ഇന്ത്യാക്കാരെ കയ്യിലും കാലിലും വിലങ്ങ് വച്ച് ഭീകരരെ പോലെ നാടുകടത്തിയെന്ന് പ്രതിപക്ഷം; അമേരിക്ക ഇന്ത്യാക്കാരെ നാടുകടത്തുന്നത് ഇത് ആദ്യമല്ലെന്ന് ജയശങ്കര്‍; നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ചോദ്യം; സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്

അമേരിക്ക ഇന്ത്യാക്കാരെ നാടുകടത്തുന്നത് ഇത് ആദ്യമല്ലെന്ന് ജയശങ്കര്‍

Update: 2025-02-06 09:46 GMT

ന്യൂഡല്‍ഹി: 'അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചാല്‍, നാടുകടത്തും'- ഈ വ്യക്തമായ സന്ദേശമാണ് ട്രംപ് ഭരണകൂടം നല്‍കുന്നത്. യുഎസില്‍ നിന്ന് സൈനിക വിമാനത്തില്‍ തിരിച്ചയച്ചവരെ കയ്യിലും കാലിലും വിലങ്ങ് വച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഈ വിഷയം ഉന്നയിച്ചായിരുന്നു അത്ത് പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. രാജ്യസഭയില്‍ പ്രതിപക്ഷം ഇറങ്ങി പോടി.

അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ഇതാദ്യമല്ല എന്നായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ രാജ്യസഭയിലെ വിശദീകരണം.

നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ല. 2009 മുതല്‍ യുഎസ് ഇന്ത്യാക്കാരെ തിരിച്ചയയ്ക്കുന്നുണ്ട്. നിയമവിരുദ്ധമായി തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടതെന്നും അനധികൃത കുടിയേറ്റ ഏജന്‍സികള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ പ്രതിപക്ഷം ബഹളം വെച്ചു. ഭീകരവാദികളെ പോലെ ഇന്ത്യക്കാരോട് പെരുമാറിയതെന്തിനെന്ന് രണ്‍ദീപ് സുര്‍ജെവാല ചോദിച്ചു. അമേരിക്കന്‍ തടവില്‍ എത്ര ഇന്ത്യക്കാരുണ്ടെന്ന് ചോദിച്ച കോണ്‍ഗ്രസ് കൊളംബിയ പോലൊരു ചെറിയ രാജ്യം ചെറുത്തതു പോലെ ഇന്ത്യ ചെറുക്കാത്തത് എന്തു കൊണ്ടെന്നെന്നും ചോദിച്ചു.

ഇന്ത്യക്കാരെ കൊണ്ടുവരാന്‍ എന്തു കൊണ്ട് സര്‍ക്കാര്‍ വിമാനം അയച്ചില്ലെന്നാണ് തൃണമൂല്‍ എം പി സാകേത് ഗോഖലെ ചോദിച്ചത്.' ലോകത്തിലെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയാണ് നമ്മള്‍....ആദ്യ പത്തില്‍ ഉള്‍പ്പെടാത്ത കൊളംബിയ പോലുള്ള രാജ്യങ്ങള്‍ സ്വന്തം പൗരന്മാരെ അന്തസോടെ മടക്കി കൊണ്ടുവരാന്‍ വിമാനം അയയ്ക്കുമ്പോള്‍ നമ്മുടെ സര്‍ക്കാരിന് എന്തുകൊണ്ട് സാധിക്കുന്നില്ല, അദ്ദേഹം ആരാഞ്ഞു.

അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയപ്പോഴും ഇന്ത്യക്കാരെ അപമാനിച്ചുവെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. ഹരിയാന സര്‍ക്കാര്‍ ജയില്‍ വാഹനങ്ങളിലാണ് ഇവരെ കൊണ്ടുപോയതെന്നും സഞ്ജയ് സിംഗ് പറഞ്ഞു. ഇന്ത്യക്കാരെ നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും ചോദിച്ചു.

നരേന്ദ്ര മോദി യുഎസില്‍ എത്തുമ്പോള്‍ ട്രംപുമായുള്ള ചര്‍ച്ചയില്‍ ഈ വിഷയം ഉന്നയിക്കുമോ എന്ന് ശിവസേനയും ചോദിച്ചതോടെ രാജ്യസഭയില്‍ ബഹളമായി. എന്നാല്‍ 104 പേര്‍ മടങ്ങി വരുന്ന കാര്യം അറിയാമായിരുന്നു എന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. വിമാനം ഇറങ്ങാന്‍ അനുമതി ഇന്ത്യ നല്‍കിയിരുന്നു. മടങ്ങിയെത്തിയവരില്‍ നിന്ന് ഏജന്റുമാരുടെ വിവരം ശേഖരിച്ചുവെന്നും വ്യക്തമാക്കിയ എസ് ജയശങ്കര്‍ സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്നും സൂചിപ്പിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.

Tags:    

Similar News