ബ്രിട്ടനെ പിടിച്ചുകുലുക്കി 'എപ്സ്റ്റീന്‍' ലൈംഗിക വിവാദം; കീര്‍ സ്റ്റാമറുടെ കസേര തെറിക്കുമോ? പകരക്കാരിയായി ഒരു ഇന്ത്യന്‍ വംശജ? ഷബാന മഹ്‌മൂദ് ബ്രിട്ടന്റെ ആദ്യ മുസ്ലിം പ്രധാനമന്ത്രിയാകാന്‍ സാധ്യത; പദവി ഒഴിയില്ലെന്ന വാശിയില്‍ സ്റ്റാര്‍മര്‍; ലണ്ടനില്‍ ലേബര്‍ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി; ആരാണ് ഷബാന മഹ്‌മൂദ് ?
ആരാണ് ഷബാന മഹ്‌മൂദ് ?
ലണ്ടന്‍: വിവാദ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള പീറ്റര്‍ മണ്ടേല്‍സണെ യുഎസ് അംബാസഡറായി നിയമിച്ചതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ കടുത്ത പ്രതിസന്ധിയില്‍. സ്റ്റാമര്‍ രാജിവെക്കണമെന്ന ആവശ്യവുമായി ലേബര്‍ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതോടെ ബ്രിട്ടനിലെ അധികാര സമവാക്യങ്ങള്‍ മാറാന്‍ സാധ്യതയേറി. ഇതോടെ, ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദിന് അടുത്ത പ്രധാനമന്ത്രിയായി നറുക്ക് വീഴുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നു.
പ്രതിസന്ധിയിലായി സ്റ്റാമര്‍
എപ്സ്റ്റീനുമായുള്ള മണ്ടേല്‍സന്റെ ബന്ധം നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതായിരുന്നു. യുഎസ് അംബാസഡറായുള്ള മണ്ടേല്‍സന്റെ നിയമനത്തിന് ഉപദേശം നല്‍കിയ പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫും കമ്മ്യൂണിക്കേഷന്‍ ഡയറക്ടറും ഇതിനോടകം രാജിവെച്ചെങ്കിലും, പ്രധാനമന്ത്രി കൂടി മാറണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിമര്‍ശകര്‍. സ്‌കോട്ടിഷ് ലേബര്‍ പാര്‍ട്ടി നേതാവ് അനസ് സര്‍വാര്‍ അടക്കമുള്ള പ്രമുഖ സഖ്യകക്ഷികള്‍ സ്റ്റാമറുടെ രാജി പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.
രാജി തള്ളി സ്റ്റാര്‍മര്‍
എപ്‌സ്്റ്റീന്‍ ലൈംഗിക വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന രാജി ആവശ്യങ്ങള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ തള്ളി. രാജ്യത്ത് മാറ്റത്തിനായുള്ള ജനവിധിയാണ് തന്നെ പദവിയിലെത്തിച്ചതെന്നും, ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലേബര്‍ പാര്‍ട്ടി എം.പിമാരുടെ യോഗത്തിലാണ് സ്റ്റാര്‍മര്‍ തന്റെ നിലപാട് അറിയിച്ചത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു.
യു.എസ് സ്ഥാനപതിയായി സ്റ്റാര്‍മര്‍ നിയമിച്ച പീറ്റര്‍ മാന്‍ഡല്‍സണിനെതിരെ എപ്‌സ്‌റ്റൈന്‍ ഫയലുകളില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രധാനമന്ത്രിയുടെ രാജി ആവശ്യം ശക്തമായത്.
ആരാണ് ഷബാന മഹ്‌മൂദ്?
സ്റ്റാമര്‍ രാജിവെക്കുകയാണെങ്കില്‍ പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്ന പേര് നിലവിലെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദിന്റേതാണ്. ഇതോടെ ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം പ്രധാനമന്ത്രിയാകാന്‍ ഷബാനയ്ക്ക് സാധ്യത തെളിയുന്നു. 1980-ല്‍ ബര്‍മിംഗ്ഹാമില്‍ ജനിച്ച ഷബാനയുടെ മാതാപിതാക്കള്‍ പാക് അധീന കാശ്മീരില്‍ നിന്നുള്ളവരാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് നിയമബിരുദം നേടിയ അവര്‍ അറിയപ്പെടുന്ന ഒരു ബാരിസ്റ്റര്‍ കൂടിയാണ്.
2010-ല്‍ ബര്‍മിംഗ്ഹാമില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അവര്‍ ബ്രിട്ടനിലെ ആദ്യ മുസ്ലിം വനിതാ എംപിമാരില്‍ ഒരാളാണ്. ജസ്റ്റിസ് സെക്രട്ടറി, ലോര്‍ഡ് ചാന്‍സലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി എന്ന നിലയില്‍ കുടിയേറ്റം തടയാന്‍ അവര്‍ സ്വീകരിക്കുന്ന കര്‍ശന നിലപാടുകള്‍ പാര്‍ട്ടിയിലെ വലതുപക്ഷക്കാര്‍ക്കിടയില്‍ അവര്‍ക്ക് വലിയ സ്വീകാര്യത നല്‍കുന്നു.
എന്താണ് എപ്സ്റ്റീന്‍ ഫയല്‍സ് വിവാദം?
യുഎസ് കോണ്‍ഗ്രസ് പുറത്തുവിട്ട പുതിയ രേഖകള്‍ പ്രകാരം, 2008-ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് പീറ്റര്‍ മണ്ടേല്‍സണ്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ ജെഫ്രി എപ്സ്റ്റീന് ചോര്‍ത്തി നല്‍കിയെന്ന് ആരോപിക്കപ്പെടുന്നു. ഈ കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തില്‍ മണ്ടേല്‍സന്റെ വസതികളില്‍ യുകെ പോലീസ് റെയ്ഡ് നടത്തി. പൊതു ഓഫീസില്‍ ഇരുന്ന് കുറ്റകരമായ സ്വഭാവദൂഷ്യം കാണിച്ചതിനാണ് 72-കാരനായ മണ്ടേല്‍സനെതിരെ അന്വേഷണം നടക്കുന്നത്.
19 മാസം മാത്രം പ്രായമുള്ള തന്റെ ഭരണകാലത്ത് ഏറ്റവും വലിയ വെല്ലുവിളിയാണ് കീര്‍ സ്റ്റാമര്‍ നേരിടുന്നത്. അഞ്ചു വര്‍ഷത്തെ ജനവിധി പൂര്‍ത്തിയാക്കുമെന്ന് ഡൗണിംഗ് സ്ട്രീറ്റ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഷബാന മഹ്‌മൂദിന്റെ നേതൃത്വത്തില്‍ ഒരു പുതിയ മാറ്റത്തിന് ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
