ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി തിരക്കിട്ട ചര്‍ച്ചകള്‍; ആരുമുഖ്യമന്ത്രിയാകും എന്ന ആകാംക്ഷയോടെ ബിജെപി പ്രവര്‍ത്തകര്‍; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രി യുഎസില്‍ നിന്ന് തിരിച്ചെത്തിയ ശേഷമെന്ന് സൂചന; 27 വര്‍ഷത്തിന് ശേഷം ഡല്‍ഹി പിടിച്ചത് വലിയൊരു സംഭവമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി

ഡല്‍ഹി പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മോദി യുഎസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം

Update: 2025-02-09 07:44 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ബിജെപി മുന്നോട്ടുപോകുന്നതിനിടെ, പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രി ഈയാഴ്ച യുഎസില്‍ നിന്ന് തിരിച്ചെത്തിയ ശേഷമെന്ന് സൂചന. എന്‍ ഡി ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം പിടിച്ച ബിജെപി സത്യപ്രതിജ്ഞാ ചടങ്ങ് വലിയൊരു ആഘോഷമായി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ എല്ലാം ചടങ്ങിലേക്ക് ക്ഷണിക്കും.

അതിനിടെ, നിലവിലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷ മര്‍ലേന രാജി കത്ത് നല്‍കി. ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് രാജി കത്ത് നല്‍കിയത്. ഇതിനു പിന്നാലെ ഡല്‍ഹി നിയമസഭ പിരിച്ചുവിട്ടതായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള തിരക്കിട്ട ചര്‍ച്ചകളാണ് അമിത് ഷായുടെ വസതിയില്‍ നടക്കുന്നത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും വസതിയിലെത്തി. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ചിദേവയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനിടെ, അരവിന്ദ് കെജ്രിവാളിനെ തോല്‍പ്പിച്ച ബിജെപി നേതാവ് പര്‍വേഷ് വര്‍മ്മയും കൈലാസ് ഗെഹലോട്ടും ലെഫ്റ്റ്‌നന്റ് ഗവര്‍ണരെ കാണാനെത്തി. ആരായിരിക്കും മുഖ്യമന്ത്രിയെന്നകാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.

ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ചിദേവ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 48 എംഎല്‍എമാരുടെ യോഗം വൈകുന്നേരം വിളിച്ചിട്ടുണ്ട്. മോദിയും, അമിത്ഷായും, നദ്ദയും ശനിയാഴ്ച വൈകിട്ട് ബിജെപി ആസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തെയും സത്യപ്രതിജ്ഞാ ചടങ്ങിനെയും കുറിച്ച് കൂടിയാലോചിച്ചിരുന്നു.

മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടക്കുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്ന് മുന്‍ മുഖ്യമന്ത്രി ആയിരുന്ന സുഷമ സ്വരാജിന്റെ മകള്‍ ബാംസുരിയാണ്. വനിതയെ പരിഗണിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ ബാംസുരിക്ക് സാധ്യത വര്‍ധിക്കും. അതേസമയം മറ്റു പേരുകളും പരിഗണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഒരുപിടി പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി. പ്രാഥമികമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എ.എ.പി. കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് വര്‍മയുടെ പേരാണ് തുടക്കം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനാണ് പര്‍വേശ്. പ്രധാനമന്ത്രി തിങ്കളാഴ്ച വിദേശപര്യടനങ്ങള്‍ക്കായി തിരിക്കുകയാണ്. തിങ്കളാഴ്ച ഫ്രാന്‍സിലേക്ക് പോകുന്ന മോദി, യു.എസ്. സന്ദര്‍ശനവും കഴിഞ്ഞശേഷമേ ഇന്ത്യയില്‍ തിരിച്ചെത്തുകയുള്ളൂ. ഇതിന് മുമ്പ് ഞായറാഴ്ച മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അതല്ലെങ്കില്‍ മോദി തിരിച്ചെത്തിയശേഷം മാത്രമേ പ്രഖ്യാപനമുണ്ടാവുകയുള്ളൂ എന്നാണ് സൂചന. ഇക്കര്യത്തില്‍ തീരുമാനം മോദിയുടേത് തന്നെയാകും. ഡല്‍ഹി ജനതയ്ക്ക് കൊടുത്ത വാക്കു പാലിക്കുക എന്നതാണ് പ്രധാനമായ കാര്യം. അതിലേക്ക് കളം ഒരുക്കുന്ന വിധത്തിലുള്ള മുഖ്യമന്ത്രിയെയാണ് ഡല്‍ഹിക്ക് വേണ്ടത്.

ഡല്‍ഹിയിലെ സിറ്റിങ് എം.പിമാരില്‍ ഒരാളെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തേക്കുമെന്നാണ് ഉയര്‍ന്നുകേള്‍ക്കുന്ന ഒരു അഭ്യൂഹവും ഉയരുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റും പിടിച്ചെടുത്ത ബി.ജെ.പി ഇത്തവണ ആറ് സീറ്റിലും പുതുമുഖങ്ങളെയായിരുന്നു മത്സരിപ്പിച്ചത്. അങ്ങനെയെങ്കില്‍ ഈസ്റ്റ് ഡല്‍ഹി എം.പിയും കേന്ദ്രസഹമന്ത്രിയുമായ ഹര്‍ഷ് മല്‍ഹോത്ര, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി എം.പി. മനോജ് തിവാരി, എന്നിവരുടെ പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ട്.

വിജയിച്ച് നിയമസഭയില്‍ എത്തിയവരില്‍ നിന്നുതന്നെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയാണെങ്കില്‍ പര്‍വേശ് വര്‍മയ്ക്ക് പുറമേ പ്രതിപക്ഷനേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ വിജേന്ദ്ര ഗുപ്ത, സതീഷ് ഉപാധ്യായ എന്നീ പേരുകളും പരിഗണിക്കും. ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരെന്ന നിലയിലടക്കമുള്ള ഭരണപരിചയമാണ് ഇരുവര്‍ക്കും സാധ്യത നല്‍കുന്നത്..

വനിതകളില്‍ നിന്നാണ് മുഖ്യമന്ത്രിയെ പരിഗണിക്കുന്നതെങ്കില്‍ ഷാലിമാര്‍ബാഗില്‍നിന്ന് വിജയിച്ച രേഖ ശര്‍മ, എ.എ.പി. മന്ത്രി സൗരഭ് ഭരദ്വാജിനെ പരാജയപ്പെടുത്തിയ ശിഖ റായ് എന്നിവര്‍ക്കും സാധ്യതയുണ്ട്. മധ്യപ്രദേശിനും ഹരിയാണയ്ക്കും സമാനമായി ഇതിനെല്ലാം പുറത്തൊരു സര്‍പ്രൈസ് മുഖ്യമന്ത്രിയെ പ്രതീക്ഷിക്കാമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒന്നിലേറെ ഉപമുഖ്യമന്ത്രിമാരെ നിയോഗിച്ചേക്കുമെന്നും ചര്‍ച്ചകളുണ്ട്.

Tags:    

Similar News