റോഡ്ഷോയ്ക്ക് അനുമതിയില്ല; പ്രവേശനം ക്യു.ആർ കോഡ് പാസ്സുള്ള 5,000 പേർക്ക്; വിജയ്‌യുടെ വാഹനം പിന്തുടരാൻ പാടില്ലെന്നും നിർദ്ദേശം; തമിഴക വെട്രി കഴകത്തിന്റെ പുതുച്ചേരി പരിപാടിക്ക് കർശന നിയന്ത്രണം

Update: 2025-12-08 12:54 GMT

പുതുച്ചേരി: തമിഴ് നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയ് പുതുച്ചേരിയിൽ പങ്കെടുക്കുന്ന പരിപാടിക്ക് കർശന നിയന്ത്രണങ്ങൾ. മുൻപ് കരൂരിൽ നടന്ന ടി.വി.കെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സാഹചര്യത്തിലാണ് അധികൃതർ സുരക്ഷാ മാനദണ്ഡങ്ങൾ കടുപ്പിച്ചത്. ഡിസംബർ ഒമ്പതിന് ഉപ്പളം എക്സ്പോ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ 5,000 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ എന്നും റോഡ്ഷോയ്ക്ക് അനുമതിയില്ലെന്നും പുതുച്ചേരി പോലീസ് അറിയിച്ചു.

പരിപാടിയിലേക്ക് ക്യു.ആർ കോഡ് പാസുകളുള്ളവരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന് പുതുച്ചേരി എസ്.പി കലൈവാണൻ വ്യക്തമാക്കി. തമിഴക വെട്രി കഴകമാണ് ക്യു.ആർ കോഡ് പാസുകൾ വിതരണം ചെയ്യുക. രാവിലെ 10 മണിക്കും 12 മണിക്കും ഇടയിൽ നടക്കുന്ന പൊതുയോഗത്തിനാണ് നിലവിൽ പോലീസ് അനുമതി നൽകിയിട്ടുള്ളത്. വിജയിയുടെ റാലിക്കുള്ള അനുമതി നിഷേധിച്ചിട്ടുണ്ട്.

കൂടാതെ, കുട്ടികൾ, ഗർഭിണികൾ, വയോധികർ, അംഗവൈകല്യം സംഭവിച്ചവർ എന്നിവർ പരിപാടിയിൽ പങ്കെടുക്കരുതെന്നും സമീപപ്രദേശങ്ങളിൽ നിന്നുള്ളവർ വേദിക്ക് സമീപത്തേക്ക് വരരുതെന്നും നിർദേശമുണ്ട്. വിജയിയുടെ വാഹനത്തെ പാർട്ടി അംഗങ്ങളോ ആരാധകരോ പിന്തുടരാൻ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പരിപാടിക്കെത്തുന്ന വാഹനങ്ങൾ പുതുച്ചേരി മറീനക്ക് സമീപം പാർക്ക് ചെയ്യാനാണ് ക്രമീകരണം. പരിപാടിയുടെ സംഘാടകർ വേദിക്ക് സമീപം കുടിവെള്ളം, ശൗചാലയങ്ങൾ, ആംബുലൻസ്, പ്രഥമശുശ്രൂഷാ സംഘം, മെഡിക്കൽ സംഘം എന്നിവ സജ്ജീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. 

Tags:    

Similar News