ഹമാസ് തലവന്‍ യഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടോ? ഒളിത്താവളത്തില്‍ പതിയിരിക്കുന്നതിനിടെ ഇസ്രയേലിന്റെ നിരന്തര ആക്രമണത്തിന് ഇരയായോ? റിപ്പോര്‍ട്ടുകളുമായി ഇസ്രയേലി മാധ്യമങ്ങള്‍

ഹമാസ് തലവന്‍ യഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടോ?

Update: 2024-09-23 10:53 GMT

ജറുസലേം: ഹമാസ് തലവന്‍ യഹ്യാ സിന്‍വര്‍ ശരിക്കും ജീവിച്ചിരിപ്പുണ്ടോ ? ലോകമെമ്പാടും ഉയരുന്ന ചോദ്യമാണിത്. ഇത് സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടുമായി രംഗത്ത് എത്തിയിരിക്കുന്നത് പ്രമുഖ ഇസ്രയേല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേലാണ്. ദീര്‍ഘകാലമായി ഇയാളെ കുറിച്ച് യാതൊരു അറിവും ഇല്ലാത്ത സാഹചര്യത്തില്‍ ഒരു പക്ഷെ സിന്‍വര്‍ ഇതിനോടകം കൊല്ലപ്പെട്ടിരിക്കാം എന്നാണ് റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിക്കുന്നത്.

എന്നാല്‍ യഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടു എന്നത് സംബന്ധിച്ച് യാതൊരു തെളിവുകളും ഇനിയും ലഭിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ട് പറയുന്നു. നിരവധി ഹീബ്രൂ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ നിരന്തരമായി പുറത്ത് വരുന്നത്. ഇസ്രയേല്‍ സൈന്യം തുടര്‍ച്ചയായി ഗസ്സയില്‍ നടത്തിയ ശക്തമായ ആക്രമണങ്ങളില്‍ ഒരു പക്ഷെ യഹ്യാ സിന്‍വറും കൊല്ലപ്പെട്ടിരിക്കാം എന്നും എന്നാല്‍ തങ്ങളുടെ പക്കല്‍ ഇത് സംബന്ധിച്ച യാതൊരു തെളിവുകളും ഇല്ല എന്നാണ് സൈനിക വൃത്തങ്ങളും പറയുന്നത്.

ഒക്ടോബര്‍ ഏഴ് മുതല്‍ ഇയാളും കുടുംബവും ഒളിത്താവളങ്ങളിലാണ് താമസം എന്നാണ് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗം മനസിലാക്കുന്നത്. ഗസ്സയില്‍ എമ്പാടുമുള്ള ഹമാസിന്റെ തുരങ്കങ്ങളില്‍ എവിടെ ആണ് സിന്‍വറും കുടുംബവും കഴിയുന്നത് എന്നതിന് നേരത്തേ പല സൂചനകളും ലഭിച്ചിരുന്നു. കുടുംബത്തിന്റെ ഒപ്പം ഇയാള്‍ ഒരു തുരങ്കത്തിലൂടെ കടന്ന് പോകുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു.

കഴിഞ്ഞ മാസങ്ങളില്‍ ഹമാസിന്റെ നൂറ് കണക്കിന് ഭൂഗര്‍ഭ തുരങ്കങ്ങളാണ് ഇസ്രയേല്‍ സൈന്യം തകര്‍ത്തത്. എന്നാല്‍ അവിടെ നടത്തിയ പരിശോധനകളില്‍ ഒന്നും യഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടതായി തെളിവുകള്‍ ഒന്നും തന്നെ ഇസ്രയേല്‍ സൈന്യത്തിന് ലഭിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കൂട്ടിവായിക്കേണ്ട മറ്റൊരു പ്രധാന സംഭവം ഹമാസിന്റെ പ്രമുഖനായിരുന്ന മുഹമ്മദ് ദെയ്ഫിന്റെ വധമാണ്. നേരത്തേ ഗസ്സയിലെ തുരങ്കങ്ങളില്‍ ഒളിച്ചു കഴിഞ്ഞിരുന്ന ഇയാള്‍ ഇസ്രയേല്‍ സൈന്യം തുരങ്കങ്ങള്‍ തകര്‍ക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഒളിത്താവളത്തില്‍ നിന്ന് പുറത്ത് വന്ന് ഗസ്സയിലെ ഒരു ഹമാസ് നേതാവിന്റെ വില്ലയില്‍ ഒളിച്ചിരിക്കാന്‍ എത്തിയത്.

എന്നാല്‍ വില്ലയില്‍ എത്തി മണിക്കൂറുകള്‍ക്കകം ഇസ്രയേല്‍ സൈന്യം ദെയ്ഫിനെ വധിക്കുകയായിരുന്നു. ഗസ്സയിലെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന സിന്‍വര്‍ ഹമാസ് തലവനായിരുന്ന ഇസ്മായില്‍ ഹനിയ ടെഹ്റാനില്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഭീകരസംഘടനയുടെ തലവനാകുന്നത്.

യഹ്യാ സിന്‍വര്‍ ഇസ്രയേല്‍ സൈന്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍വേഷം കെട്ടി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഒളിച്ചിരിക്കുകയാണ് എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇസ്രയേലിനെ സംബന്ധിച്ച് സിന്‍വറിനെ ജീവനോടെയോ അല്ലാതെയോ പിടികൂടുക എന്നത് അഭിമാന പ്രശ്നമാണ്. അത് കൊണ്ട് തന്നെ ഇയാള്‍ക്ക് വേണ്ടി സര്‍വ്വശക്തിയുമെടുത്താണ് ഗസ്സയില്‍ തെരച്ചില്‍ നടത്തുന്നത്. ഒരു തരത്തിലുമള്ള വാര്‍ത്താവിനിമയ സംവിധാനം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സിന്‍വര്‍ കടലാസിലാണ് സന്ദേശങ്ങള്‍ എഴുതി നല്‍കുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ചുരുക്കത്തില്‍ യഹ്യാ സിന്‍വര്‍ ജിവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യം ഇപ്പോഴും സ്ഥിരീകരിക്കാനാകാത്ത അവസ്ഥയിലാണ് ഇസ്രയേല്‍.


Tags:    

Similar News