ജനകീയ അടിത്തറയില്‍ മുന്നിലുള്ള ശോഭ സുരേന്ദ്രന് നിര്‍ണായക പദവി നല്‍കും; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശോഭയ്‌ക്കൊപ്പം ഷോണ്‍ ജോര്‍ജ്ജും എത്തും; ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണിക്ക് രാജീവ് ചന്ദ്രശേഖര്‍; പുതുമുഖങ്ങള്‍ക്കും ജനപ്രിയര്‍ക്കും കൂടുതല്‍ പരിഗണന നല്‍കും; പുതുവഴിയില്‍ നീങ്ങാന്‍ രാജീവ്

ജനകീയ അടിത്തറയില്‍ മുന്നിലുള്ള ശോഭ സുരേന്ദ്രന് നിര്‍ണായക പദവി നല്‍കും

Update: 2025-03-26 11:20 GMT

തിരുവനന്തപുരം: കേരള ബിജെപിയുടെ സംസ്ഥാന ഭാരവാഹികളെ നിശ്ചയിക്കുക എന്ന വലിയ കടമ്പയാണ് പുതിയ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് മുന്നിലുള്ളത്. എന്നാല്‍, ഇതുവരെ മുന്നോട്ടു പോയ വഴിയില്‍ നീങ്ങാന്‍ സാധിക്കില്ലെന്ന വ്യക്തമായ സന്ദേശം അദ്ദേഹം നേതാക്കള്‍ക്ക് നല്‍കി കഴിഞ്ഞു. നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും അനുഗ്രഹാശിസ്സുകളോടെയാണ് രാജീവ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത് അതുകൊണ്ട് തന്നെ തന്റെ കാലൂവാരാന്‍ ആരെയും അനുവദിക്കില്ലെന്നും അസന്നിഗ്ധമായി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാന ഭാരവാഹികളുടെ നിയമനത്തിലും രാജീവിന് പരിഗണന ലഭിക്കും.

ജനകീയരായ വ്യക്തികളെ ഉള്‍പ്പെടുത്തി കൊണ്ട് സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്താനാണ് രാജീവ് ചന്ദ്രശേഖറിന്റെ നീക്കം. പ്രവര്‍ത്തന സജ്ജമായ ടീമിനെയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 4 ജനറല്‍ സെക്രട്ടറിമാര്‍, 10 വൈസ് പ്രസിഡന്റുമാര്‍, 10 സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവരടങ്ങുന്നതാണ് സംസ്ഥാന ഭാരവാഹി പട്ടിക. ഇതില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനെയാണ് സജീവമായി പരിഗണിക്കുന്നത്.

ക്രൈസ്തവ പ്രതിനിധി എന്ന നിലയില്‍ ഷോണ്‍ ജോര്‍ജ്ജും ആ സ്ഥാനത്തേക്ക് എത്തും. എം ടി രമേശ്, സന്ദീപ് വചസ്പദി എന്നിവരില്‍ ഒരാളെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പട്ടികജാതി വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധിയായി നിലവില്‍ പി സുധീറാണ് ഉള്ളത്. അദ്ദേഹത്തെ നിലനിര്‍ത്താനുള്ള സാധ്യതയുമുണ്ട്. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ആര്‍എസ്എസ് പ്രചാരകനെ തിരികെ വന്നാല്‍ അതും കേരളത്തില്‍ നിര്‍ണായകമാകും.

തൃശൂരില്‍ ബിജെപിയുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചതില്‍ ക്രൈസ്തവ വിഭാഗത്തിനും പങ്കുണ്ട്. അതുകൊണ്ട് തന്നെയാണ് ഷോണ്‍ ജോര്‍ജിനെ പോലെ ജനകീയ അടിത്തറയുള്ള നേതാവിനെ ഒപ്പം നിര്‍ത്തും. ജനറല്‍ സെക്രട്ടറി പദവി നല്‍കുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്. ക്രൈസ്തവ സമൂഹത്തെ കൂടെ നിര്‍ത്തി തൃശൂരിന് സമാനമായ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ഈ സമൂഹ്യ സാഹചര്യം ബിജെപിക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.


