ഇന്ത്യക്കെതിരെ ശത്രുതാ മനോഭാവത്തില്‍ ട്രംപിന്റെ നീക്കങ്ങള്‍; ഇന്ത്യക്കും ചൈനയ്ക്കുമേല്‍ 500 ശതമാനം തീരുവക്ക് ട്രംപിന്റെ അംഗീകാരം; റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തണമെന്ന് ആവശ്യം; മൂന്ന് രാജ്യങ്ങള്‍ക്കും മേലുള്ള സാമ്പത്തിക ബങ്കര്‍ ബസ്റ്ററാണ് റഷ്യന്‍ ഉപരോധ ബില്ലെന്ന് യുഎസ് സെനറ്റര്‍; യുഎസിന്റെ ഭീഷണിക്ക് വഴങ്ങാതെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യയും

ഇന്ത്യക്കെതിരെ ശത്രുതാ മനോഭാവത്തില്‍ ട്രംപിന്റെ നീക്കങ്ങള്‍

Update: 2025-07-02 06:18 GMT

വാഷിംഗ്ടണ്‍: ഇന്ത്യയുടെ അടുത്ത സുഹൃത്തെന്ന് നടിക്കുന്ന ഡൊണാള്‍ഡ് ട്രംപില്‍ നിന്നും കുറച്ചുകാലമായി ഇന്ത്യക്ക് അത്ര നല്ല അനുഭവങ്ങളല്ല ഉണ്ടാകുന്നത്. സാമ്പത്തിക കാര്യങ്ങളില്‍ അടക്കം ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്ന നയമാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഇന്ത്യക്കെതിരെ നികുതി ഭീഷണി ഉയര്‍ത്തിയ ട്രംപ് യുഎസ്-ഇന്ത്യ വ്യാപാര കരാര്‍ ഉണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ കരാര്‍ ഇന്ത്യന്‍ നയങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന ആശങ്കയും ശക്തമാണ്. ഇതിനിടെ റഷ്യയുടെ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ വീണ്ടും നിലപാട് സ്വീകരിക്കുകയാണ് ട്രംപ്.

റഷ്യയുടെ എണ്ണ, ഊര്‍ജ്ജ ഉത്പന്നങ്ങള്‍ വാങ്ങുന്ന ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ സാദ്ധ്യതയുള്ള സെനറ്റ് ബില്ലിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അംഗീകാരം നല്‍കി. റഷ്യയില്‍ നിന്നും വന്‍തോതില്‍ എണ്ണ വാങ്ങുന്ന ഇന്ത്യക്ക്ഈ തീരുമാനം വലിയ തിരിച്ചടിയാണ്. ഉപരോധ ബില്ലുകള്‍ വോട്ടിന് വയ്ക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചതായി യുഎസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം വെളിപ്പെടുത്തി. യുക്രെയിന്‍ വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെ ചര്‍ച്ചയ്ക്കായി എത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ട്രംപിന്റെ നിര്‍ദേശമെന്നും നിര്‍ണായകമാണെന്നും സെനറ്റര്‍ വ്യക്തമാക്കി.

'നിങ്ങള്‍ യുക്രെയിനെ സഹായിക്കാതെ റഷ്യയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍ അമേരിക്കയിലേയ്ക്ക് വരുന്ന നിങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്തപ്പെടും. പുട്ടിന്റെ എണ്ണ 70 ശതമാനവും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്. അദ്ദേഹത്തിന്റെ യുദ്ധ ഉപകരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് അവരാണ്. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് ചൈന, ഇന്ത്യ, റഷ്യ എന്നിവര്‍ക്കെതിരായ സാമ്പത്തിക ബങ്കര്‍ ബസ്റ്ററാണ് റഷ്യന്‍ ഉപരോധ ബില്‍. ബില്ലിന് 84 സഹസ്പോണ്‍സര്‍മാരുണ്ട്. ബില്‍ പാസാകുമെന്നാണ് കരുതുന്നത്'- ഗ്രഹാം വ്യക്തമാക്കി.

സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്റി ക്‌ളീന്‍ എയറിന്റെ 2025 മേയിലെ കണക്കുകള്‍ പ്രകാരം റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങളുടെ രണ്ടാമത്തെ ഏറ്റവും വലിയ ഇടപാടുകാരനാണ് ഇന്ത്യ. മേയില്‍ 4.2 ബില്യണ്‍ യൂറോയുടെ ഇന്ധനമാണ് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. മൊത്ത ക്രൂഡ് ഓയിലിന്റെ 72 ശതമാനവും ഇന്ത്യ വാങ്ങിയിരുന്നു. അതേസമയം, യുഎസ് ഉപരോധ ബില്ലിനെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടുവെന്നും വിഷയം പരിഗണിക്കുകയാണെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

യുഎസിന്റെ സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാതെ റഷ്യന്‍ ക്രൂഡ് ഓയില്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയിരുന്നു ഇന്ത്യ. ജൂണില്‍ ഇതുവരെ പ്രതിദിനം ശരാശരി 22 ലക്ഷം ബാരല്‍ വീതം റഷ്യന്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്‌തെന്നും ഇതു രണ്ടുവര്‍ഷത്തെ ഉയരമാണെന്നും വിപണിനിരീക്ഷകരായ കെപ്ലറിന്റെ കണക്കുകള്‍ വ്യക്തമാക്കി. ഇതാകട്ടെ ഇറാക്ക്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള സംയോജിത പ്രതിദിന ശരാശരിയേക്കാള്‍ കൂടുതലുമാണ്. മേയില്‍ പ്രതിദിനം ശരാശരി 19.6 ലക്ഷം ബാരല്‍ വീതം റഷ്യന്‍ എണ്ണയായിരുന്നു ഇന്ത്യ വാങ്ങിയത്.

പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് തടസ്സമുണ്ടായേക്കാമെന്ന വിലയിരുത്തലും വന്‍തോതില്‍ റഷ്യന്‍ എണ്ണയെ ആശ്രയിക്കാന്‍ ഇന്ത്യന്‍ കമ്പനികളെ പ്രേരിപ്പിച്ചു. സംഘര്‍ഷം രൂക്ഷമായാല്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി നടക്കുന്ന മുഖ്യ കടല്‍പ്പാതയാണ് ഇറാന്റെ സ്വാധീനത്തിലുള്ള ഹോര്‍മുസ്.

2022 ഫെബ്രുവരി മുതലാണ് ഇന്ത്യ റഷ്യന്‍ എണ്ണ കൂടുതലായി വാങ്ങിത്തുടങ്ങിയത്. റഷ്യ യുക്രെയ്‌നുനേരെ യുദ്ധം ആരംഭിക്കുകയും റഷ്യക്കുമേല്‍ യുഎസും യൂറോപ്യന്‍ യൂണിയനും മറ്റ് പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ഇത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റഷ്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നത് പിന്നീട് 40 ശതമാനത്തിലേക്കുവരെ കുതിച്ചുകയറിയിരുന്നു.

റഷ്യയുടെ യൂറല്‍സ് ഗ്രേഡ് ക്രൂഡ് ഓയിലാണ് ഇന്ത്യ ഏറ്റവുമധികം വാങ്ങുന്നത്. 2025ല്‍ ഇതുവരെ യൂറല്‍സ് എണ്ണയുടെ 80 ശതമാനം വാങ്ങിയതും ഇന്ത്യയാണ്. ഇതില്‍ത്തന്നെ സ്വകാര്യ എണ്ണവിതരണക്കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസും നയാര എനര്‍ജിയുമാണ് മുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജൂണ്‍ 24 വരെയുള്ള കണക്കുപ്രകാരം ഇന്ത്യ 241 മില്യന്‍ ബാരല്‍ യൂറല്‍സ് ഇറക്കുമതി ചെയ്തു. റഷ്യയുടെ മൊത്തം യൂറല്‍സ് കയറ്റുമതിയില്‍ 45 ശതമാനവും വാങ്ങിയത് റിലയന്‍സും നയാരയുമാണ്. റിലയന്‍സിന്റെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ യൂറല്‍സിന്റെ വിഹിതം 2022ലെ 10 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 36 ശതമാനമായി കൂടി. നയാരയുടേത് 27ല്‍ നിന്നുയര്‍ന്ന് 72 ശതമാനവുമായി.

പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവ ഗള്‍ഫ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, യുഎസ് എന്നിവയെയാണ് ഇപ്പോള്‍ പ്രധാനമായും ക്രൂഡ് ഓയിലിനായി ആശ്രയിക്കുന്നത്. ഇവയ്ക്ക് റഷ്യന്‍ കമ്പനികളുമായി ദീര്‍ഘകാല കരാറുകള്‍ ഇല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇന്ത്യയ്ക്കുള്ള റഷ്യന്‍ എണ്ണയുടെ ഡിസ്‌കൗണ്ട് ബാരലിന് 4 ഡോളറില്‍ നിന്ന് 2 ഡോളറായി കുറഞ്ഞിട്ടുണ്ട്.

ഇതിനിടയാണ് റഷ്യന്‍ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേല്‍ 500% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിക്കുന്ന ബില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് യുഎസ്. അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാനാണ് ഇന്ത്യയുടെ തീരുമാനം.

Tags:    

Similar News