ഉസ്മാന്‍ ഹാദിയുടെ കൊലപാതകികളെ കണ്ടെത്താനായില്ല; അവസരം മുതലാക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍; കരുതലോടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി; ഉസ്മാന്‍ ഹാദിയെ വെടിവെച്ചതായി ആരോപിക്കപ്പെടുന്ന ഫൈസല്‍ കരീമിന് രണ്ട് തവണ ജാമ്യത്തിനായി വാദിച്ചത് ജമാഅത്തെ ഇസ്ലാമി നേതാവ്
ഉസ്മാന്‍ ഹാദിയുടെ കൊലപാതകികളെ കണ്ടെത്താനായില്ല; അവസരം മുതലാക്കാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍
ന്യൂഡല്‍ഹി: കടുത്ത ഇന്ത്യ വിരുദ്ധ തീവ്രവാദ നേതാവും ധാക്ക-8 മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ഷരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന കാര്യത്തില്‍ അവ്യക്തതകള്‍ തുടരുന്നു. പ്രതികളെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല. കാറില്‍ സഞ്ചരിക്കവേ അജ്ഞാതരായ ബൈക്ക് യാത്രക്കാരുടെ വെടിയേറ്റു കൊല്ലപ്പെട്ട യുവനേതാവിന്റെ മരണത്തിനു പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ ഇതുവരെ ബംഗ്ലാദേശ് പോലീസ്നു സാധിച്ചിട്ടില്ല.
ഫെബ്രുവരിയില്‍ ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുണ്ടായ കൊലപാതകം രാഷ്ട്രീയക്കൊടുങ്കാറ്റ് ഉയര്‍ത്തിവിടുമെന്നു തീര്‍ച്ചയാണ്. നിലവില്‍ നിരോധിക്കപ്പെട്ട ഷെയ്ഖ് ഹസീനയുടെ അവാമി ലീഗോ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബിഎന്‍പി)യോ ഇതു തിരഞ്ഞെടുപ്പ് ചര്‍ച്ചയാക്കില്ല. അതേസമയം, രാജ്യത്ത് പിടിമുറുക്കിക്കൊണ്ടിരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ അവസരം മുതലാക്കുമോ എന്ന ആശങ്കയും ശക്തമാണ്.
ഉസ്മാന്‍ ഹാദിയെ വെടിവെച്ചതായി ആരോപിക്കപ്പെടുന്ന ഫൈസല്‍ കരീമിന് രണ്ട് തവണ ജാമ്യത്തിനായി വാദിച്ചത് ജമാഅത്തെ ഇസ്ലാമി നേതാവും സുപ്രീം കോടതി അഭിഭാഷകനുമായ മുഹമ്മദ് ഷിഷിര്‍ മോനിയാണെന്ന് ബിഎന്‍പി നേതാവും മുന്‍ എംപിയുമായ നിലോഫര്‍ ചൗധരി മോനി ആരോപിച്ചു. 'ഹാദിയെ വെടിവെച്ചയാള്‍ക്ക് രണ്ട് തവണ ജാമ്യം കിട്ടാന്‍ സഹായിച്ചത് മുഹമ്മദ് ഷിഷിര്‍ മോനിയാണ്. ഞാന്‍ ഇത് ഉത്തരവാദിത്തത്തോടെ പറയുന്നു. ഞാന്‍ കൂടുതല്‍ സംസാരിച്ചാല്‍, എനിക്ക് സുരക്ഷിതമായി വീട്ടില്‍ പോകാന്‍ കഴിയില്ല. ഞങ്ങള്‍ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതി ഇതിനല്ല.' നിലോഫര്‍ ചൗധരി പറഞ്ഞു.
