'ഞങ്ങൾ പ്രതിസന്ധികളെ വരെ അവസരമാക്കി മാറ്റി; ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയത്ത് പോലും വിജയിച്ചു; ആർക്ക് മുന്നിലും ഞങ്ങൾ മുട്ടുകുത്തില്ല..!!'; യുഎസിന്റെ അധിക തീരുവ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ; ട്രംപിന് ഉരുളയ്ക്ക് ഉപ്പേരിപ്പോലെ മറുപടി നൽകി വാണിജ്യമന്ത്രി; മേരാ..ഫ്രണ്ട് എനിമിയാകുന്ന കാഴ്ച; താരിഫ് യുദ്ധത്തിൽ സംഭവിക്കുന്നത്

Update: 2025-08-08 15:36 GMT

ഡല്‍ഹി: രാജ്യം ഇപ്പോൾ മറ്റൊരു വലിയ പ്രതിസന്ധിയാണ് തരണം ചെയ്യുന്നത്. ട്രംപിന്റെ താരിഫ് സമ്മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനും തമ്മില്‍ ഫോണില്‍ സംസാരിച്ചതൊക്കെ വലിയ വാർത്തയായി. യുക്രെയിനിലെ ഒടുവിലത്തെ സംഭവവികാസം മുതല്‍ ഉഭയകക്ഷി അജണ്ടയിലെ പുരോഗതി വരെ സംസാരവിഷയമായി. ' എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിനുമായി നല്ല, വിശദമായ സംഭാഷണം നടത്തുകയും ചെയ്തു. ഇപ്പോഴിതാ, യുഎസിന്റെ അധിക തീരുവ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍.

ഇന്ത്യ ആര്‍ക്ക് മുന്നിലും മുട്ടുകുത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടുഡെ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിശാലമായ വ്യാപാര വീക്ഷണത്തെക്കുറിച്ച് സംസാരിച്ച ഗോയല്‍, 2000 മുതല്‍ ഇന്ത്യയുടെ ഐടി വ്യവസായത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നും കോവിഡ് 19 പ്രതിസന്ധിയെ വരെ രാജ്യം ഒരു അവസരമാക്കി മാറ്റിയെന്നും വ്യക്തമാക്കി. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ എപ്പോഴും ഇന്ത്യ വിജയിക്കാറാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീരുവകളെക്കുറിച്ചും ലോക വ്യാപാരത്തെക്കുറിച്ചും സംസാരിക്കവെ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സ്വയം പുനര്‍നിര്‍മിക്കുകയും പുതിയ വ്യാപാര പങ്കാളികളെ തേടുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കയറ്റുമതി ഇന്ത്യ ഈ വര്‍ഷം നടത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. അതുപോലെ രാജ്യം പുതിയ വ്യാപാര ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍, ഇന്ത്യക്കെതിരെ അമേരിക്ക അധിക നികുതി ചുമത്തിയ പശ്ചാത്തലത്തിലാണ് പുടിന്റെ വരവ്്. ഓഗസ്റ്റ് അവസാനത്തോടെ പുടിന്‍ എത്തുമെന്നാണ് സൂചന. നേരത്തെ റഷ്യ ട്രംപിന്റെ നടപടികളെ വിമര്‍ശിക്കുകയും, വാണിജ്യ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര-പരാമാധികാര രാഷ്ട്രങ്ങള്‍ക്ക് അവരുടെ വാണിജ്യ പങ്കാളികളെ തിരഞ്ഞെടുക്കാനുളള അവകാശമുണ്ട്, റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യയുമായുളള വാണിജ്യ ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളെ നിര്‍ബന്ധിക്കുന്നത് അനധികൃതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യക്ക് അധിക താരിഫ് ചുമത്തിയത് പോലെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ചൈനയ്ക്ക് എതിരെയും അധിക തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ അടുത്ത ആഴ്ച ട്രംപും പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ട്. യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാന്‍ താരിഫ് യുദ്ധവും ട്രംപ് ആയുധമാക്കുന്നുണ്ട്.

റഷ്യയും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അജിത് ഡോവല്‍ മോസ്‌കോയില്‍ എത്തിയത്. മൂന്നുവര്‍ഷം മുമ്പ് യുക്രെയ്നും റഷ്യയും തമ്മില്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയില്‍ 22-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി റഷ്യ സന്ദര്‍ശിച്ചിരുന്നു. റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ 'ഓഡര്‍ ഓഫ് സെയ്ന്റ് ആന്‍ഡ്രൂ ദ അപ്പോസ്തല്‍' പ്രസിഡന്റ് പുടിന്‍ സമ്മാനിച്ചിരുന്നു. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെ കസാനിലെത്തിയപ്പോഴായിരുന്നു ഇരുവരും പിന്നീട് കണ്ടുമുട്ടിയത്.

Tags:    

Similar News