കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പാസാക്കാന്‍ മന്ത്രിമാര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം; തെലങ്കാന കോണ്‍ഗ്രസില്‍ വിമതനീക്കം; പത്ത് എംഎല്‍എമാര്‍ രഹസ്യയോഗം ചേര്‍ന്നു; ഇടപെട്ട് രേവന്ത് റെഡ്ഡി
തെലങ്കാന കോണ്‍ഗ്രസില്‍ വിമതനീക്കം
ഹൈദരാബാദ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോണ്‍ഗ്രസില്‍ വിഭാഗീയത മൂര്‍ച്ഛിക്കുന്നു. 10 എംഎല്‍എമാര്‍ രഹസ്യയോഗം ചേര്‍ന്നതായാണ് വിവരം. ഗണ്ടിപേട്ടിലുള്ള അനിരുദ്ധ് റെഡ്ഡി എംഎല്‍എയുടെ ഫാം ഹൗസിലായിരുന്നു യോഗം. എംഎല്‍എമാരായ നയ്നി രാജേന്ദ്ര റെഡ്ഡി, ഭൂപതി റെഡ്ഡി, യെന്നം ശ്രീനിവാസ റെഡ്ഡി, മുരളി നായ്ക്, കുച്ചകുള്ള രാജേഷ് റെഡ്ഡി, സഞ്ജീവ് റെഡ്ഡി, അനിരുദ്ധ് റെഡ്ഡി, ലക്ഷ്മികാന്ത റാവു, ദൊന്തി മാധവ റെഡ്ഡി, ബീര്‍ല ഇലയ്യ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പാസാക്കാന്‍ കൈക്കൂലി ആവശ്യപ്പെടുന്നെന്ന ആരോപണം നേരിടുന്ന രണ്ട് മന്ത്രിമാരോടുള്ള എതിര്‍പ്പാണ് രഹസ്യയോഗത്തിനു പിന്നിലെന്നാണു വിവരം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നിശ്ചയിച്ചു. എംഎല്‍എമാരുടെ പരാതികള്‍ ഉടന്‍ പരിഹരിക്കണമെന്ന് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. എംഎല്‍എമാരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണമെന്ന് രേവന്ത് റെഡ്ഡി എല്ലാ മന്ത്രിമാര്‍ക്കും നിര്‍ദേശം നല്‍കി. എംഎല്‍എമാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കണമെന്നും അവരുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
രണ്ട് മന്ത്രിമാരുടെ നടപടികള്‍ക്കെതിരായ പ്രതിഷേധമാണ് എം.എല്‍.എമാരുടെ രഹസ്യയോഗത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കോണ്‍ട്രാക്ടര്‍മാരുടെ ബില്ലുകള്‍ പാസാക്കാന്‍ മന്ത്രിമാര്‍ കൈക്കൂലി ആവശ്യപ്പെടുന്നവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പു മന്ത്രി പൊംഗുലേടി ശ്രീനിവാസ് റെഡ്ഡിയ്ക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിയാണ് പുകഞ്ഞുകൊണ്ടിരിക്കുന്നത്. എം.എല്‍.എമാരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ എല്ലാ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
അതേസമയം, രഹസ്യയോഗമല്ല വെറും അത്താഴവിരുന്ന് മാത്രമാണ് നടന്നതെന്ന് നഗര്‍കുര്‍ണൂല്‍ എം.പി. മല്ലു രവി പറഞ്ഞു. പ്രതിപക്ഷം വിഷയം വഷളാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാത്രമല്ല, യോഗം നടന്നത് ഫാംഹൗസില്‍ അല്ല, ഐ.ടി.സി. കോഹിനൂറിലാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.