സ്റ്റീല്‍-കാര്‍ ഇറക്കുമതിയില്‍ ബ്രിട്ടന് നികുതിയിളവ് പ്രഖ്യാപിച്ച് ട്രംപ്; അമേരിക്കയ്ക്ക് ബ്രിട്ടന്‍ വക ഇളവുകളും: ടാറ്റാ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ പൂട്ടലില്‍ നിന്നും രക്ഷപ്പെട്ടു: ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍
സ്റ്റീല്‍-കാര്‍ ഇറക്കുമതിയില്‍ ബ്രിട്ടന് നികുതിയിളവ് പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടണ്‍: യു കെ യുടെ വളര്‍ച്ച ത്വരിതഗതിയിലാക്കുന്ന, കരാര്‍ എന്ന് അമേരിക്കയും ബ്രിട്ടനും തമ്മില്‍ ഉണ്ടാക്കിയ പുതിയ കരാറിനെ ട്രംപ് വിശേഷിക്കുമ്പോള്‍, ബ്രിട്ടീഷ് സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചു എന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആരോപിക്കുന്നത്. ഇരു കൂട്ടര്‍ക്കും പ്രയോജനപ്രദമായിരിക്കും എന്ന് ട്രംപ് പറയുമ്പോള്‍, വന്‍ ടാരിഫുകളില്‍ നിന്നും ഇളവുകള്‍ ലഭിച്ചതില്‍ ബ്രിട്ടീഷ് വ്യാപാര- വ്യവസായ സമൂഹവും ആശ്വാസം രേഖപ്പെടുത്തുന്നു. സ്റ്റീ, കാര്‍ എന്നിവയ്ക്ക് മേല്‍ ചുമത്തിയിരുന്ന തീരുവ കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചപ്പോള്‍, അതിനു പകരമായി കാര്‍ഷിക വിപണിയിലുണ്ടായിരുന്ന ലെവികളും നിയന്ത്രണങ്ങളും ബ്രിട്ടനും കുറയ്ക്കും.
പലരും വര്‍ഷങ്ങളായി നേടാന്‍ ശ്രമിച്ചുകൊണ്ടിരുന്ന കാര്യമാണ് താനിപ്പോള്‍ നേടിയെടുത്തതെന്ന് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ അവകാശപ്പെട്ടു. എന്നാല്‍, വൈറ്റ്ഹൗസില്‍ കൊമേഴ്സ് സെക്രട്ടറി ഉയര്‍ത്തിക്കാട്ടിയ ചാര്‍ട്ട് പറയുന്നത്, അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം യു കെയുടെ മേലുള്ള ടാരിഫ് മൂന്നിരട്ടിയായി എന്നും ബ്രിട്ടന്‍ അവരുടെ ടാരിഫ് പകുതിയായി കുറച്ചു എന്നുമാണ്. ബ്രിട്ടീഷുകാര്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന് കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബെയ്ഡ്‌നോക്ക് ആരോപിച്ചു. ലേബര്‍ നേതാക്കള്‍ എപ്പോള്‍ ചര്‍ച്ചകള്‍ നടത്തിയാലും രാജ്യത്തിന് നഷ്ടമെ ഉണ്ടാകാറുള്ളു എന്നും അവര്‍ ചൂണ്ടിക്കാട്ടി.
അമേരിക്കന്‍ പ്രസിഡണ്ടുമായി സംസാരിച്ചതിന് ശേഷം സ്റ്റാര്‍മര്‍ ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സോളിഹള്‍ പ്ലാന്റിലുള്ള തൊഴിലാളികളെ വിളിച്ച്, ചര്‍ച്ചകള്‍ നടത്തുമ്പോള്‍ നിങ്ങളായിരുന്നു എന്റെ മനസ്സില്‍ എന്ന് പറഞ്ഞു. പുതിയ കരാര്‍ വഴി കമ്പനി പൂട്ടുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നും, അതുകൊണ്ടു തന്നെ, ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയുമെന്നും കമ്പനി വക്താക്കളും പറഞ്ഞു.
പുതിയ കരാര്‍ അനുസരിച്ച്, കാറുകള്‍ക്ക് മേല്‍ ചുമത്തിയ 25 ശതമാനം തീരൂവ 10 ശതമാനമായി കുറയ്ക്കും. പക്ഷെ പ്രതിവര്‍ഷം 1 ലക്ഷം കാറുകള്‍ക്ക് മാത്രമെ ഈ ഇളവ് ലഭിക്കുകയുള്ളു,. ഓരോ വര്‍ഷവും ബ്രിട്ടനില്‍ നിന്നും 1 ലക്ഷത്തില്‍ അല്പം കൂടുതല്‍ കാറുകളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നത് എന്നതിനാല്‍, ഈ പരിധി ബ്രിട്ടീഷ് കാര്‍ നിര്‍മ്മാണ മേഖലയില്‍ വലിയ വ്യത്യാസമൊന്നുമുണ്ടാക്കില്ല. ബ്രിട്ടീഷ് നിര്‍മ്മിത കാറുകളുടെ, യൂറോപ്പ് കഴിഞ്ഞാല്‍ പിന്നീടുള്ള രണ്ടാമത്തെ വലിയ വിപണിയാണ് അമേരിക്ക.
ഉരുക്കിനുള്ള തീരുവയും കുറച്ചിട്ടുണ്ട്. അതിനു പകരമായി, കാര്‍ഷിക മേഖലയിലേക്ക് യു എസ്സിന് പ്രവേശനം അനുവദിച്ചിട്ടുണ്ട്. പക്ഷെ ഭക്ഷണ വസ്തുക്കളുടെ നിലവാരത്തില്‍ ഒരു വിട്ടുവീഴ്ചക്കുംതയ്യാറാകില്ല എന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഏകദേശം ഒരു മാസം നീണ്ട ചര്‍ച്ചക്കൊടുവില്‍ ഒപ്പുവച്ച കരാറില്‍ ബ്രിട്ടീഷ് നിര്‍മ്മിത റോള്‍സ്‌റോയ്‌സ് എഞ്ചിനുകളെ ടാരിഫില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.