കേന്ദ്രവും സംസ്ഥാനങ്ങളും ടീം ഇന്ത്യയായി ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരുലക്ഷ്യവും അസാധ്യമല്ല; സംസ്ഥാനങ്ങള്‍ ഒരുവിനോദ സഞ്ചാര കേന്ദ്രമെങ്കിലും ആഗോള നിലവാരത്തില്‍ വികസിപ്പിച്ചെടുക്കണം; വികസിത ഭാരതത്തിനായി നീതി ആയോഗ് യോഗത്തില്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

വികസിത ഭാരതത്തിനായി നീതി ആയോഗ് യോഗത്തില്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

Update: 2025-05-24 13:13 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയായി ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ വികസിത ഭാരതമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ' നമുക്ക് വികസന വേഗം കൂട്ടേണ്ടതുണ്ട്. കേന്ദ്രവും, സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ല'- നീതി ആയോഗിന്റെ പത്താമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വികസിത രാജ്യത്തിനായി വികസിത് ഭാരത്@2047' എന്നതാണ് പത്താമത് നീതി ആയോഗ് ഗവേണിങ് കൗണ്‍സിലിന്റെ ആപ്തവാക്യം.

' സംസ്ഥാനങ്ങള്‍ ഒരു വനോദ സഞ്ചാര കേന്ദ്രമെങ്കിലും ആഗോള നിലവാരത്തിന് അനുസൃതമായി എല്ലാ അടിസ്ഥാന സൗകര്യങ്ങളോടെയും വികസിപ്പിച്ചെടുക്കണം. ഒരു സംസ്ഥാനം ഒരു ആഗോള വിനോദ സഞ്ചാര കേന്ദ്രം. അയല്‍ നഗരങ്ങളെ വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനും അത് സഹായിക്കും'-മോദി പറഞ്ഞു.

ഇന്ത്യ-പാക് സംഘര്‍ഷവും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു നീതി ആയോഗ് യോഗം. കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരേ ഭീകരാക്രമണം ഉണ്ടായെങ്കിലും ടൂറിസം ഉയര്‍ത്തി കാട്ടാനുള്ള കേന്ദ്ര തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് നീതി ആയോഗ് യോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം സൂചിപ്പിക്കുന്നത്.

പുതുച്ചേരി, കര്‍ണാടക, പശ്ചിമ ബംഗാള്‍, കേരള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല. മമതാ ബാനര്‍ജിക്ക് പകരം സംസ്ഥാന ചീഫ് സെക്രട്ടറിയും പിണറായി വിജയന് പകരം ധനമന്ത്രി കെ.ബാലഗോപാലുമാണ് പങ്കെടുത്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സുഖു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News