ഇസ്രായേല്‍ അധിനിവേശം ഒരു വര്‍ഷത്തിനകം അവസാനിപ്പിക്കണം; യുഎന്‍ പ്രമേയം പാസായി; വിട്ടു നിന്ന് ഇന്ത്യ; 124 രാജ്യങ്ങള്‍ ഫലസ്തീനൊപ്പം നിലകൊണ്ടപ്പോള്‍ എതിര്‍ത്ത് വോട്ടു ചെയ്തത് 14 രാജ്യങ്ങള്‍

Update: 2024-09-19 04:38 GMT

ന്യൂഡല്‍ഹി: ഇസ്രായേല്‍ അധിനിവേശത്തിന് എതിരായ യു എന്‍ പ്രമേയം പാസായി. ഫലസ്തീന്‍ പ്രദേശങ്ങളിലെ അനധികൃത അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന പ്രമേയമാണ് യു എന്‍ ജനറല്‍ അസംബ്ലി പാസാക്കിയത്. അതേസമയം പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇസ്രായേല്‍ അധിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഫലസ്തീനാണ് അവതരിപ്പിച്ചത്.

ചരിത്രപരമായി ഫലസ്തീനെ പിന്തുണച്ചിരുന്ന ഇന്ത്യ ഇതില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. 124 രാജ്യങ്ങളാണ് ഫലസ്തീനൊപ്പം നിന്നത്. അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ 14 രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്ത് നിലപാട് സ്വീകരിച്ചത്. വോട്ടിങില്‍ നിന്നും വിട്ടുനിന്ന 43 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെട്ടത്. ഓസ്ട്രേലിയ, കാനഡ, ജര്‍മ്മനി, ഇറ്റലി, നേപ്പാള്‍, ഉക്രെയ്ന്‍, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ പ്രധാന രാജ്യങ്ങള്‍ വിട്ടുനിന്നവരില്‍ ഉള്‍പ്പെടുന്നു.

ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേല്‍ -ഫലസ്തീന്‍ വിഷയത്തില്‍ പല പ്രമേയങ്ങള്‍ യു.എന്‍ പാസാക്കിയിരുന്നെങ്കിലും ഈ പുതിയ പ്രമേയം വളരെ സുപ്രധാനമായ ഒന്നാണ്. യു.എന്നിലെ ഏറ്റവു പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം ഫലസ്തീനെ പിന്തുണച്ചു എന്നതാണ് അതില്‍ ശ്രദ്ധേയം. പൊതുസഭയുടെ ഭാഗമായി കരടുപ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ അംഗീകാരം ലഭിച്ചതിനു ശേഷം പലസ്തീന്റെ ആദ്യ പ്രമേയമാണിത്. ജൂലൈയില്‍ രാജ്യാന്തര നീതിന്യായ കോടതി പുറപ്പെടുവിച്ച സമാന വിധിയുടെ ചുവടുപിടിച്ചുള്ള പ്രമേയത്തില്‍ കുടിയേറ്റം സ്ഥാപിച്ചയിടങ്ങളില്‍നിന്ന് ഇസ്രയേല്‍ പിന്മാറണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെടുന്നു.

പ്രമേയത്തില്‍ വോട്ടെടുപ്പു നടക്കുമ്പോള്‍ ന്യായപക്ഷത്ത് നിലകൊള്ളണമെന്ന് യുഎന്നിലെ പലസ്തീന്‍ അംബാസഡര്‍ റിയാദ് മന്‍സൂര്‍ അംഗരാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. പ്രമേയം തള്ളണമെന്ന് ഇസ്രയേല്‍ അംബാസഡര്‍ ഡാനി ഡാനന്‍ ആഹ്വാനം ചെയ്തപ്പോള്‍ എതിര്‍ത്തു വോട്ടു ചെയ്യണമെന്ന് യുഎസിന്റെ അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡും ആവശ്യപ്പെട്ടു. യുഎന്‍ രക്ഷാസമിതിയില്‍നിന്നു വ്യത്യസ്തമായി, 193 അംഗരാഷ്ട്രങ്ങളുള്ള പൊതുസഭയില്‍ വീറ്റോ അധികാരം ആര്‍ക്കുമില്ല.

Tags:    

Similar News