ബെംഗളൂരുവിലെ വന്‍ ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരു മെട്രോ പുതിയ റൂട്ടില്‍; ചെലവിട്ടത് 5056 കോടി; നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; പുതിയ വന്ദേഭാരത് സര്‍വീസിനും ഫ്‌ലാഗ് ഓഫ്
നമ്മ മെട്രോ യെലോ ലൈന്‍ ഉദ്ഘാടം ചെയ്ത് പ്രധാനമന്ത്രി
ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ (നമ്മ മെട്രോ) പുതിയ യെല്ലോ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 19 കിലോമീറ്റര്‍ നീളത്തിലുള്ള പുതിയ മെട്രോ പാതയാണ് പ്രധാനമന്ത്രി ഞായറാഴ്ച തുറന്നുകൊടുത്തത്. ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് തുടങ്ങിയവര്‍ക്കൊപ്പം ഇലക്ട്രോണിക് സിറ്റി സ്റ്റേഷനിലേക്ക് മോദി മെട്രോയില്‍ യാത്രചെയ്തു. യാത്രയ്ക്കിടെ വിദ്യാര്‍ഥികളുമായും അദ്ദേഹം സംവദിച്ചു. നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ ശിലാസ്ഥാപനവും അദ്ദേഹം നടത്തി. കെഎസ്ആര്‍ ബെംഗളൂരു ബെലഗാവി റൂട്ടിലാണ് പുതിയ വന്ദേഭാരത് സര്‍വീസ്.
യെല്ലോ ലൈന്‍ എന്നു പേരിട്ട 19.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതയാണ് ഞായറാഴ്ച തുറന്നുകൊടുത്തത്. 16 സ്റ്റേഷനുകള്‍ ഈ പാതയില്‍ നിര്‍മിച്ചിട്ടുണ്ട്. 5,056 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മെട്രോ പാത തുറന്നതോടെ ഹൊസൂര്‍ റോഡ്, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍, ഇലക്ട്രോണിക്‌സ് സിറ്റി ജങ്ഷന്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന വന്‍ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് കരുതുന്നത്. നിലവില്‍ ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളാണ് ബെംഗളൂരു മെട്രോയ്ക്ക് ഉള്ളത്. ഇതിനും പുതിയ യെല്ലോ ലൈനും പുറമെ, ഒരു പാതകൂടി നിര്‍മിക്കുന്നതിനുള്ള പ്രവൃത്തിക്കും ഞായറാഴ്ച പ്രധാനമന്ത്രി തുടക്കമിടുന്നുണ്ട്. മെട്രോ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ഓറഞ്ച് ലൈനാണ് നിര്‍മാണം തുടങ്ങുന്നത്. 15,611 കോടി രൂപ ചെലവില്‍ 44.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയാണ് നിര്‍മിക്കുന്നത്.
തെക്കന്‍ ബെംഗളൂരുവിലേക്കുള്ള യാത്ര പുതിയ യെലോ ലൈന്‍ സുഗമമാക്കുമെന്ന് അധികൃതര്‍ പറയുന്നു. ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്രവരെയാണ് ലൈന്‍. ഇലക്ട്രോണിസിറ്റിയുമായി ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റര്‍ പാത ആര്‍വി റോഡ് മെട്രോ സ്റ്റേഷനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തത്. നാളെയാണ് പാത യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുന്നത്. യെലോ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ ബെംഗളൂരുവില്‍ മെട്രോ പാതയുടെ ദൈര്‍ഘ്യം 96 കിലോമീറ്ററാകും. 7,160 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച യെലോ ലൈനില്‍ 16 സ്റ്റേഷനുകളാണുള്ളത്. ഡ്രൈവര്‍ രഹിത മെട്രോയാണ് പാതയില്‍ സര്‍വീസ് നടത്തുന്നതെങ്കിലും ആദ്യകുറച്ചു നാളുകളില്‍ ലോക്കോ പൈലറ്റുണ്ടാകും.
മെട്രോ ഉദ്ഘാടനത്തിന് മുന്‍പ് മൂന്ന് വന്ദേഭാരത് എക്സ്പ്രസുകളുടെ ഫ്ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു. കെഎസ്ആര്‍ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കെഎസ്ആര്‍ ബെംഗളൂരു-ബെലഗാവി, ശ്രീ മാതാ വൈഷ്ണോദേവി കത്ര-അമൃത്സര്‍, നാഗ്പുര്‍-പൂണെ സര്‍വീസുകളാണ് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 150 ആയി. കര്‍ണാടകയില്‍ മാത്രം 11 വന്ദേഭാരതുകളാണ് സര്‍വീസ് നടത്തുന്നത്.
ഫ്‌ലാഗ് ഓഫിനു ശേഷം ആര്‍വി റോഡ് മുതല്‍ ഇലക്ട്രോണിക് സിറ്റി വരെ പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു. 15,610 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മൂന്നാം ഘട്ടത്തില്‍ ജെപി നഗര്‍ നാലാം ഫേസ് മുതല്‍ കെംപാപുര വരെ 32.5 കിലോമീറ്റര്‍ (ഒന്നാം ഇടനാഴി), ഹൊസഹള്ളി മുതല്‍ കഡബഗെരെ വരെ 12.15 കിലോമീറ്റര്‍ (രണ്ടാം ഇടനാഴി) എന്നീ പാതകളാണ് നിര്‍മിക്കുക.