എന്റെ മരിച്ചുപോയ അമ്മയെ അവര്‍ അധിക്ഷേപിച്ചു; ഇത് രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും അപമാനിക്കുന്നതാണ്; രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത, എന്റെ അമ്മയെയാണ് ആര്‍ജെഡി, കോണ്‍ഗ്രസ് വേദിയില്‍ അധിക്ഷേപിച്ചത്; ആരോപണവുമായി പ്രധാനമന്ത്രി
കോണ്‍ഗ്രസ്-ആര്‍ജെഡി സംയുക്ത റാലിയില്‍ തന്റെ അമ്മയെ അധിക്ഷേപിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ്-ആര്‍ജെഡി സംയുക്ത റാലിയില്‍ വെച്ച് തന്റെ മരിച്ചുപോയ അമ്മയെ അധിക്ഷേപിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന 'വോട്ടര്‍ അധികാര്‍ യാത്ര'ക്കിടെയാണ് സംഭവം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.
'അമ്മ നമ്മുടെ ലോകമാണ്. അമ്മ നമ്മുടെ അഭിമാനമാണ്. പാരമ്പര്യം നിറഞ്ഞ ഈ ബിഹാറില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഞാന്‍ സങ്കല്‍പ്പിച്ചിട്ട് പോലുമില്ല. ബിഹാറിലെ ആര്‍ജെഡി-കോണ്‍ഗ്രസ് വേദിയില്‍ നിന്ന് എന്റെ അമ്മയെ അധിക്ഷേപിച്ചു... ഈ അധിക്ഷേപങ്ങള്‍ എന്റെ അമ്മയെ മാത്രം അപമാനിക്കുന്നതല്ല. ഇത് രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും പെണ്‍മക്കളെയും അപമാനിക്കുന്നതാണ്. എനിക്കറിയാം... നിങ്ങളെല്ലാവരും, ബിഹാറിലെ ഓരോ അമ്മയും ഇത് കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ എത്രമാത്രം വേദനിച്ചു എന്ന്. എന്റെ ഹൃദയത്തിലുള്ള അതേ വേദന ബിഹാറിലെ ജനങ്ങള്‍ക്കുമുണ്ടെന്ന് എനിക്കറിയാം' പ്രധാനമന്ത്രി മോദി പറഞ്ഞു.
നിങ്ങളെപ്പോലുള്ള കോടിക്കണക്കിന് അമ്മമാരെ സേവിക്കാന്‍ വേണ്ടിയാണ് താന്‍ അമ്മയില്‍ നിന്ന് വേര്‍പിരിഞ്ഞതെന്ന് പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. 100 വയസ്സ് പൂര്‍ത്തിയാക്കി അന്തരിച്ച, രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത തന്റെ അമ്മയെയാണ് അവര്‍ അധിക്ഷേപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'നിങ്ങളെപ്പോലുള്ള കോടിക്കണക്കിന് അമ്മമാരെ സേവിക്കാന്‍ വേണ്ടിയാണ് എന്റെ അമ്മ എന്നെ അവരില്‍ നിന്ന് അകറ്റിയത്. എന്റെ അമ്മ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. കുറച്ചുകാലം മുന്‍പ്, 100 വയസ്സ് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ നമ്മളെ വിട്ടുപിരിഞ്ഞു. രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത, ഇന്ന് ജീവിച്ചിരിപ്പില്ലാത്ത എന്റെ അമ്മയെ ആര്‍ജെഡി, കോണ്‍ഗ്രസ് വേദിയില്‍ അധിക്ഷേപിച്ചു. സഹോദരിമാരെ, അമ്മമാരെ, എനിക്ക് നിങ്ങളുടെ മുഖങ്ങള്‍ കാണാന്‍ കഴിയുന്നുണ്ട്, നിങ്ങള്‍ അനുഭവിച്ച വേദന എനിക്ക് ഊഹിക്കാന്‍ മാത്രമേ കഴിയൂ. ചില അമ്മമാരുടെ കണ്ണുകളില്‍ ഞാന്‍ കണ്ണുനീര്‍ കാണുന്നു. ഇത് വളരെ സങ്കടകരവും വേദനാജനകവുമാണ്' മോദി പറഞ്ഞു.
അതേസമയം, ഈ ആരോപണങ്ങളെക്കുറിച്ച് കോണ്‍ഗ്രസോ ആര്‍ജെഡിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.