ഐപിഎല്ലില്‍ നിന്ന് ഒരു ബംഗ്ലാദേശ് താരത്തെ പുറത്താക്കി; എന്നാല്‍ ബംഗ്ലാദേശ് ഒരു ഹിന്ദുവിനെ ടീമിന്റെ ക്യാപ്റ്റനാക്കി; രാഷ്ട്രീയം സ്പോര്‍ട്സിനെ അമിതമായി സ്വാധീനിക്കരുത്; മുസ്തഫിസുറിന്റെ കാര്യം പുനഃപരിശോധിക്കണമെന്ന് ജെഡിയു നേതാവ്

Update: 2026-01-06 11:50 GMT

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കെതിരേ ബംഗ്ലദേശിലുണ്ടായ അതിക്രമങ്ങള്‍ക്ക് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസുര്‍ റഹ്‌മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയ ബിസിസിഐ നീക്കത്തില്‍ വിയോജിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡിലെ (ജെഡിയു) മുതിര്‍ന്ന നേതാവായ കെ.സി ത്യാഗി. ഒരു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായിട്ടും നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നയിക്കുന്ന ബംഗ്ലാദേശ്, ഒരു ഹിന്ദുവിനെ അവരുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ടെന്നാണ് ത്യാഗി ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സായിരുന്നു മുസ്തഫിസുറിനെ ടീമിലെടുത്തിരുന്നത്. പിന്നാലെയായിരുന്നു ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ വേട്ടയാടല്‍ ആരംഭിച്ചത്. ഇതോടെ കൊല്‍ക്കത്ത ടീം ഉടമ ഷാരൂഖ് ഖാനെതിരേ ബിജെപി നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മുസ്തഫിസുര്‍ ഐപിഎല്ലില്‍ കളിക്കുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നു. പിന്നാലെ താരത്തെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ബിസിസിഐ ഔദ്യോഗികമായി തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെടുകയായിരുന്നു.

മുസ്തഫിസുറിനെ ഐപിഎല്ലില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള തീരുമാനം ബിസിസിഐ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കെ.സി ത്യാഗി. മുസ്തഫിസുറിനെ മാറ്റിനിര്‍ത്താനുള്ള ബിസിസിഐയുടെ തീരുമാനം ഒരുപക്ഷേ ആ വികാരങ്ങള്‍ മനസില്‍വെച്ചുകൊണ്ട് എടുത്തതാകാമെന്നു പറഞ്ഞ ത്യാഗി, എന്നാല്‍ വ്യക്തിപരമായി, രാഷ്ട്രീയം സ്പോര്‍ട്സിനെ അമിതമായി സ്വാധീനിക്കരുതെന്നും ചൂണ്ടിക്കാട്ടി. ബംഗ്ലാദേശ് ഒരു ഹിന്ദു ക്രിക്കറ്റ് താരത്തെ അവരുടെ ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചിരിക്കുകയാണ്. ഇത് നമ്മെ ഇക്കാര്യം പുനപരിശോധിക്കാന്‍ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

''കായികരംഗത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍, പ്രത്യേകിച്ച് പാകിസ്താനും ബംഗ്ലാദേശുമായുള്ള ബന്ധം കുറച്ച് പ്രശ്നമാണ്. അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനത്തില്‍ പാകിസ്താന്‍ കുറ്റക്കാരാണ്. അതുപോലെ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ സംഭവങ്ങളില്‍ ഇന്ത്യന്‍ സമൂഹം രോഷാകുലരാണ്. ഇത് കളിയുടെ ആത്മാവിനെ ബാധിക്കുന്നു.'' - ത്യാഗി പറഞ്ഞു.

''ബംഗ്ലാദേശിലെ സംഭവങ്ങളില്‍ ഞങ്ങള്‍ അസ്വസ്ഥരാണ്, ഐപിഎല്ലില്‍ നിന്ന് ഒരു ബംഗ്ലാദേശി ക്രിക്കറ്റ് കളിക്കാരനെ പുറത്താക്കി. എന്നാല്‍ ബംഗ്ലാദേശ് ഒരു ന്യൂനപക്ഷ ക്രിക്കറ്റ് കളിക്കാരനെ, ഒരു ഹിന്ദുവിനെ, ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഇത് അവര്‍ നല്‍കുന്ന ശക്തമായ സന്ദേശമാണ്'' - ത്യാഗി കൂട്ടിച്ചേര്‍ത്തു.

Similar News