യഹിയ സിന്‍വര്‍ മാളത്തിന് പുറത്തേക്കോ? ചാവേര്‍ ആക്രമണങ്ങള്‍ പുനരാരംഭിക്കണമെന്ന് ആഹ്വാനം ചെയ്‌തെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്; 20 വര്‍ഷം മുമ്പ് ഹമാസ് ഉപേക്ഷിച്ച തന്ത്രം വീണ്ടും പൊടിതട്ടി എടുക്കുന്നത് ഇസ്രായേലിനും തലവേദന

യഹിയ സിന്‍വര്‍ മാളത്തിന് പുറത്തേക്കോ?

Update: 2024-10-12 04:46 GMT

ടെല്‍ അവീവ്: ഗാസയിലെ തുരങ്കങ്ങളില്‍ പെരുച്ചാഴിയെ പോലെ ഒളിച്ചു കഴിഞ്ഞിരുന്ന ഹമാസ് നേതാവ് യഹിയ സിന്‍വറിന് എന്തുപറ്റിയെന്ന ചോദ്യം കുറച്ചുകാലമായി ഉയരുന്നുണ്ട്. സിന്‍വര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകളും ഇടക്കാലം കൊണ്ട് പുറത്തുവന്നു. എന്നാല്‍ ,അങ്ങനെയല്ല സിന്‍വര്‍ ജീവിച്ചിരിപ്പുണ്ടെന്ന വിധത്തിലാണ് പിന്നീട് വന്ന വാര്‍ത്തകള്‍. ഹമാസ് തലവനായി നിയോഗിക്കപ്പെട്ട സിന്‍വര്‍ ഇപ്പോള്‍ ഇസ്രായേലിനെതിരെ കൂടുതല്‍ ആക്രമണത്തിന് പദ്ധതിയിട്ടു എന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാര്‍ത്തകള്‍.

ചാവേര്‍ സ്‌ഫോടനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സിന്‍വര്‍ ആഹ്വാനം ചെയ്‌തെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. 20 വര്‍ഷം മുമ്പ് ഹമാസ് ഉപേക്ഷിച്ച തന്ത്രമാണിത്. ഇസ്രയേലുമായുള്ള സംഘര്‍ഷം തീവ്രമായ സാഹചര്യത്തില്‍ ഹമാസ് കമാന്‍ഡര്‍മാര്‍ക്ക് യഹിയ നിര്‍ദ്ദേശം നല്‍കിയതായി അറബ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

2000കളുടെ തുടക്കത്തില്‍ ഹമാസിന്റെ വലിയ തന്ത്രമായിരുന്നു ചാവേര്‍ സ്‌ഫോടനങ്ങള്‍. രാഷ്ട്രീയ ഒറ്റപ്പെടലുണ്ടാകുമെന്ന് ആശങ്കയിലാണ് പിന്നീട് ഇതവസാനിപ്പിച്ചത്. 2024 ജൂലായില്‍ ഇറാനില്‍ നടന്ന ബോംബാക്രമണത്തില്‍ മുന്‍ നേതാവ് ഇസ്മായില്‍ ഹനിയയുടെ മരണശേഷമാണ് യഹിയ സിന്‍വര്‍ ഹമാസിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തുത്. സിന്‍വര്‍ സ്ഥാനമെടുത്തതിന് ശേഷം ഹമാസിന്റെ ഭാഗത്ത് നിന്നുണ്ടായ അതിനിര്‍ണായകമായ തീരുമാനമാണിത്.

സെപ്തംബര്‍ 21-ന് ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വര്‍ കൊല്ലപ്പെട്ടതായാണ് അനുമാനിക്കപ്പെട്ടിരുന്നത്. വാര്‍ത്തകള്‍ പ്രചരിച്ച് ഏതാനും ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം സംഘടനയിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നതായി വാര്‍ത്താ ചാനലായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമാക്കിയാണ് അന്ന് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിനുശേഷം സിന്‍വറെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം, ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനുനേരെ നടത്തിയ ആക്രമണത്തില്‍ തെല്ലും പശ്ചാത്താപമില്ലെന്ന് സിന്‍വര്‍ പറഞ്ഞതായി വെള്ളിയാഴ്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞ് തന്നെ കാണാന്‍ എത്തിയവരോടാണ് സിന്‍വര്‍ തന്റെ നിലപാട് അറിയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സിന്‍വര്‍ ആയിരുന്നു.