അതേസമയം, പുറത്തായ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നിരോധിക്കപ്പെട്ട അവാമി ലീഗുമായി ഫൈസല്‍ കരീമിനെ ബന്ധപ്പെടുത്തി ഇന്ത്യാവിരുദ്ധ വികാരങ്ങള്‍ ഇളക്കിവിടാന്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഫൈസല്‍ കരീം ഇന്ത്യയിലേക്കു കടന്നുവെന്നതിനു തെളിവില്ലെന്ന് ബംഗ്ലാദേശ് പോലീസ് പറയുന്നു.
യുഎസ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബറില്‍ നടത്തിയ സര്‍വേയില്‍ 33% പേര്‍ ബിഎന്‍പിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍, 29% ജമാഅത്ത് ഇസ്ലാമിക്കാണ് പിന്തുണ നല്‍കുന്നത്. അതേസമയം, 53% പേര്‍ ജമാഅത്തെയെ ഇഷ്ടപ്പെടുന്നു എന്നു രേഖപ്പെടുത്തിയപ്പോള്‍ ബിഎന്‍പിയെ 51% പേരാണ് പിന്തുണച്ചത്.
ഷെയ്ഖ് ഹസീന വിരുദ്ധ ഇന്‍ക്വിലാബ് മഞ്ചിന്റെ വക്താവ് കൂടിയായിരുന്നു ഇന്ത്യാവിരുദ്ധ തീവ്രവാദ നേതാവായിരുന്ന ഉസ്മാന്‍ ഹാദി . ഡിസംബര്‍ 12-ന് മുഖംമൂടി ധരിച്ച, ബൈക്കിലെത്തിയ തോക്കുധാരികളാണ് ഇയാളെ വെടിവെച്ചത്. പ്രതിയായ ഫൈസല്‍ കരീം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടതായി തീവ്രവാദ ഗ്രൂപ്പുകള്‍ അന്നുമുതലേ പ്രചാരം തുടങ്ങിയിരുന്നു. ഫെസല്‍ കരീം മസൂദിനെതിരെ കണ്ടെത്താന്‍ രാജ്യവ്യാപകമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും രാജ്യം വിട്ടുപോകുന്നത് തടയാന്‍ ധാക്ക കോടതി യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഡിസംബര്‍ 12-ന് ധാക്കയില്‍ വെച്ചാണ് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഹാദിക്ക് വെടിയേറ്റത്. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അക്രമികള്‍ ഹാദിയുടെ തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഹാദിയെ ആദ്യം ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഡിസംബര്‍ 15-ന് സിംഗപ്പൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2024-ലെ ബംഗ്ലാദേശി വിദ്യാര്‍ഥി പ്രക്ഷോഭത്തിലെ പ്രമുഖ വ്യക്തിത്വമായിരുന്ന ഹാദി.
അതിനിടെ പുതിയ ബംഗ്ലാദേശിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധവും ഉലച്ചിലാണ്. കോണ്‍സുലര്‍, വിസാ സേവനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചതായി ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ വിസ അപേക്ഷാ കേന്ദ്രത്തിന്റെ (ഐവിഎസി) പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയാണ് നീക്കം. ഷരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് സംഘര്‍ഷഭരിതമായ സാഹചര്യത്തിലായിരുന്നു ഇന്ത്യയുടെ തീരുമാനം.
'ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാല്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ നിന്നുള്ള കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു', ഹൈക്കമീഷന്‍ ഓഫീസിന് പുറത്ത് പതിച്ച നോട്ടീസില്‍ പറയുന്നു. ചിറ്റഗോങ് നഗരത്തിലെ ഖുല്‍ഷി മേഖലയില്‍ എഎച്ച്സിഐക്ക് സമീപം നടന്ന പ്രതിഷേധങ്ങളായിരുന്നു ഇന്ത്യയുടെ നീക്കത്തിന് പിന്നില്‍. സാഹചര്യം വിലയിരുത്തുന്നതുവരെ ചിറ്റഗോങ്ങിലെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് ഐവിഎസി പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു. സാഹചര്യം വിലയിരുത്തിയതിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
