യുഎസ് സന്ദര്‍ശനത്തെ കുറിച്ച് രാഹുല്‍ പറഞ്ഞത് കള്ളം; രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാകാം രാഹുലിന്റെ ഇത്തരം നുണകള്‍; എന്നാല്‍, അത് ആഗോള തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ തന്നെ തകര്‍ക്കും; രാഹുലിന്റെ ആരോപണത്തില്‍ മറുപടിയുമായി എസ്. ജയശങ്കര്‍
ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം ലഭിക്കാന്‍ മൂന്ന് നാല് തവണ വിദേശകാര്യ മന്ത്രിയെ അയച്ചെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് എസ്. ജയശങ്കര്‍. യുഎസ് സന്ദര്‍ശനത്തെ കുറിച്ച് രാഹുല്‍ പറഞ്ഞത് കള്ളമാണെന്നും രാഹുലിന്റെ പ്രസ്താവന വിദേശത്ത് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും വിദേശകാര്യ മന്ത്രി എക്‌സില്‍ കുറിച്ചു.
ഇന്ത്യയുടെ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നെങ്കില്‍, സാങ്കേതികവിദ്യയില്‍ മികച്ച് പ്രകടനം കാഴ്ചവെച്ചിരുന്നെങ്കില്‍ യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനാരോഹണം നടത്തുന്ന ചടങ്ങിലേക്ക് നമ്മുടെ പ്രധാനമന്ത്രിക്ക് ക്ഷണം ലഭിക്കാനായി മൂന്ന് നാല് തവണ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അയക്കേണ്ടി വരുമായിരുന്നില്ല. യുഎസ് പ്രസിഡന്റുതന്നെ ഇവിടെത്തി നേരിട്ട് ക്ഷണിക്കുമായിരുന്നു, രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞു.
ഈ പ്രസ്താവനയ്ക്ക് മറുപടിയായാണ് ജയശങ്കര്‍ രംഗത്ത് എത്തിയത്. ''2024 ഡിസംബറിലെ എന്റെ യുഎസ് യാത്രയെപ്പറ്റി രാഹുല്‍ ഗാന്ധി ബോധപൂര്‍വം തെറ്റായ പ്രസ്താവന നടത്തുകയാണ്. ജോ ബൈഡന്‍ സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്കും കോണ്‍സല്‍ ജനറലിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനുമാണു പോയത്. നിയുക്ത ദേശീയ സുരക്ഷാ സെക്രട്ടറിയെയും കണ്ടു.
പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതു സംബന്ധിച്ച് ഒരു ഘട്ടത്തിലും ചര്‍ച്ച ചെയ്തില്ല. ഇത്തരം പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കാറില്ലെന്ന് ഏവര്‍ക്കും അറിയാം. പ്രത്യേക പ്രതിനിധികളെയാണ് ഇന്ത്യ അയയ്ക്കാറുള്ളത്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാകാം രാഹുലിന്റെ നുണകള്‍. എന്നാല്‍, അത് ആഗോള തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ തകര്‍ക്കുന്നതാണ്'' ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.