പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ മൂല്യങ്ങള്‍ക്കെതിരായ പാകിസ്ഥാന്റെ കടന്നാക്രമണം; അതീവ സുരക്ഷാ മേഖലയില്‍ ഭീകരവാദികള്‍ കടന്നു കയറിയത് എങ്ങനെ? ഇന്റലിജന്‍സ് വീഴ്ച പരിശോധിക്കണമെന്ന് കോണ്‍ഗ്രസ്; ഭീകരാക്രമണം ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നെന്ന് വിമര്‍ശനം

പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ മൂല്യങ്ങള്‍ക്കെതിരായ പാകിസ്ഥാന്റെ കടന്നാക്രമണം

Update: 2025-04-24 10:17 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം ഇന്ത്യയുടെ മൂല്യങ്ങള്‍ക്കെതിരായ പാകിസ്ഥാന്റെ കടന്നാക്രമണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം. തന്ത്രപ്രധാനമായ പഹല്‍ഗാമില്‍ നടന്ന ആക്രമണം തടയുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം എന്നും പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച പ്രവര്‍ത്തക സമിതി വിഷയം ബിജെപി ധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി. പഹല്‍ഗാമില്‍ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചാണ് ആക്രമണത്തിന്റെ ആസൂത്രണം നടന്നത്. ഇന്ത്യയുടെ മൂല്യങ്ങള്‍ക്ക് എതിരായ നേരിട്ടുള്ള ആക്രമണമായാണ് സംഭവത്തെ കാണുന്നത്. ഹിന്ദുക്കളെ മാത്രം ലക്ഷ്യമിട്ടുള്ള ഈ ആക്രമണം രാജ്യത്ത് വര്‍ഗീയത പടര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

പ്രകോപനം ഉണ്ടാക്കുക എന്നതാണ് ഭീകരാക്രമണത്തിന്റെ പ്രധാന ലക്ഷ്യം. അതില്‍ ആരും വീഴരുത് എന്നും പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം അമര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളും പ്രവര്‍ത്തക സമിതി ചൂണ്ടിക്കാട്ടി. അതേസമയം, പഹല്‍ഗാം ഭീകരാക്രമണം ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണ് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാജ്യം കൂടുതല്‍ ഐക്യത്തോടെ നിലകൊള്ളേണ്ട സമയമാണിത്.

എന്നാല്‍ ഇത്തരം ഒരു നിര്‍ണായക സമയത്ത് ബിജെപി ഭിന്നത, അവിശ്വാസം, ധ്രുവീകരണം, വിഭജനം എന്നിവ ശക്തമാക്കാന്‍ ഉതകുന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ബിജെപി നടത്തുന്ന പ്രചാരണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ് എന്നും കോണ്‍ഗ്രസ് ആരോപിച്ചു. പഹല്‍ഗാം ആക്രമണം പ്രതിരോധിക്കുന്നതില്‍ രാജ്യത്തെ രഹസ്യാന്വേഷണ ഏജസികള്‍ക്ക് ഉള്‍പ്പെടെ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

സുരക്ഷാ വീഴ്ച. ഇന്റലിജന്‍സ് പരാജയം എന്നിവയെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ആക്രമണം അരങ്ങേറിയ പഹല്‍ഗാം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ സ്ഥലത്ത് ത്രിതല സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലമാണ്. ഇവിടെ ഭീകരവാദികള്‍ക്ക് കടന്നുകയറി ആക്രമണം നടത്താന്‍ കഴിഞ്ഞത് ഗുരുതരമായ വിഷയമാണ്. ഇതിന് പിന്നിലെ ഇന്റലിജന്‍സ് പരാജയത്തെ കുറിച്ചും സൂരക്ഷാ വീഴ്ചകളെ കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചൂണ്ടിക്കാട്ടി.

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളുടെയും ഭാഗമായി കാണ്‍ഗ്രസ് രാജ്യവ്യാപകമായി കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും പ്രവര്‍ത്തക സമിതി അറിയിച്ചു. ഏപ്രില്‍ 25 ന് മെഴുകുതിരി തെളിയിച്ചുകൊണ്ടായിരിക്കും മാര്‍ച്ചുകളെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

Tags:    

Similar News