ഇനി രണ്ട് ദിവസം കൂടി മാത്രം; ഇഞ്ചോടിഞ്ച് മത്സരം; ഹമാസ് വിരുദ്ധര്‍ പൂര്‍ണമായും ട്രമ്പിനൊപ്പം; ഇസ്രായേല്‍ വിരുദ്ധര്‍ കമലക്കൊപ്പവും; ഫലം അറിയുന്നത് എപ്പോള്‍? ഈ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് ഫലം ലോകത്തെ എങ്ങനെ മാറ്റിമറിക്കും?

Update: 2024-11-03 05:42 GMT

വാഷിങ്ടണ്‍: പ്രസിഡന്റ് ജോ ബൈഡന്‍ ഒഴിയുന്ന വൈറ്റ് ഹൗസിലേക്ക് ഇനി ആരെത്തും, വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്സോ, മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപോ വീറും വാശിയും നിറഞ്ഞ പ്രചാരണങ്ങള്‍ക്കൊടുവില്‍ അമേരിക്ക നവംബര്‍ അഞ്ചിന് വിധിയെഴുതും. 41 ദശലക്ഷത്തിലധികം അമേരിക്കക്കാര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. സമീപകാല ചരിത്രത്തിലെ ഏറ്റവും തീവ്രമായ തിരഞ്ഞെടുപ്പിനാണ് അമേരിക്ക കളമൊരുങ്ങുന്നത്.

ജോര്‍ജിയ, മിഷിഗണ്‍ അടക്കം ഏഴു സ്റ്റേറ്റുകളിലെ ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുക. ഹമാസ് വിരുദ്ധര്‍ പൂര്‍ണമായും ട്രമ്പിനൊപ്പമാണ്. ഇസ്രായേല്‍ പിന്തുണ നല്‍കുന്നത് കമലയ്ക്കും. ഇസ്രായേലിന് നല്‍കുന്ന പിന്തുണയെ തുടര്‍ന്ന് ഇവിടുത്തെ അറബ് അമേരിക്കക്കാരുടെ എതിര്‍പ്പ് മറികടന്ന് വോട്ട് നേടുകയെന്നത് കമലയ്ക്ക് മുന്നിലെ കടമ്പയാണ്.

അരിസോനയിലെ വോട്ടുകളില്‍ കമലയും ട്രമ്പും ഒപ്പത്തിനൊപ്പമാണ്. എന്നാല്‍ നെവാഡ ട്രംപിന് അനുകൂലമായി വിധിയെഴുതാനാണ് സാധ്യത. ട്രംപിന് അനുകൂലമായിരുന്ന നോര്‍ത്ത് കരോലൈന ഇക്കുറി കമലയ്‌ക്കൊപ്പം പോയേക്കുമെന്നാണ് സൂചന. കറുത്ത വര്‍ഗക്കാര്‍ ഏറെയുള്ള ഇവിടെ 16 ഇലക്ടറല്‍ കോളേജ് വോട്ടുകളുണ്ട്.

യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നവംബര്‍ 5 നാണ്. പക്ഷേ, ഫലം അന്നുതന്നെ അറിയണമെന്നില്ല. ആദ്യത്തെ ഫലസൂചനകള്‍ മാറിമറിയും. ചുവപ്പ് നീലയാവും, നീല ചുവപ്പാവും. ചുരുക്കത്തില്‍ ദിവസങ്ങളെടുത്തേക്കും വിജയിച്ചത് ആരെന്നറിയാന്‍. കാരണം, പേപ്പര്‍ ബാലറ്റുകളാണ് എണ്ണേണ്ടത്. 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ നവംബര്‍ മൂന്നിന് വോട്ടെണ്ണല്‍ നടന്ന് നാല് ദിസങ്ങള്‍ക്ക് ശേഷമാണ് ഫലപ്രഖ്യാപനം നടന്നത്.

2016ലാകട്ടെ, വോട്ടെടുപ്പിന് പിറ്റേദിവസം രാവിലെ തന്നെ ഹിലാരി ക്ലിന്റണ്‍ ഡോണള്‍ഡ് ട്രംപിനോട് തോറ്റുവെന്ന പ്രഖ്യാപനം വന്നു. അതേസമയം തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി അസോസിയേറ്റഡ് പ്രസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ അന്നു രാത്രിയോ പിറ്റേ ദിവസമോ ഫലസൂചനകള്‍ പ്രഖ്യാപിച്ചേക്കും. 2025 ജനുവരി 20നാണ് പുതിയ പ്രസിഡന്റ് വൈറ്റ് ഹൗസില്‍ ചുമതലയേറ്റെടുക്കുക. അടുത്ത നാല് വര്‍ഷമാണ് കാലാവധി.

യുഎസ് സാമ്പത്തികസ്ഥിതി, ജോ ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍, കൊവിഡ് 19, ഗാസ യുദ്ധം, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അമേരിക്കല്‍ സൈന്യത്തിന്റെ പിന്മാറ്റം, ഗര്‍ഭഛിദ്രാവകാശം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ഇരു പാര്‍ട്ടികളുടെയും പ്രചരണ വിഷയം.

Tags:    

Similar News