ഇസ്രായേലിന് നേരെ ലെബനാനില്‍ നിന്ന് റോക്കറ്റാക്രമണം; ആറ് റോക്കറ്റുകളില്‍ അഞ്ചെണ്ണം പ്രതിരോധിച്ചെന്ന് സേന; നിരവധി ഡ്രോണുകളും എത്തിയെന്ന് റിപ്പോര്‍ട്ട്; ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ വനിതാ ബന്ദി കൊല്ലപ്പെട്ടു
ഇസ്രായേലിന് നേരെ ലെബനാനില്‍ നിന്ന് റോക്കറ്റാക്രമണം
വാഷിങ്ടണ്‍: ഇസ്രായേലിനെ ലക്ഷ്യമിട്ട് ലബനാനില്‍ നിന്നും റോക്കറ്റ് ആക്രമണം. ആറ് റോക്കറ്റുകള്‍ എത്തിയെന്ന് ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചു. അതേസമയം സെന്‍ട്രല്‍ ഇസ്രായേലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതില്‍ അഞ്ചെണ്ണം പ്രതിരോധിച്ചുവെന്നും ഒരെണ്ണം മൈതാനത്ത് പതിച്ചുവെന്നും ഇസ്രായേല്‍ സേന വ്യക്തമാക്കി.
അതേസമയം, ആക്രമണത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി വിവരമില്ല. റോക്കറ്റ് ആക്രമണത്തില്‍ വടക്കന്‍ തെല്‍ അവീവിലെ നെതന്യ, ഹെര്‍സിലിയ എന്നിവിടങ്ങളില്‍ സൈറണ്‍ മുഴങ്ങുകയും ചെയ്തു. നിരവധി ഡ്രോണുകളും ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗലീലി മേഖലയെ ലക്ഷ്യമിട്ടായിരുന്നു ഡ്രോണാക്രമണം. കൂടുതല്‍ ആക്രമണങ്ങള്‍ ഇസ്രായേലിന് നേരെ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് ശ്രമം നടക്കുന്നതിനിടെ, ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ലബനാനില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയിരുന്നു. ശനിയാഴ്ച ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ എട്ടുനില കെട്ടിടം പൂര്‍ണമായും തകര്‍ന്നു. 11 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിസ്ബുല്ലയുടെ അല്‍ മനാര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
പുലര്‍ച്ച നാലിന് അഞ്ച് മിസൈലുകള്‍ ഉപയോഗിച്ച് തലസ്ഥാനമായ ബൈറൂത്തിലെ ബാസ്തയിലുള്ള അല്‍ മാമൂന്‍ തെരുവിലായിരുന്നു ആക്രമണം. കെട്ടിടം നിലനിന്ന ഭാഗത്ത് ആക്രമണത്തെ തുടര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. തൊട്ടടുത്ത കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശനഷ്ടമുണ്ടായതിന്റെ ദൃശ്യങ്ങള്‍ അല്‍ ജദീദ് ചാനല്‍ പുറത്തുവിട്ടു. മുന്നറിയിപ്പില്ലാതെയായിരുന്നു മിസൈല്‍ പ്രയോഗം. മൂന്ന് കനത്ത സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായി എ.എഫ്.പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ വടക്കന്‍ ഗസ്സയില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ ബന്ദി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. വനിത ബന്ദിയാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ബന്ദികളില്‍ ചിലരുടെ അവസ്ഥ എന്തെന്ന് അറിയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ബന്ദി കൊല്ലപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനാണെന്നും ഹമാസ് ആരോപിച്ചു.
അതേസമയം, കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് പ്രതികരിച്ചു. സുരക്ഷാ മന്ത്രിസഭയുടെ യോഗ തീരുമാനങ്ങള്‍ ഉള്‍പ്പെടെ സുപ്രധാന വിവരങ്ങള്‍ ചിലര്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് നെതന്യാഹു രംഗത്തുവന്നു. തന്നെ താറടിക്കാന്‍ നടന്ന ശ്രമങ്ങള്‍ ഇസ്രായേലിന്റെ സുരക്ഷക്കാണ് ഭീഷണിയായതെന്നും നെതന്യാഹു പറയുന്നു. രഹസ്യ രേഖ ചോര്‍ത്തല്‍ സംഭവത്തില്‍ അറസ്റ്റിലായ തന്റെ സഹായി നിരപരാധിയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. എന്നാല്‍, നെതന്യാഹുവിന്റെ വാദങ്ങള്‍ പരിഹാസ്യമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡിന്റെ പ്രതികരണം.
ബൈറൂത്തിലും മറ്റും ആക്രമണം തുടരുന്നതിനിടെ, ലബനാനില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ സുരക്ഷാ സമിതി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്ക സമര്‍പ്പിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ ഇസ്രായേല്‍ സൈനിക നേതൃത്വം പിന്തുണക്കുന്നുണ്ട്. എന്നാല്‍, നെതന്യാഹു കടുംപിടിത്തം തുടരുകയാണ്. ആരോഗ്യ സംവിധാനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും ഇസ്രായേല്‍ ആസത്രിതമായി ലക്ഷ്യമിടുന്നതായി ലബനാന്‍ സര്‍ക്കാര്‍ ആരോപിച്ചു.