വീട്ടുതടങ്കലിന് പിന്നാലെ മതില്‍ ചാടി കടന്ന് രക്തസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഒമര്‍ അബ്ദുള്ള; സ്മാരകത്തിന്റെ ഗേറ്റ് അടച്ചിട്ട് മുഖ്യമന്ത്രിയെ വിലക്കി ലഫ്റ്റനന്റ് ഗവര്‍ണര്‍; നാടകീയ സംഭവങ്ങള്‍ക്കിടെ രാഷ്ട്രീയ വാക്‌പോരും; ഭീകരവാദികളെ ആദരിക്കലെന്ന് ബിജെപി; ഏറ്റുമുട്ടലിന് പിന്നില്‍

വീട്ടുതടങ്കലിന് പിന്നാലെ മതില്‍ ചാടി കടന്ന് രക്തസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഒമര്‍ അബ്ദുള്ള;

Update: 2025-07-14 10:33 GMT

ശ്രീനഗര്‍: വീട്ടുതടങ്കല്‍ അടക്കം തടസ്സങ്ങളെ മറികടന്ന് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നൗഹാട്ടയിലെ രക്തസാക്ഷി സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മതില്‍ ചാടി കടന്നാണ് ഒമര്‍ അബ്ദുള്ള രക്തസാക്ഷി സ്മാരകത്തില്‍ എത്തിയത്. രക്തസാക്ഷി സ്മാരകത്തിലെ ചടങ്ങുകള്‍ വിലക്കിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിരവധി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. കേന്ദ്രവിലക്കിനെ മറികടന്നുകൊണ്ടാണ് ഒമറും മറ്റു ക്യാബിനറ്റ് മന്ത്രിമാരും സ്മൃതി കുടീരത്തില്‍ എത്തിയത്.

പൊലീസിന്റെയും സുരക്ഷാസേനയുടെ അകമ്പടിയോടെ ഒമറും മന്ത്രിമാരും രക്തസാക്ഷി സ്മാരകത്തിലേക്ക് പ്രകടനമായി എത്തുന്നത് വീഡിയോയില്‍ കാണാം. ഗേറ്റ് അടച്ചിട്ടിരുന്നതിനാലാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ മതില്‍ ചാടി കടക്കേണ്ടി വന്നത്. '1931 ജൂലൈ 13 ലെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍, അര്‍പ്പിച്ചു. തിരഞ്ഞെടുക്കപ്പെടാത്ത സര്‍ക്കാര്‍ എന്നെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. അതുകൊണ്ട് എനിക്ക് നൗവ്ഹാട്ട ചൗക്കില്‍ നിന്ന് നടക്കേണ്ടി വന്നു. ഗേറ്റ് അടച്ചിട്ടിരുന്നതിനാല്‍ മതില്‍ ചാടാന്‍ നിര്‍ബന്ധിതനായി. എന്നെ ശാരീരികമായി തടയാന്‍ അവര്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല'-എക്‌സില്‍ വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ട് ഒമര്‍ അബ്ദുള്ള പറഞ്ഞു.

1931-ല്‍ ദോഗ്ര ഭരണത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ കൊല്ലപ്പെട്ട കശ്മീരികളുടെ അനുസ്മരണ ദിനം ജൂലൈ 13 നായിരുന്നു. എന്നാല്‍ ഞായറാഴ്ച രക്തസാക്ഷി സ്മാരകം (മസാര്‍-ഇ-ഷുഹാദ) സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിക്കുന്നതില്‍ നിന്നും തന്നെ സേന തടഞ്ഞതായി ഒമര്‍ അബ്ദുള്ള പറഞ്ഞു. ഞായറാഴ്ച പ്രദേശത്തെത്തി ആദരമര്‍പ്പിക്കാന്‍ ഒമര്‍ അബ്ദുള്ളയ്ക്ക് അനുവാദമില്ലെന്ന് സുരക്ഷാ സേന അറിയിച്ചു. തുടര്‍ന്നാണ് ഒമര്‍ അബ്ദുള്ളയെ സേന വീട്ടുതടങ്കലിലാക്കിയത്.

