പാര്‍ലമെന്റാണ് രാജ്യത്തെ നിയമങ്ങളുണ്ടാക്കുന്നത്; നിങ്ങളിപ്പോള്‍ പാര്‍ലമെന്റിനോട് ആജ്ഞാപിക്കുകയാണോ? നിയമങ്ങള്‍ സുപ്രീം കോടതി ഉണ്ടാക്കുമെങ്കില്‍ പാര്‍ലമെന്റ് അടച്ചുപൂട്ടണം; സുപ്രീം കോടതിക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ

സുപ്രീം കോടതിക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ

Update: 2025-04-19 17:32 GMT

ന്യൂഡല്‍ഹി: സുപ്രീംകോടതിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുമായി ബിജെപി നേതാവും ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപിയുമായ നിഷികാന്ത് ദുബേ. സുപ്രീംകോടതി പരിധി വിടുകയാണെന്നും പരമോന്നത കോടതി നിയമങ്ങളുണ്ടാക്കാന്‍ തുടങ്ങുകയാണെങ്കില്‍ പാര്‍ലമെന്റ് മന്ദിരം അടച്ചിടാമെന്നും ദുബേ സാമൂഹികമാധ്യമായ എക്സില്‍ പറഞ്ഞു. ഹിന്ദിയിലാണ് ദൂബേയുടെ കുറിപ്പ്. രാജ്യത്ത് 'മത സ്പര്‍ധ' പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീംകോടതിയാണെന്നും ദുബേ ആരോപിച്ചു.

നേരത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ സുപ്രീം കോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദൂബേയുടെ പ്രതികരണം. ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ധന്‍കറിന്റെ വിമര്‍ശനം.

'രാഷ്ട്രപതിയാണ് ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്. പാര്‍ലമെന്റാണ് രാജ്യത്തെ നിയമങ്ങളുണ്ടാക്കുന്നത്. നിങ്ങളിപ്പോള്‍ പാര്‍ലമെന്റിനോട് ആജ്ഞാപിക്കുകയാണോ? നിങ്ങളെങ്ങനെയാണ് പുതിയ നിയമങ്ങളുണ്ടാക്കുന്നത്? രാഷ്ട്രപതി മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് ഏതു നിയമത്തിലാണ് പറഞ്ഞിട്ടുള്ളത്? നിങ്ങള്‍ ഈ രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കാനാണോ ആഗ്രഹിക്കുന്നത് ? പാര്‍ലമെന്റ് കൂടുമ്പോള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വേണം'ദുബേ പറഞ്ഞു.

രാജ്യത്ത് മതപരമായ യുദ്ധങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിന് ഉത്തരവാദികള്‍ സുപ്രീം കോടതിയാണെന്ന അതിരൂക്ഷ വിമര്‍ശനവും ദൂബേ ഉന്നയിച്ചു. സുപ്രീം കോടതി അതിന്റെ പരിധിക്കപ്പുറം പൊയ്ക്കൊണ്ടിരിക്കുകയാണ്. ഒരാള്‍ എല്ലാത്തിനും സുപ്രീം കോടതിയിലേക്ക് പോകേണ്ടിവരികയാണെങ്കില്‍ പിന്നെ പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും അടയ്ക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബില്ലുകള്‍ പാസാക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ചുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് വിമര്‍ശനം. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സുപ്രീംകോടതിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ജഡ്ജിമാര്‍ നിയമനിര്‍മാണം നടത്തുകയും നടപ്പിലാക്കുകയും സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജനാധിപത്യത്തിനായി ഇന്ത്യയ്ക്ക് ഇതുവരെ വിലപേശേണ്ടി വന്നിട്ടില്ലെന്നായിരുന്നു ധന്‍കറിന്റെ വിമര്‍ശനം.

Tags:    

Similar News