കുടിയേറ്റക്കാരിലെ കൊടും കുറ്റവാളികളോട് ദാക്ഷിണ്യമില്ല; അധോലോക സംഘത്തിലെ പതിനേഴ് പേരെ നാടുകടത്തി ട്രംപ് ഭരണകൂടം; നാടുകത്തിയത് എല്‍സാല്‍വദോറിലേക്ക്; സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരായ നടപടിയെന്ന് വാദം

കുടിയേറ്റക്കാരിലെ കൊടും കുറ്റവാളികളോട് ദാക്ഷിണ്യമില്ല; അധോലോക സംഘത്തിലെ പതിനേഴ് പേരെ നാടുകടത്തി ട്രംപ് ഭരണകൂടം

Update: 2025-04-01 09:02 GMT

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അധോലോക സംഘാംഗങ്ങള്‍ എന്ന് കരുതപ്പെടുന്ന പതിനേഴ് പേരെ കൂടി ട്രംപ് ഭരണകൂടം നാട് കടത്തി. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് പല കോടതികളിലും കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇവരെ നാട് കടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ട്രെന്‍ ഡി അരാഗ്വ, എംഎസ്-13 എന്നീ സംഘങ്ങളിലെ അംഗങ്ങള്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുളളതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു.

എന്നാല്‍ ഇവര്‍ മുഴുവന്‍ പേരും എല്‍സാല്‍വഡോര്‍ സ്വദേശികള്‍ അല്ലെന്നും കുറേ പേര്‍ വെനിസ്വേലക്കാര്‍ ആണെന്നുമാണ് എല്‍സാല്‍വഡോര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. 1798ലെ യുദ്ധകാലത്ത് മാത്രം ഉപയോഗിച്ചിരുന്ന നിയമമായ ഏലിയന്‍ എനിമീസ് ആക്ട് പ്രകാരമാണ് ഇപ്പോള്‍ അമേരിക്കയില്‍ പലരേയും നാടുകടത്തുന്നത്. എന്നാല്‍ ഇത്തരം നടപടികള്‍ നിര്‍ത്തലാക്കാന്‍ കഴിഞ്ഞ മാസം ഒരു കോടതി ഉത്തരവിട്ടിരുന്നു.

എന്നാല്‍ അമേരിക്കന്‍ ഭരണകൂടം പറയുന്നത് ഇവരെ നാടുകടത്തിയത് പൊതു കുടിയേറ്റ നിയമപ്രകാരം ആണെന്നാണ്. ഇവരില്‍ പലരും കൊലപാതകികളും ബലാത്സംഗ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഉണ്ടെന്നാണ് മാര്‍ക്കോ റൂബിയോ അറിയിച്ചത്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങളോ കുറ്റകൃത്യങ്ങളെ കുറിച്ചോ വിശദാംശങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.

എല്‍ സാല്‍വഡോര്‍ പ്രസിഡന്റ് നയിബ് ബുക്കെലെ സമൂഹമാധ്യമമായ എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ചങ്ങലയിട്ട പുരുഷന്മാരെ വിമാനത്തില്‍ നിന്ന് ഇറക്കി ജയില്‍ സെല്ലുകളിലേക്ക് മാറ്റുന്നതിന് മുമ്പ് അവരുടെ തല മൊട്ടയടയ്ക്കുന്നത് കാണാമായിരുന്നു. ഇതില്‍ കാണുന്ന പലരും വന്‍ കൊലപാതകികളും നിരവധി കുററകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും ആണെന്നും ആറ് പേര്‍ കുട്ടികളെ ബലാത്സംഗം ചെയ്തവരും ആണെന്നാണ് ് നയിബ് ബുക്കെലെ വ്യക്തമാക്കുന്നത്.

ഭീകരതയ്ക്കും സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വീഡിയോ റീപോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരക്കാര്‍ അമേരിക്കയിലേക്ക് കടന്നുകയറാനുള്ള ഉത്തരവാദി മുന്‍ പ്രസിഡന്റ് ജോബൈഡന്‍ ആണെന്നും ക്രിമിനലുകളെ ജയിലില്‍ അടച്ച എല്‍സാല്‍വഡോര്‍ പ്രസിഡന്റിന് നന്ദിയും ട്രംപ് രേഖപ്പെടുത്തി.

ഇവരെ സ്വീകരിക്കാനായി എല്‍സാല്‍വഡോറിന് അമേരിക്ക ആറ് മില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. എന്നാല്‍ അധോലോകവുമായി ബന്ധമുണ്ടെന്ന പേരില്‍ ജയിലില്‍ അടച്ച ചിലരുടെ ബന്ധുക്കള്‍ അവര്‍ നിരപരാധികളാണെന്നാണ് വാദിക്കുന്നത്. നൂറിലധികം വെനിസ്വേല്ക്കാരെ നാടുകടത്താനായി ട്രംപ് ഏലിയന്‍ എനിമീസ് ആക്ടാണ്

പ്രയോഗിച്ചത്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് വാഷിംഗ്ടണിലെ ഒരു കോടതി ഇക്കാര്യം തടഞ്ഞിരുന്നു. നാട്കടത്തുന്നതിനായി പുറപ്പെട്ട വിമാനങ്ങള്‍ മടക്കി അയയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും നാടുകടത്തല്‍ നടപടികള്‍ തുടരുകയാണ്. കോടതിയില്‍ ഈ കേസിലെ അടുത്ത വാദം വ്യാഴാഴ്ചയാണ് നടക്കുന്നത്.

Tags:    

Similar News