തനിക്കെതിരെ സൈബറാക്രമണം; നിഷ്പക്ഷ പോസ്റ്റിന്റെ പേരില്‍ പോലും ആക്രമിക്കപ്പെട്ടു; ഞാന്‍ പാര്‍ട്ടിക്കാരന്‍ ആയിരിക്കാം, പക്ഷെ തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും; വര്‍ഗീയത കൊണ്ട് ബിജെപിക്ക് കേരളത്തില്‍ സാധ്യതയില്ല; വികസനം ചൂണ്ടി കാണിച്ചാല്‍ ചില സാധ്യതകളുണ്ട്; പിഎം ശ്രീ ഫണ്ട് നഷ്ടമാക്കിയത് മണ്ടത്തരം; നിലപാട് വ്യക്തമാക്കി തരൂര്‍
തനിക്കെതിരെ സൈബറാക്രമണം; നിഷ്പക്ഷ പോസ്റ്റിന്റെ പേരില്‍ പോലും ആക്രമിക്കപ്പെട്ടു
ദുബായ്: കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നുകൊണ്ടിരിക്കുന്ന വര്‍ക്കിംഗ് കമ്മിറ്റി അംഗ ശശി തരൂര്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നാണ് തരൂരിന്റെ വിമര്‍ശനം. നിഷ്പക്ഷമായി ഇട്ട പോസ്റ്റുകളുടെ പേരിലാണ് ആക്രമണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായില്‍ ഒരു സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.
പി എം ശ്രീ പദ്ധതിയെ ഫണ്ട് നിരസിച്ചതിലും തരൂര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. സാമ്പത്തികമായി തകര്‍ന്നു നില്‍കുമ്പോഴും മുന്നില്‍ വന്ന പദ്ധതി നിരസിച്ച് പണം നഷ്ടമായി എന്നാണ് തരൂരിന്റെ വിമര്‍ശനം. ആദര്‍ശ ശുദ്ധി തെളിയിക്കാനായിരുന്നു ശ്രമം. എന്നാല്‍, പണം നിരസിച്ചത് മണ്ടത്തരമാണ്. ഇത് നമ്മുടെ പണമാണ് അത് സ്വീകരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. പി എം ശ്രീ പദ്ധതി എന്ന് പേരെടുത്തു പറയാതെയാണ് തരൂരിന്റെ വിമര്‍ശനം.
ഞാന്‍ പാര്‍ട്ടിക്കാരന്‍ ആയിരിക്കാം. പക്ഷെ തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും. സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുന്നു. എന്നിട്ടും പണം സ്വീക്കരിച്ചില്ല. മെറിറ്റ് കാണാതെ ആദര്‍ശ ശുദ്ധി വാദത്തിന് ജനവും പ്രാധാന്യം നല്‍കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ താന്‍ ഇട്ട നിഷ്പക്ഷ പോസ്റ്റിന്റെ പേരില്‍ പോലും ആക്രമിക്കപ്പെട്ടു. പ്രശംസ എന്ന് പറഞ്ഞായിരുന്നു ആക്രമണം. എന്നാല്‍, പോസ്റ്റില്‍ ഒരു വരിപോലും താന്‍ പ്രശംസിച്ചിട്ടില്ല. ആദര്‍ശ ശുദ്ധി വാദം കൊണ്ട് കാര്യങ്ങള്‍ നടക്കില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രം വന്ന് ഉപാധികള്‍ വെച്ച് പണം തരാമെന്ന് പറഞ്ഞാല്‍ താന്‍ ആയിരുന്നെങ്കില്‍ പണം സ്വീകരിച്ചേനെ. കാരണം ജനങ്ങള്‍ക്ക് അത് ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയത കൊണ്ട് ബിജെപിക്ക് കേരളത്തില്‍ സാധ്യത ഇല്ലെന്നും വികസനം ചൂണ്ടി കാണിച്ചാല്‍ ചില സാധ്യതകള്‍ ഉണ്ടെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെതിരെ വീണ്ടും ഒളിയമ്പുമായി തരൂര്‍ കഴിഞ്ഞ ദിവസവും രംഗത്തുവന്നിരുന്നു. വിയോജിപ്പുകള്‍ തിരഞ്ഞെടുപ്പിന് മുന്‍പാകണമെന്നും തിരഞ്ഞെടുപ്പിന് ശേഷം രാജ്യനന്‍മയ്ക്കായി ഒന്നിച്ച് നില്‍ക്കണമെന്നുമാണ് തരൂര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയും നടത്തിയ കൂടിക്കാഴ്ചയില്‍ നടത്തിയ പ്രതികരണത്തിലാണ് തരൂര്‍ കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്തത്.
'ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്. തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കായി തടസങ്ങളില്ലാതെ ശക്തമായി വാദിക്കുക, എന്നാല്‍ എപ്പോഴാണോ അത് അവസാനിക്കുന്നത് അപ്പോള്‍ മുതല്‍ ജനങ്ങള്‍ക്ക് വേണ്ടി, രാജ്യത്തിന്റെ പൊതു താത്പര്യത്തിന് വേണ്ടി, സത്യപ്രതിജ്ഞയനുസരിച്ച് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. ഇന്ത്യയിലും ഇങ്ങനെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്,' തരൂര്‍ എക്‌സില്‍ കുറിച്ചു.
