ഇസ്രയേല്‍ - ലെബനന്‍ വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നു; ഇസ്രയേല്‍ കാബിനറ്റില്‍ തീരുമാനം എടുത്തേക്കും; ഇസ്രായേല്‍ വഴങ്ങുന്നത് അമേരിക്ക നിലപാട് കടുപ്പിച്ചതോടെ; വെടിനിര്‍ത്തുന്നതില്‍ മന്ത്രിസഭയ്ക്കുള്ളിലും എതിര്‍പ്പ് ശക്തം; ചര്‍ച്ചകള്‍ പുരോഗമിക്കവേ ഇസ്രായേല്‍ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍ - ലെബനന്‍ വെടിനിര്‍ത്തലിലേക്ക് നീങ്ങുന്നു

Update: 2024-11-26 09:02 GMT

ജറുസലം: ലെബനനില്‍ ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തലിലേക്ക് നീങ്ങാന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു. ഇക്കാര്യം ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു. വെടിനിര്‍ത്തല്‍ വിഷയം സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഇസ്രയേല്‍ കാബിനറ്റ് യോഗം ചേരും. ചില തടസ്സങ്ങള്‍ കൂടി ശേഷിക്കുന്നുണ്ടെങ്കിലും ഏതാനും ദിവസത്തിനകം വെടിനിര്‍ത്തല്‍ ധാരണയുണ്ടാവുമെന്ന് യുഎസിലെ ഇസ്രയേല്‍ അംബാസഡര്‍ മൈക്കിള്‍ ഹെര്‍സോഗ് പറഞ്ഞു. ലബനനും ഇസ്രയേലും വെടിനിര്‍ത്തലിനു ധാരണയായെന്നു യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കരാറിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയില്ല.

യുഎസ് തയാറാക്കിയ വെടിനിര്‍ത്തല്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസ് പ്രതിനിധി എമസ് ഹോക്‌സ്‌റ്റൈന്‍ ലബനനും ഇസ്രയേലും സന്ദര്‍ശിച്ചിരുന്നു. വെടിനിര്‍ത്തല്‍ ശുപാര്‍ശകളോട് അനുകൂല നിലപാടാണ് ഹിസ്ബുല്ല സ്വീകരിച്ചതെന്ന് ലബനന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ലബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കണമെന്നു പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോട് തീവ്രവലതുപക്ഷ നേതാവും ദേശീയ സുരക്ഷാമന്ത്രിയുമായ ഇറ്റമാര്‍ ബെന്‍ ഗിവര്‍ ആവശ്യപ്പെട്ടു. കരാര്‍ റദ്ദാക്കാന്‍ ഇനിയും വൈകിയിട്ടില്ലെന്നും സമ്പൂര്‍ണ വിജയംവരെ യുദ്ധം തുടരണമെന്നും ബെന്‍ ഗിവര്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ച് ലബനാനും പ്രതികരിച്ചിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റേയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെയും നേതൃത്വത്തില്‍ വെടിനിര്‍ത്തലില്‍ തീരുമാനമുണ്ടാകുമെന്നാണ് ലബനാന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ കരാറിന്റെ അടുത്തെത്തിയെന്ന് യു.എസ് ദേശീയ സുരക്ഷവക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

ലബനനില്‍നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്മാറാനും ലബനന്‍ഇസ്രയേല്‍ അതിര്‍ത്തിയില്‍ 2006ലെ യുഎന്‍ രക്ഷാസമിതി പ്രമേയമനുസരിച്ചുള്ള സമാധാനസേനയുടെ കാവല്‍ തുടരാനുമാണു യുഎസ് നിര്‍ദേശം. എന്നാല്‍, സുരക്ഷാപ്രശ്‌നമുണ്ടായാല്‍ ലബനനില്‍ എവിടെയും കടന്ന് ഹിസ്ബുല്ലയെ ആക്രമിക്കാന്‍ അനുവദിക്കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ലബനാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 17 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍, കിഴക്കന്‍ ലബനാനിലാണ് ആക്രമണങ്ങള്‍ നടന്നത്. കിഴക്കന്‍ ലബനീസ് ഗവര്‍ണറേറ്റായ ബാല്‍ബേക്ക്-ഹെര്‍മെലില്‍ നടന്ന ആ?ക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ എട്ട് പേര്‍ നാബി ചിറ്റിലെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിന് നേരെ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹെര്‍മലിലാണ് മറ്റ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്.

ഇതുകൂടാതെ കിഴക്കന്‍ ലബനാനില്‍ നടന്ന ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരേക്ക് ഗ്രാമത്തില്‍ മൂന്ന് പേരും ഐന്‍ ബാലില്‍ രണ്ടും ഗാസിയേഹില്‍ 10 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടയറിയില്‍ നടന്ന വ്യോമാക്രമണത്തില്‍ 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ എട്ട് മുതല്‍ ഹിസ്ബുല്ലയുടെ നേതൃത്വത്തിലുള്ള സൈന്യം ഇസ്രായേലിനെതിരെ ആക്രമണം നടത്തുകയാണ്. ഇസ്രായേലി സമൂഹത്തിനെതിരെയും മിലിറ്ററി പോസ്റ്റുകള്‍ക്കുമെതിരെയാണ് അവരുടെ ആക്രമണം. ഗസ്സയിലെ യുദ്ധത്തെ പിന്തുണച്ചാണ് ഹിസ്ബുല്ലയുടെ ആക്രമണങ്ങള്‍.

Tags:    

Similar News