്ടന്‍ എന്നിവിടങ്ങളിലെ ഗുരുദ്വാരകളില്‍ ഇതിനകം ഖലിസ്ഥാന്‍ എന്ന വാക്ക് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബ്രിട്ടനിലെ മിക്ക ഗുരുദ്വാരകളിലും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം നിറയാന്‍ ഇടയാക്കുമെന്ന ആക്ഷേപം ശക്തമാണ്.

ആഗോള തലത്തില്‍ തന്നെ ഖലിസ്ഥാന്‍ റഫറണ്ടം ആവശ്യമായി ഖലിസ്ഥാന്‍ വാദികളുണ്ട്. പല രാജ്യങ്ങളില്‍ താമസിക്കുന്ന സിഖുകാര്‍ ഇത്തരം നീക്കങ്ങള്‍ നടത്തുന്നുണ്ട്. അടുത്തിടെ യുകെയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് നേരെയുണ്ടായ ഖലിസ്ഥാന്‍ ആക്രമണ ശ്രമവും ഉണ്ടായിരുന്നു. ഇതിനെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു.

അതിനിടെ കാനഡയിലെ സറേയില്‍ 'ഖലിസ്ഥാന്‍ എംബസി' എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിയ് ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രവിശ്യാ ഗ്രാന്റുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കമ്മ്യൂണിറ്റി സെന്ററാണ് 'ഖലിസ്ഥാന്‍ എംബസി ' എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജീവകാരുണ്യ സ്ഥാപനം എന്ന് പറഞ്ഞാണ് സര്‍ക്കാര്‍ ധനസഹായത്തോടെ കെട്ടിടം നിര്‍മിച്ചത്. സിഖുക്കാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും വേണ്ടിയാണ് കമ്യൂണിറ്റി സെന്റര്‍ ആരംഭിച്ചത്. ജീവകാരുണ്യ സ്ഥാപനം എങ്ങനെയാണ് തീവ്രവാദത്തിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

ഇതിനെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട കാനഡയിലെ സിഖ് സമൂഹം രംഗത്തുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക സിഖ് നേതാവും റേഡിയോ സ്റ്റേഷന്‍ മേധാവിയുമായ മനീന്ദര്‍ ഗില്‍ കാനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്കും ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യാ മേധാവിക്കും കത്തയച്ചു.

സറേയിലെ ഗുരുദ്വാരയുടെ പരിസരത്തുള്ള ഒരു കമ്മ്യൂണിറ്റി സെന്ററാണ് ഖലിസ്ഥാന്‍ എംബസി പ്രവര്‍ത്തിക്കുന്നത്. നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) സംഘടിപ്പിക്കുന്ന 'ഖലിസ്ഥാന്‍ റഫറണ്ട'ത്തിന്റെ ഭാഗമായാണ് ഖലിസ്ഥാന്‍ എംബസി എന്ന പേരില്‍ കെട്ടിടം ഉദ്ഘാടനം ചെയ്തിരുക്കുന്നത്. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്ജെ) ബാനറുകള്‍ക്കും ചിഹ്നങ്ങളും റിപ്പബ്ലിക്ക് ഖലിസ്ഥാന്‍ എന്നെഴുതിയ ബോര്‍ഡിലുണ്ട്. കൂടാതെ കൊല്ലപ്പെട്ട ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ചിത്രവും ഇതിലുണ്ട്.

നിയമവിരുദ്ധമായി 'ഖലിസ്ഥാന്‍ എംബസി' പ്രവര്‍ത്തിച്ചിട്ടും നടപടിയെടുക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News