വഖഫ് ഭേദഗതി നിയമത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ബിജെപി; മുസ്ലിം വിഭാഗത്തിന്റെ ആശങ്ക മാറ്റാന്‍ നിയമത്തിന്റെ ഗുണങ്ങള്‍ വീടുതോറും കയറി വിശദീകരിക്കും; രാജ്യവ്യാപക പ്രചാരണത്തിന് ദേശീയ തലത്തില്‍ സമിതി രൂപീകരിച്ചു; നീക്കം ജെഡിയുവില്‍ ഭിന്നത രൂക്ഷമായതോടെ

വഖഫ് ഭേദഗതി നിയമത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ബിജെപി

Update: 2025-04-10 08:19 GMT

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തെക്കുറിച്ചുള്ള മുസ്ലിം വിഭാഗത്തിന്റെ ആശങ്ക മാറ്റാന്‍ രാജ്യവ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി. വഖഫ് നിയമത്തിന്റെ ഗുണങ്ങളെ കുറിച്ച് വീടുതോറും കയറി ജനങ്ങളോട് വിശദീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വഖഫ് ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ക്കു പ്രത്യേകിച്ച് ബിഹാറിലെ ജെഡിയുവിനു ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. ബിഹാര്‍ തിരിഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിനായിരിക്കും കൂടുതല്‍ പരിഗണന.

പ്രതിപക്ഷ പാര്‍ട്ടികള്‍ വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് ഇത് ചെറുക്കാനുള്ള നീക്കത്തിന് ബിജെപിയും തയ്യാറെടുക്കുന്നത്. പ്രചാരണപരിപാടികള്‍ക്കായി ദേശീയ തലത്തില്‍ ബിജെപി സമിതി രൂപീകരിച്ചു.പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍. അനില്‍ ആന്റണി, അരവിന്ദ് മേനോന്‍, ജമാല്‍ സിദ്ദിഖി എന്നിവര്‍ അംഗങ്ങളാണ്. ദേശീയതലത്തിലെ പ്രചാരണം പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോനാണ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല.

എല്ലാ മണ്ഡലങ്ങളിലും വീട് കയറി പ്രചാരണത്തിനാണ് നിര്‍ദ്ദേശം. സ്ത്രീകളെ ഉള്‍പ്പെടുത്തിയാവും പ്രചാരണ പരിപാടികള്‍ നടത്തുക. മുസ്ലിം വനിതകള്‍ക്കിടയില്‍ പ്രത്യേക പ്രചാരണവുമുണ്ടാകും. സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15ന് തുടങ്ങും. പാര്‍ട്ടിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു പ്രചാരണയോഗത്തില്‍ എങ്കിലും പങ്കെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ബിജെപി ജനറല്‍ സെക്രട്ടറിമാരായ ദുഷ്യന്ത് ഗൗതം, രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം കേരളത്തില്‍നിന്നുള്ള ബിജെപി നേതാവ് അനില്‍ ആന്റണിയും സമിതിയില്‍ ഉണ്ടാകും. സമിതിയിലെ അംഗങ്ങള്‍ക്കായി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേക വര്‍ക്ക്‌ഷോപ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രചാരണ പരിപാടികളില്‍ പറയേണ്ട വഖഫിന്റെ ഗുണങ്ങളെ കുറിച്ച് വര്‍ക്ക്ഷോപ്പില്‍ വിശദീകരിക്കും. വഖഫ് നിയമം ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണത്തിനു തടയിടാനാണ് രാജ്യവ്യാപക പ്രചാരണത്തിനു ബിജെപി തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനം, ജില്ല, പഞ്ചായത്ത് എന്നിങ്ങനെ മൂന്നു തലത്തില്‍ പ്രചാരണം നടത്തും. ഏപ്രില്‍ 20 മുതല്‍ മേയ് അഞ്ച് വരെ ആയിരിക്കും പ്രചാരണം. പാര്‍ട്ടിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു പ്രചാരണ യോഗത്തിലെങ്കിലും പങ്കെടുക്കണമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ നിര്‍ദേശം.

ഇതിനിടെ വഖഫ് നിയമഭേദഗതിയിലെ നിലപാടിനെ ചൊല്ലി ബിജു ജനതാദളില്‍ ചേരിപ്പോര് രൂക്ഷമായി. ബിജെഡിയുടെ രാജ്യസഭ എംപിമാര്‍ക്ക് സ്വന്തം തീരുമാനം അനുസരിച്ച് വോട്ട് ചെയ്യാനുള്ള നിര്‍ദ്ദേശമാണ് പാര്‍ട്ടി നല്‍കിയത്. പലരും പല നിലപാട് സ്വീകരിച്ചതിലാണ് അസംതൃപ്തി പുകയുന്നത്. നടപടി പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഏഴ് മുന്‍ എംഎല്‍എമാര്‍ അദ്ധ്യക്ഷന്‍ നവീന്‍ പട്‌നായിക്കിന് കത്തു നല്‍കി. മതനിരപേക്ഷ നിലപാടില്‍ ബിജെപിക്കുവേണ്ടി ചില നേതാക്കള്‍ വെള്ളംചേര്‍ത്തെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. ഇതിനിടെ നിയമത്തെ അനുകൂലിച്ച് ഹിന്ദുസേന സുപ്രീംകോടതിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി.

അതേസമയം വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍ കെ.വി വിശ്വനാഥന്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍. ഇതിനോടകം 15ലധികം ഹരജികളാണ് വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രിം കോടതിയില്‍ എത്തിയത്.

Tags:    

Similar News