ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ പടയൊരുക്കമോ? ദക്ഷിണ ചൈനാക്കടലിലെ അഭ്യാസങ്ങളില്‍ നിന്ന് യുഎസ് നാവികവ്യൂഹം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങുന്നതായി സ്ഥിരീകരിച്ചു ട്രംപ്; പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ നല്‍കുന്നത് നിര്‍ത്തിയതായി ഇറാന്‍ അറിയിച്ചതോടെ പിന്തിരിഞ്ഞ ട്രംപ് നിലപാട് കടുപ്പിക്കുമ്പോള്‍

ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ പടയൊരുക്കമോ?

Update: 2026-01-23 05:35 GMT

വാഷിങ്ടണ്‍: ഇറാനെതിരെ യുഎസ് സൈനിക നീക്കത്തിന് ഒരുങ്ങുന്നതായി സൂചനകള്‍. ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായി തുടരുന്നതിനിടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ യുഎസ് നാവിക സന്നാഹം ഗള്‍ഫ് മേഖലയിലേക്ക് നീങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. സൈനിക നടപടികള്‍ക്ക് സാധ്യത കുറവാണെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് പറഞ്ഞത്. ഇതിന് വിരുദ്ധമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഇറാന്‍ നിര്‍ത്തിയതായി അറിയിച്ചതിനെ തുടര്‍ന്നാണ് സൈനിക നീക്കമുണ്ടാകില്ലെന്ന് ട്രംപ് നിലപാട് മയപ്പെടുത്തിയത്.

ദക്ഷിണ ചൈനാക്കടലിലെ അഭ്യാസങ്ങളില്‍ നിന്ന് യുഎസ്എസ് എബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിനെ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റാന്‍ ഉത്തരവിട്ടതായി കഴിഞ്ഞയാഴ്ച യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. 'ഞങ്ങള്‍ ഇറാനെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്,' സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ നിന്ന് തിരിച്ചെത്തുന്നതിനിടെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വലിയ നാവികസന്നാഹം ഇറാനിലേക്ക് നീങ്ങുന്നതായും ചിലപ്പോള്‍ ആ സന്നാഹത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധക്കാരെ തൂക്കിലേറ്റുന്നത് തടയാന്‍ ഇറാനെതിരെ ബലം പ്രയോഗിക്കുമെന്ന തന്റെ ഭീഷണി 837 പേരെ തൂക്കിലേറ്റുന്നതില്‍ നിന്ന് തടഞ്ഞുവെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഇറാനുമായുള്ള ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി. ബുധനാഴ്ച ഇറാനിയന്‍ അധികൃതര്‍ പ്രതിഷേധത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടു. സമീപ ദിവസങ്ങളില്‍ പ്രതിഷേധങ്ങളില്‍ കുറവ് വന്നതായാണ് റിപ്പോര്‍ട്ട്. ഇതിനോടകം 3,117 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകളിലുള്ളത്. എന്നാല്‍ യഥാര്‍ഥ മരണസംഖ്യ ഇതിലും വളരെ കൂടുതലായിരിക്കാം എന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

പണപ്പെരുപ്പം, കറന്‍സിയുടെ മൂല്യത്തകര്‍ച്ച, ജീവിതച്ചെലവ് വര്‍ധിച്ചത് എന്നിവ മുന്‍നിര്‍ത്തിയുള്ള ജനങ്ങളുടെ പ്രതിഷേധം ഇറാനിലെ ഭരണമാറ്റത്തിലേക്ക് അമേരിക്ക വഴിതിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇറാന്‍ ഭരണകൂടം ആയിരക്കണക്കിന് ആളുകളെ വധിച്ചതായി അമേരിക്ക ആരോപിച്ചു. എന്നാല്‍ ഇരു ഭാഗത്തും നാശനഷ്ടങ്ങളുണ്ടായതായും രാജ്യത്തെ നിരവധി പൊതുസംവിധാനങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തതായും ഇറാന്‍ പ്രതികരിച്ചു.

സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ സൈനീക നീക്കങ്ങള്‍ സജീവമാക്കുകയാണ് അമേരിക്ക. ദക്ഷിണ ചൈനാ കടലിലുണ്ടായിരുന്ന വിമാനവാഹിനിക്കപ്പല്‍ 'യുഎസ്എസ് എബ്രഹാം ലിങ്കണ്‍' മൂന്ന് ഡിസ്‌ട്രോയറുകള്‍ക്കൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യന്‍ മേഖലയെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നതെന്ന് സ്ഥിരീകരണമില്ലെങ്കിലും ദിവസങ്ങള്‍ മാത്രം ദൂരെയാണ് മേഖല.

Tags:    

Similar News