ട്രംപിന്റെ ഭീഷണിക്ക് വിരല്‍ കാഞ്ചിയില്‍ വെച്ച് മറുപടിയുമായി ഇറാന്‍; ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക മിസൈലാക്രമണം നടത്തിയാല്‍ മിഡില്‍ ഈസ്റ്റിന്റെ ഭൂപടം മാറിയേക്കും; ഭരണമാറ്റവും സംഭവിച്ചാല്‍ അരാജകത്വത്തിലേക്ക് വഴിതെളിയും; ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലാകും; എണ്ണവില കുതിക്കും; യുദ്ധമുണ്ടായാല്‍ എന്തു സംഭവിക്കുമെന്ന ആശങ്കയില്‍ ലോകം

ട്രംപിന്റെ ഭീഷണിക്ക് വിരല്‍ കാഞ്ചിയില്‍ വെച്ച് മറുപടിയുമായി ഇറാന്‍

Update: 2026-01-30 05:24 GMT

ടെഹ്‌റാന്‍: ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി പടര്‍ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് മുറുകുകയാണ്. 'മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത വിധം പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന' അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാന്‍ സൈന്യവും നിലപാട് കടുപ്പിച്ചു കൊണ്ടാണ് മറുപടി നല്‍കിയത്.

അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്. വേഗത്തിലുള്ളതും ശക്തവുമായ തിരിച്ചടി നല്‍കാന്‍ ഇറാന്‍ സായുധ സേന സജ്ജമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇറാാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന ഭീഷണി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് അതേനാണയത്തിലുള്ള ഇറാന്റെ മറുപടി.

''ഇറാനെതിരെ കര, കടല്‍, ആകാശം എന്നിങ്ങനെ ഏതുമാര്‍ഗത്തിലൂടെയുള്ള ആക്രമണത്തിനും ഉടനടി ശക്തമായി മറുപടി നല്‍കാന്‍ കാഞ്ചികളില്‍ വിരലമര്‍ത്തിക്കൊണ്ട് തന്നെ നമ്മുടെ ധീരരായ സായുധ സേന സജ്ജരായിക്കഴിഞ്ഞു''- അബ്ബാസ് അരാഗ്ചി ബുധനാഴ്ച വൈകുന്നേരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്.

അതേസമയം ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക മിസൈലാക്രമണം നടത്തിയാല്‍ മിഡില്‍ ഈസ്റ്റിന്റെ ഭൂപടം തന്നെ മാറുന്ന രീതിയിലുള്ള പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഗള്‍ഫ് മേഖലയില്‍ അനിശ്ചിതത്വം ഉണ്ടാകുന്നത് ലോകകത്ത് സാമ്പത്തിക പ്രതിസന്ധികള്‍ക്കും വഴിവെക്കും. യുഎസ് ആക്രമണമുണ്ടായാല്‍ ഇറാന്റെ ഭാവി എന്താകുമെന്നത് സംബന്ധിച്ച് അഞ്ച് പ്രധാന സാധ്യതകളാണ് ലോകമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്:

1. ഭരണമാറ്റമോ അതോ അരാജകത്വമോ?

അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ കരുത്തുറ്റ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡിന് കനത്ത ആഘാതമേറ്റാല്‍ ഭരണകൂടം തകര്‍ന്നേക്കാം. ഇത് ഒരു ജനാധിപത്യ മാറ്റത്തിന് വഴിയൊരുക്കുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ലിബിയയിലും ഇറാഖിലും സംഭവിച്ചത് പോലെ രാജ്യം വലിയ ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പുകുത്താനാണ് സാധ്യതയേറെയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

2. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കും; എണ്ണവില കുതിക്കും

ലോകത്തെ എണ്ണനീക്കത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കാനായിരിക്കും ഇറാന്റെ ആദ്യ നീക്കം. കടലിടുക്കില്‍ മൈനുകള്‍ വിരിച്ചും ഡ്രോണുകള്‍ ഉപയോഗിച്ചും കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തിയാല്‍ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരും. ഇത് ലോകരാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കും.

3. തിരിച്ചടി ഗള്‍ഫ് രാജ്യങ്ങളിലേക്ക്?

യുഎസ് ആക്രമണത്തിന് മറുപടിയായി ഖത്തറിലും ബഹ്റൈനിലുമുള്ള അമേരിക്കന്‍ സൈനിക താവളങ്ങളെ ഇറാന്‍ ലക്ഷ്യമിട്ടേക്കാം. കൂടാതെ മേഖലയിലെ അമേരിക്കന്‍ സഖ്യകക്ഷികളായ സൗദി അറേബ്യയുടെയും മറ്റും എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കും സാധ്യതയുണ്ട്. അതുകൊണ്ടാണ് യുദ്ധത്തെ തടുക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സജീവമായി രംഗത്തുവരുന്നത്.

