ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും പട്ടികയില്‍; 71 അംഗ പട്ടികയില്‍ സ്പീക്കര്‍ നന്ദ് കിഷോര്‍ യാദവിനെ ഒഴിവാക്കിയത് സുപ്രധാന മാറ്റം; പട്‌ന സാഹിബില്‍ പകരം രത്‌നേഷ് കുശ്വഹ മാറ്റുരയ്ക്കും
ബിഹാറില്‍ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. 71 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. നിലവിലെ ഉപമുഖ്യമന്ത്രിമാരായ സമ്രാട്ട് ചൗധരിയും വിജയ് സിന്‍ഹയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍, 2010 മുതല്‍ പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി വിജയിച്ചുവന്ന നിയമസഭാ സ്പീക്കര്‍ നന്ദ് കിഷോര്‍ യാദവിനെ ഒഴിവാക്കിയത് ശ്രദ്ധേയമായി. അദ്ദേഹത്തിന് പകരം രത്‌നേഷ് കുശ്വഹയെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്.
സമ്രാട്ട് ചൗധരി തരാപൂര്‍ മണ്ഡലത്തില്‍ നിന്നും വിജയ് സിന്‍ഹ ലഖിസരായ് മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ റാം കൃപാല്‍ യാദവിനെ ദാനാപ്പൂരില്‍ നിന്നും, പ്രേം കുമാറിനെ ഗയയില്‍ നിന്നും, മുന്‍ ഉപമുഖ്യമന്ത്രി തര്‍കിഷോര്‍ പ്രസാദിനെ കതിഹാറില്‍ നിന്നും, അലോക് രഞ്ജന്‍ ത്ധായെ സഹര്‍സയില്‍ നിന്നും, മംഗള്‍ പാണ്ഡെയെ സിവാനില്‍ നിന്നും ബിജെപി മത്സരിപ്പിക്കുന്നു. ഹിസുവാ സീറ്റ് നിലനിര്‍ത്തി അനിലിനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കിടെ മുന്നണിയിലുണ്ടായ സീറ്റ് വിഭജന തര്‍ക്കങ്ങള്‍ക്കിടയിലാണ് ബിജെപിയുടെ ഈ നീക്കം. നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിലെ (എന്‍ഡിഎ) കക്ഷികള്‍ തമ്മില്‍ സീറ്റ് വിഭജനത്തെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അനുകൂലമായ തീരുമാനങ്ങളുണ്ടായെന്നും സമ്രാട്ട് ചൗധരി പ്രസ്താവിച്ചിരുന്നു. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന സീറ്റ് വിഭജന പ്രഖ്യാപന യോഗം അവസാന നിമിഷം ബിജെപിക്കും ജെഡിയുവിനും ഇടയിലുണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.ബിജെപിയും, ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിക്കുന്ന സീറ്റ് പങ്കിടല്‍ ഫോര്‍മുല ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
243 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളായി നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 14-നാണ്. ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന 121 സീറ്റുകളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 17 ആണ്. രണ്ടാം ഘട്ടത്തിലെ 122 സീറ്റുകളിലേക്ക് ഒക്ടോബര്‍ 20 വരെ സമയമുണ്ട്.