'കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി; സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം; നിര്‍ധനര്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകള്‍; 200 യൂണിറ്റ് സൗജന്യ വൈദ്യുതി; വഖഫ് ബില്‍ നിര്‍ത്തിവയ്ക്കും'; ജനപ്രിയ വാഗ്ദാനങ്ങളുമായി ബിഹാറില്‍ പ്രകടന പത്രിക പുറത്തിറക്കി ഇന്ത്യാ സഖ്യം
ന്യൂഡല്‍ഹി: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകവെ ജനപ്രിയ വാഗ്ദാനങ്ങളുമായി മഹാസഖ്യത്തിന്റെ പ്രകടന പത്രിക 'തേജസ്വി പ്രാണ്‍ പത്ര പ്രകാശനം ചെയ്തു. പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും വനിതകള്‍ക്ക് 2,500 രൂപ ധനസഹായവും ഉറപ്പുനല്‍കുന്ന പത്രികയില്‍ അധികാരത്തിലെത്തിയാല്‍ 20 ദിവസത്തിനകം ഓരോ കുടുംബത്തിലും ഒരംഗത്തിന് ജോലി നിയമം മൂലം അവകാശമാക്കുമെന്നും വാഗ്ദാനമുണ്ട്. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനപ്രിയ വാഗ്ദാനങ്ങളുള്‍പ്പെടുത്തി പ്രകടന പത്രികയും സഖ്യം പുറത്തിറക്കുന്നത്. അതേസമയം, എന്‍.ഡി.എയുടെ പ്രകടന പത്രിക ഒക്ടോബര്‍ 30ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് പട്നയില്‍ നടന്ന ചടങ്ങിലാണ് പ്രകടന പത്രികയായ 'തേജസ്വി പ്രതിജ്ഞാ പ്രാണ്‍' ആര്‍ജെഡി, കോണ്‍ഗ്രസ് നേതാക്കളുെട നേതൃത്വത്തില്‍ പുറത്തിറക്കിയത്. ആര്‍ജെഡി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) തലവന്‍ മുകേഷ് സഹാനി, സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. അതേസമയം ഡല്‍ഹിയില്‍ തുടരുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രകാശന ചടങ്ങില്‍ പങ്കെടുത്തില്ല.
സര്‍ക്കാര്‍ രൂപീകരിച്ച് 20 ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കുന്ന നിയമം പാസാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. 'മയി-ബെഹിന്‍ മാന്‍ യോജന' പ്രകാരം, ഡിസംബര്‍ 1 മുതല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക് സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ധനസഹായം ലഭ്യമാക്കുമെന്നും പ്രകടന പത്രികയില്‍ ഇന്ത്യാ സഖ്യം ഉറപ്പു നല്‍കുന്നു. വഖഫ് (ഭേദഗതി) ബില്‍ നിര്‍ത്തിവയ്ക്കുമെന്നും വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് സുതാര്യമാക്കുമെന്നും പത്രികയില്‍ പറയുന്നുണ്ട്.
നവംബര്‍ 6നും നവംബര്‍11 നുമായി രണ്ടു ഘട്ടങ്ങളിലായാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 14നാണ് വോട്ടെണ്ണല്‍. ഇതുവരെയുള്ള ധാരണ പ്രകാരം, ആര്‍ജെഡി 143 സീറ്റുകളിലും, കോണ്‍ഗ്രസ് 61 സീറ്റുകളിലും, വിഐപി 15 സീറ്റുകളിലും, ഇടതു പാര്‍ട്ടികള്‍ 33 സീറ്റുകളിലും, ഇന്ത്യന്‍ ഇന്‍ക്ലൂസീവ് പാര്‍ട്ടി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. 10 സീറ്റുകളില്‍ ഇന്ത്യ സഖ്യ കക്ഷികള്‍ തമ്മില്‍ സൗഹൃദ മത്സരം നടക്കുന്നുണ്ട്. ആകെ 243 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രകടന പത്രിക ഒറ്റനോട്ടത്തില്‍ ഇങ്ങനെ
സര്‍ക്കാര്‍ രൂപീകരിച്ച് 20 ദിവസത്തിനുള്ളില്‍, ഓരോ കുടുംബത്തിലെയും ഒരാള്‍ക്ക് ജോലി ഉറപ്പാക്കാന്‍ നിയമനിര്‍മ്മാണം നടത്തും. 20 മാസത്തിനുള്ളില്‍, സര്‍ക്കാര്‍ ജോലി നല്‍കാന്‍ നടപടി ആരംഭിക്കും.
വനിത സ്വയം സഹായ സംഘങ്ങളുടെ ഏകോപനത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി മൊബിലൈസര്‍മാരുടെ (സി.എം) ജോലി സ്ഥിരപ്പെടുത്തും. ഇവര്‍ക്ക് പ്രതിമാസം 30,000 രൂപ നല്‍കും. അവര്‍ എടുത്ത വായ്പകളുടെ പലിശ എഴുതിത്തള്ളും, രണ്ട് വര്‍ഷത്തേക്ക് മൊറട്ടോറിയം.
മുഴുവന്‍ കരാര്‍ അല്ലെങ്കില്‍ ഔട്ട്സോഴ്സ് തൊഴിലാളികളെയും സ്ഥിരം ജീവനക്കാരാക്കും.
ഐ.ടി പാര്‍ക്കുകള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, ക്ഷീരോല്‍പ്പാദന വ്യവസായങ്ങള്‍, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍, ആരോഗ്യ സേവനങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, പുതിയ ഊര്‍ജ്ജം, ലോജിസ്റ്റിക്‌സ്, നിര്‍മ്മാണം, ടൂറിസം തുടങ്ങിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
ബിഹാറില്‍ 2000 ഏക്കറില്‍ വിദ്യാഭ്യാസ നഗരം, വ്യവസായ ക്ലസ്റ്ററുകള്‍, അഞ്ച് പുതിയ എക്‌സ്പ്രസ് വേകള്‍ എന്നിവ നിര്‍മ്മിക്കും. മത്സ്യകൃഷിക്കും മൃഗസംരക്ഷണത്തിനും പ്രത്യേക ഊന്നല്‍.
പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും.
സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ സാമ്പത്തിക സഹായമായി നല്‍കും, അടുത്ത അഞ്ച് വര്‍ഷം പ്രതിവര്‍ഷം 30,000 രൂപ നല്‍കും. തെരഞ്ഞെടുക്കപ്പെട്ടാല്‍, പെണ്‍കുട്ടികള്‍ക്ക് ആനുകൂല്യങ്ങളും, വിദ്യാഭ്യാസം, പരിശീലനം, വരുമാനം എന്നിവയും അമ്മമാര്‍ക്ക് വീട്, ഭക്ഷണം, വരുമാനം എന്നിവയും ഉറപ്പാക്കുന്നതിനായി ബേഠി, മായ് പദ്ധതികള്‍ ആവിഷ്‌കരിക്കും.
എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പാക്കും
ദലിതര്‍, പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കായി ക്ഷേമ പദ്ധതികള്‍
വഖഫ് ഭേദഗതി ബില്‍ നിര്‍ത്തിവെക്കും, വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് സുതാര്യമാക്കുന്നതിലൂടെ കൂടുതല്‍ ക്ഷേമാധിഷ്ഠിതവും പ്രയോജനകരവുമാക്കും. ബോധ് ഗയയില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധക്ഷേത്രങ്ങളുടെ നടത്തിപ്പ് ബുദ്ധമത സമൂഹത്തിലെ ആളുകള്‍ക്ക് കൈമാറും