കൂടാതെ, ഇന്ത്യയിലും സമാനമായ രീതി സ്വീകരിക്കാനാണ് തന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങളെന്നും തരൂര്‍ പറഞ്ഞു. ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ചവരായിരുന്നു എതിര്‍ചേരിയിലുള്ള ട്രംപും മംദാനിയും. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം വൈറ്റ് ഹൗസില്‍ സൗഹൃദം പങ്കിടുന്ന ഇരുവരുടെയും ചിത്രം സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു.
മംദാനിക്കെതിരെ നിരന്തരം സംസാരിച്ചിരുന്ന ട്രംപ്, വൈറ്റ് ഹൗസിലെ ആദ്യ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തെ യഥാര്‍ത്ഥ രാജ്യസ്‌നേഹി എന്നടക്കം വിളിച്ച് പ്രശംസിച്ചിരുന്നു. ന്യൂയോര്‍ക്കിന്റെ മികച്ച മേയറായിരിക്കും മംദാനി. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. മംദാനിയുടെ മികവില്‍ താന്‍ സന്തോഷവാനായിരിക്കും.
പൊതുവായി തങ്ങളിരുവരും ആഗ്രഹിക്കുന്നത് ഒരേ കാര്യമാണ്. അത് ന്യൂയോര്‍ക്ക് ഗരത്തിന്റെ വളര്‍ച്ചയാണ്. വിചാരിച്ചതിലും തൂടുതല്‍ കാര്യങ്ങളില്‍ തങ്ങളിരുവര്‍ക്കും തമ്മില്‍ യോജിപ്പുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം. സമീപകാലത്തായി മോദി സ്തുതികളുമായി തരൂര്‍ കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വെട്ടിലാക്കിയിരുന്നു. കോണ്‍ഗ്രസിലായിരിക്കെ പ്രധാനമന്ത്രിയെ പുകഴ്ത്തുന്നത് എന്തിനെന്ന ചോദ്യങ്ങളോട് രാജ്യമാണ് വലുതെന്ന പ്രതികരണമാണ് തരൂര്‍ നടത്താറുള്ളത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തെത്തിയത്. പിന്നാലെയാണ് കോണ്‍ഗ്രസിനെതിരെ ഒളിയമ്പ്. രാംനാഥ് ഗോയങ്കാ പ്രസംഗ പരമ്പരയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തെ പ്രകീര്‍ത്തിച്ചാണ് തരൂര്‍ രംഗത്തെത്തിയത്. മോദിയുടെ പ്രസംഗം ഒരു സാംസ്‌കാരിക ആഹ്വാനമായും സാമ്പത്തിക നിലപാട് മികച്ചതായും തനിക്ക് അനുഭവപ്പെട്ടെന്ന് ശശി തരൂര്‍ വ്യക്തമാക്കി.
ഡല്‍ഹിയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായും ചടങ്ങില്‍ പ്രധാനമന്ത്രി വികസനത്തിനുവേണ്ടിയുള്ള വൃഗ്രതയേക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്ന് തരൂര്‍ തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു. കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയില്‍ നിന്ന് മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി വാദിക്കുകയും ചെയ്തതായി ശശി തരൂര്‍ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപ്രീതിക്ക് വഴിവച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിനിധി സംഘത്തെ നയിക്കാന്‍ മോദി സര്‍ക്കാര്‍ തരൂരിനെ വിദേശത്തേക്ക് അയച്ചത് കോണ്‍ഗ്രസും തരൂരും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച ശശി തരൂര്‍ എംപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതും രംഗത്തു വന്നിരുന്നു. തരൂരിനെ 'ഹിപ്പോക്രാറ്റ്' എന്ന് വിളിച്ച സന്ദീപ്, എന്തിനാണ് നിങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നതെന്നും ആരാഞ്ഞു. തരൂരിന്റെ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ നിലപാടുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വസ്തതയെക്കുറിച്ച് സംശയങ്ങള്‍ ഉണ്ടെന്നും സന്ദീപ് പറഞ്ഞു. കോണ്‍ഗ്രസ് അടിസ്ഥാനപരമായി എതിര്‍ക്കുന്ന നയങ്ങളെ പ്രശംസിച്ചതിനാണ് സന്ദീപ്, തരൂരിനെ 'ഹിപ്പോക്രാറ്റ്' എന്ന് വിശേഷിപ്പിച്ചത്.
''രാജ്യത്തെ കുറിച്ച് ശശി തരൂരിന് കാര്യമായി അറിവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്കെതിരേ നില്‍ക്കുന്ന ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കില്‍ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെ എന്തിനാണ് കോണ്‍ഗ്രസില്‍ തുടരുന്നത്. എം.പിയായത് കൊണ്ട് മാത്രമാണോ?' ദീക്ഷിത് ചോദിച്ചു. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങള്‍ സ്വന്തം പാര്‍ട്ടിയുടെ നയങ്ങളേക്കാള്‍ നല്ലതാണെന്ന് തോന്നുന്നെങ്കില്‍ നിങ്ങള്‍ അക്കാര്യം വിശദീകരിക്കണം, അല്ലെങ്കില്‍ നിങ്ങള്‍ ഒരു ഹിപ്പോക്രാറ്റാണെന്നും സന്ദീപ് പറഞ്ഞു.