സായുധ ആക്രമണത്തിലൂടെ മാത്രമേ പലസ്തീന്‍ എന്ന സ്വതന്ത്രരാഷ്ട്രം സാധ്യമാകൂ എന്നാണ് 62-കാരനായ സിന്‍വറിന്റെ കാഴ്ചപ്പാട് എന്നും അദ്ദേഹത്തെ കണ്ടു എന്ന് വെളിപ്പെടുത്തിയവര്‍ പറയുന്നു. നാല് പലസ്തീന്‍ ഉദ്യോഗസ്ഥരും മധ്യപൂര്‍വേഷ്യയിലെ രണ്ട് ഔദ്യോഗിക വക്താക്കള്‍ സിന്‍വറിനെ കണ്ടതായും ഇക്കാര്യങ്ങള്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നേരത്തേ ഇയാള്‍ ഹമാസ് നിര്‍മ്മിച്ച ഒരു തുരങ്കത്തിനുള്ളിലൂടെ കടന്ന് പോകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് പുറത്ത് വന്ന വാര്‍ത്തകള്‍ സൂചിപ്പിച്ചത് സിന്‍വര്‍ പെണ്‍വേഷം ധരിച്ച് ഗാസയിലെ ഏതോ അഭയാര്‍ത്ഥി ക്യാമ്പില്‍ സ്ത്രീകള്‍ക്കൊപ്പം കഴിയുന്നു എന്നായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ഇയാള്‍ ഇസ്രയേല്‍ ആക്രമണത്തെ ഭയന്ന് ഇപ്പോള്‍ നടക്കുന്നത് ഇസ്രേയലില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന 20 ബന്ദികളെ ചുറ്റും നിര്‍ത്തി ആണെന്നാണ്. ഏത് നിമിഷവും പൊട്ടിത്തറിക്കാന്‍ കണക്കാക്കി വലിയൊരു ഡൈനാമിറ്റ് ബാഗുമായിട്ടാണ് യാഹ്യാ സിന്‍വര്‍ ജീവിക്കുന്നത്.

25 കിലോ ഡൈനാമിറ്റാണ് ഇയാള്‍ ഈ ബാഗില്‍ സൂക്ഷിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇയാളെ വധിക്കാന്‍ നിരവധി അവസരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചു എങ്കിലും അകമ്പടിക്കായി നിര്‍ത്തിയിട്ടുള്ള ബന്ദികളുടെ ജീവനെ കരുതിയാണ് ഈ ഉദ്യമം വിജയിക്കാതെ പോയതെന്നാണ് ഇസ്രയേല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട വന്ന ബന്ദികളില്‍ 97 പേര്‍ ഇപ്പോഴും അവരുടെ കസ്റ്റഡിയില്‍ തന്നെയാണ് എന്നാണ് കരുതപ്പെടുന്നത്. ബന്ദികളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ ഇനിയും വ്യക്തമായ ധാരണ ആര്‍ക്കുമില്ല.

തീവ്രവാദികള്‍ക്ക് നേരേ നാല്‍പ്പതിനായിരത്തിലധികം ആക്രമണങ്ങളാണ് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടത്തിയത്. ഹമാസിന്റെ 4700 തുരങ്കങ്ങള്‍ തകര്‍ക്കുകയും ആയിരത്തിലധികം റോക്കറ്റ് ലോഞ്ചറുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിന്റെ പ്രമുഖ നേതാക്കളായ മുഹമ്മദ് ദെയ്ഫും സാലേ അല്‍ അറൗറിയും പിന്നെ ഭീകരസംഘടനയുടെ തലവന്‍ ഇസ്മായില്‍ ഹനിയയും എല്ല്ാം കൊല്ലപ്പെട്ട് കഴിഞ്ഞു. ഇസ്മയില്‍ ഹനിയയുടെ വധത്തെ തുടര്‍ന്നാണ് യാഹ്യാ സിന്‍വറെ ഹമാസ് തലവനായി തെരഞ്ഞെടുത്തത്.

അടുത്ത കൂട്ടക്കൊല എങ്ങനെ നടത്താം എന്നതിനെ കുറിച്ചുള്ള ചിന്തയിലാണ് യാഹ്യാ സിന്‍വര്‍ എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇയാള്‍ ഒളിത്താവളങ്ങളില്‍ മാറി മാറി താമസിക്കുന്നതും ഇയാളെ പിടികൂടുന്നതിന് തടസമാകുന്നത്. ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ ഉപയോഗിച്ചാല്‍ മൊസാദ് ആ സന്ദേശങ്ങള്‍ പിടിച്ചെടുക്കും എന്ന് ഭയപ്പെടുന്ന സിന്‍വര്‍ കടലാസില്‍ എഴുതിയാണ് വിശ്വസ്തരുടെ കൈവശം വിവരങ്ങള്‍ അറിയിക്കുന്നത്. അമേരിക്ക ഇയാളെ 2015 ല്‍ ഏറ്റവും വലിയ ഭീകരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Tags:    

Similar News