ഹരിസിങ്ങിന് എതിരായ പ്രതിഷേധം

1931 ജൂലൈ 13ന് അന്നത്തെ കശ്മീര്‍ രാജാവായിരുന്ന ഹരിസിങ്ങിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുര്‍ന്ന് നടന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 21 കശ്മീരികളുടെ സ്മൃതി കുടീരമാണ് നൗഹാട്ടയിലുള്ളത്. ജൂലൈ 13ന് സ്മാരകത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിക്കാന്‍ എത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ ഇതിന് തടയിടുന്നതിനായി ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. നൗഹാട്ടയിലേക്ക് പുഷ്പാര്‍ച്ചന നടത്താന്‍ വരരുത് എന്ന് നിര്‍ദേശവും നല്‍കി. 1931ല്‍ നടന്ന പ്രതിഷേധം രാജ്യവിരുദ്ധ പ്രവര്‍ത്തനമായാണ് ബിജെപി ഭരണകൂടം കണക്കാക്കുന്നത്. അന്ന് പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവര്‍ ഭീകരവാദികളെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ജുലൈ 13 ഗസറ്റഡ് അവധി ദിന പട്ടികയില്‍ നിന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നീക്കിയിരുന്നു. നേരത്തെ 1931ലെ കൂട്ടക്കൊലയെ ജാലിയന്‍വാല ബാഗ് കൂട്ടക്കൊലയോടാണ് ഒമര്‍ അബ്ദുള്ള താരതമ്യം ചെയ്തത്. ' ബ്രിട്ടീഷ് ഭരണത്തിന് എതിരെ പോരാടിയ യഥാര്‍ഥ ഹീറോകളെ ഇന്ന് വില്ലന്മാരായി ചിത്രീകരിക്കുകയാണ്'-മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും കശ്മീരിന്റെ ചുമതലയുമുള്ള തരുണ്‍ ചുഗ് ഒമര്‍ അബ്ദുള്ളയെ വിമര്‍ശിച്ചു.' അന്ന് നടന്നത് നിരായുധരായ പൗരന്മാര്‍ക്ക് എതിരെയുള്ള കൊളോണിയല്‍ ക്രൂരതയായിരുന്നു. 1931 ജൂലൈ 13 ന് വര്‍ഗീയമായി സംഘടിച്ച ആള്‍ക്കൂട്ടമായിരുന്നു. അത് രക്തസാക്ഷിത്വമല്ല. ഇസ്ലാമിസ്റ്റ് അക്രമത്തെ വെളളപൂശലാണ്. 1990 ല്‍ കശ്മീരി പണ്ഡിറ്റുകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ആട്ടിപ്പായിച്ചപ്പോള്‍ നിശ്ശബ്ദത പാലിച്ച പാര്‍ട്ടിയുടെ നേതാവാണ് ഇക്കൂട്ടരെ രക്ഷസാക്ഷികള്‍ ആക്കുന്നതെന്നും ചുഗ് പറഞ്ഞു.

എന്താണ് മാറ്റം?

മുന്‍കാലത്ത്, ജൂലൈ 13 ന് രക്തസാക്ഷി സ്മാരകത്തില്‍ പൊലീസ് ഗണ്‍സല്യൂട്ട് നടത്തി പുഷ്പചക്രം സമര്‍പ്പിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും രക്തസാക്ഷികളുടെ സ്മരണയ്ക്കായി പൊതുയോഗങ്ങള്‍ വിളിച്ചുകൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍, 2019 ല്‍ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഈ ചടങ്ങ് ഭരണകൂടം വിലക്കി. 2020 ന് ശേഷം ജുലൈ 13 നും, ഷേയ്്ഖ് അബ്ദുളളയുടെ ജന്മവാര്‍ഷികദിനമായ ഡിസംബര്‍ 5 ഉം പൊതുഅവധി പട്ടികയില്‍ നിന്ന് നീക്കി. അതേസമയം, ദോഗ്ര ഭരണാധികാരി ഹരിസിങ്ങിന്റെ ജന്മവാര്‍ഷികദിനം പൊതുഅവധി ദിനം ആക്കുകയും ചെയ്തു.


Tags:    

Similar News