4. സൈനിക സ്വേച്ഛാധിപത്യം

ഭരണകൂടത്തിന് ആഘാതമേറ്റാല്‍ സിവിലിയന്‍ ഭരണത്തിന് പകരം റവല്യൂഷണറി ഗാര്‍ഡ് നേരിട്ട് അധികാരം പിടിച്ചെടുക്കാനും ഇറാന്‍ ഒരു സമ്പൂര്‍ണ്ണ സൈനിക രാഷ്ട്രമായി മാറാനും സാധ്യതയുണ്ട്.

5. വിട്ടുവീഴ്ചയുടെ പാത

ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായാല്‍ നിലനില്‍പ്പിനായി ഇറാന്‍ ആണവ പദ്ധതികള്‍ ഉപേക്ഷിക്കാനും ചര്‍ച്ചകള്‍ക്ക് തയ്യാറാകാനും സാധ്യതയുണ്ടെങ്കിലും ഇറാന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത് കുറവാണെന്നാണ് വിലയിരുത്തല്‍. ഇറാന്റെ ആണവ കേന്ദ്രങ്ങളെയും മിസൈല്‍ താവളങ്ങളെയും ഉന്നം വെച്ചുള്ള നീക്കങ്ങള്‍ അമേരിക്കന്‍ ആലോചനയിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും, തങ്ങളുടെ വിരല്‍ 'കാഞ്ചിയിലാണെന്നാണ്' ഇറാന്‍ സൈന്യം ആവര്‍ത്തിക്കുന്നത്. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്‌നിപര്‍വ്വതത്തിന് മുകളിലാണ് ഇപ്പോള്‍ ഗള്‍ഫ് നാടുകള്‍.

യുഎസ് യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടു

ആണവ പദ്ധതി സംബന്ധിച്ച പുതിയ കരാറിന് വഴങ്ങിയില്ലെങ്കില്‍ സൈനിക നടപടി ഉണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയ കപ്പല്‍ പടയാണ് ഇറാനെ നേരിടാന്‍ സജ്ജമാക്കിയതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളും അത് അടിച്ചമര്‍ത്താന്‍ ഇറാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികളുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.

2025 ഡിസംബറില്‍ ആരംഭിച്ച പ്രതിഷേധങ്ങളില്‍ ഇതിനോടകം അയ്യായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് നയതന്ത്ര ബന്ധം കൂടുതല്‍ വഷളായത്. ഇറാനെ ലക്ഷ്യമാക്കി പശ്ചിമേഷ്യന്‍ തീരത്തേക്ക് അമേരിക്ക വമ്പന്‍ നാവികപ്പടയെ അയച്ചിരിക്കുകയാണ്.

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള ഈ സന്നാഹത്തില്‍ അയ്യായിരത്തിലധികം നാവികരും എഫ്-35 യുദ്ധവിമാനങ്ങളും മിസൈല്‍ ഡിസ്ട്രോയറുകളും ഉള്‍പ്പെടുന്നു. ഇറാന്‍ ഭരണകൂടം തങ്ങളുടെ ജനങ്ങളെ കൊല്ലുന്നത് തുടര്‍ന്നാല്‍ 'അതിശക്തമായ സൈനിക നടപടി' നേരിടേണ്ടി വരുമെന്നാണ് ട്രംപ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. തന്റെ ഇടപെടല്‍ മൂലം നൂറുകണക്കിന് ആളുകളുടെ വധശിക്ഷ തടയാന്‍ കഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെടുന്നു.

അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാന്‍. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടേണ്ടതില്ലെന്നും, ആക്രമണമുണ്ടായാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ സൈനിക മേധാവികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അയല്‍രാജ്യങ്ങള്‍ തങ്ങളുടെ മണ്ണ് ഇറാനെതിരെ ഉപയോഗിക്കാന്‍ അമേരിക്കയെ അനുവദിക്കരുതെന്നും അല്ലാത്തപക്ഷം അവരെ ശത്രുരാജ്യങ്ങളായി കണക്കാക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സംഘര്‍ഷം മുസ്ലിം രാജ്യങ്ങളുമായുള്ള യുഎസിന്റെ ബന്ധത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കുന്നുണ്ട്. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ മേഖലയില്‍ ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധം ഒഴിവാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനെതിരായ സൈനിക നടപടിക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് യുഎഇ ഇതിനോടകം വ്യക്തമാക്കി. ഇത് അമേരിക്കയുടെ മേഖലയിലെ സ്വാധീനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ അത് ആഗോള സാമ്പത്തിക രംഗത്തെ തകിടം മറിക്കും. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെടുന്നത് ഇന്ധനവില കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. കൂടാതെ, മേഖലയിലെ ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകാനും ഇത് വഴിതെളിക്കും.

സമാധാനപരമായ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാന്‍ ട്രംപ് താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, സൈനിക വിന്യാസം വര്‍ദ്ധിപ്പിക്കുന്നത് യുദ്ധഭീതി വര്‍ദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളും രാജ്യാന്തര ഇടപെടലുകളും ഈ സംഘര്‍ഷത്തിന്റെ ഗതി നിര്‍ണയിക്കും എന്നാണ് നയതന്ത്ര വിദഗ്ധര്‍ പൊതുവേ വിലയിരുത്തുന്നത്.

Tags:    

Similar News