Full View

യുവാക്കളും ജനകീയരുമായി ടീം ഒത്തു ചേര്‍ന്നാല്‍ കേരളത്തില്‍ ബിജെപി വിജയം സാധ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. സംസ്ഥാന ബിജെപിയില്‍ ഗ്രൂപ്പിസം ഇല്ലെന്നുമാണ് രാജീവ് പറയുന്നത്. ഇനിയങ്ങോട്ട് അത്തരം ഗ്രൂപ്പു താല്‍പ്പര്യം ഉണ്ടാകില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് രാജീവ് നല്‍കുന്നതും. 10 വൈസ് പ്രസിഡന്റുമാരുണ്ടായിരുന്നെങ്കിലും പകുതിപ്പേരും മുന്‍നിര പ്രവര്‍ത്തനത്തിന് എത്തിയില്ലെന്ന പരാതി കെ.സുരേന്ദ്രനുണ്ടായിരുന്നു. ഈ പരാതി പരിഹരിക്കുന്ന വിധത്തില്‍ സജീവമായ ആള്‍ക്കാരെ വൈസ് പ്രസിഡന്റ് പദവിയില്‍ കൊണ്ടുവന്നേക്കും.

നരേന്ദ്ര മോദിയെ മാതൃകയാക്കി കഠിനാധ്വാനം നടത്തി മുന്നോട്ടു പോകാനാണ് പുതിയ നേതൃത്വത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങളിലേക്കുള്ള പാലമിടാന്‍ കഴിയുന്ന നേതാവാണ് രാജീവ് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിഗമനം. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് വോട്ട് വിഹിതത്തില്‍ പതിനഞ്ചു ശതമാനത്തിലേറെ വളര്‍ച്ച നേടാന്‍ സംസ്ഥാനത്ത് ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു പാര്‍ലമെന്റ് അംഗത്തെ വിജയിപ്പിക്കാനും കഴിഞ്ഞു. ക്രൈസ്തവ വിഭാഗങ്ങളെകൂടി വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞാല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ പത്ത് ശതമാനം വോട്ട് കൂടി അധികമായി നേടാന്‍ കഴിയുമെന്നാണു ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.

ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമാക്കി ഇതിനു മുമ്പു പല പരീക്ഷണങ്ങളും ബി.ജെ.പി.നടത്തിയെങ്കിലും ഉദേശിച്ച ഫലം കണ്ടില്ല.

കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളെ സ്വാധീനിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ലെന്നു കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത ഉണ്ടായിരുന്നിട്ടും പരാജയപ്പെട്ട 144 മണ്ഡലങ്ങളില്‍ നേരിട്ട് സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിമാര്‍ സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പരാജയ കാരണം ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയുള്ള സ്വാധീന കുറവാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ലോക്സഭാ മണ്ഡലങ്ങളാണു കേരളത്തില്‍ നിന്നും പരിഗണിച്ചിരുന്നത്. ക്രൈസ്തവ വിഭാഗങ്ങള്‍ക്കു ബി.ജെ.പി.യോടുള്ള അകല്‍ച്ച ഇല്ലാതായിട്ടുണ്ടെങ്കിലും വോട്ടായി മാറ്റാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ വിമര്‍ശനം. ഈ സാഹചര്യത്തിലാണു ക്രൈസ്തവ വിഭാഗങ്ങള്‍ക്കു പൊതുവില്‍ സ്വീകര്യനായ ഒരു നേതാവ് എന്ന നിലയില്‍ രാജീവ് ചന്ദ്രശേഖറെ കളത്തില്‍ ഇറക്കുന്നത്.

അടുത്ത കാലത്ത് മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി എടുത്ത നിലപാട് ക്രൈസ്തവ സമൂഹം പൊതുവേ സ്വാഗതം ചെയ്തിരുന്നു. മുനമ്പം വിഷയം ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സജീവ ചര്‍ച്ചയാക്കി മാറ്റിയതില്‍ വലിയ പങ്ക് വഹിച്ചത് രാജീവ് ചന്ദ്രശേഖറാണ്. ബി.ജെ.പി. നേതാക്കളില്‍ ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരില്‍ ഏറെ സ്വാധീനമുള്ള ഷോണ്‍ ജോര്‍ജിനെയാണ് രാജീവ് ചന്ദ്രശേഖര്‍ ഇതിനായി ഫലപ്രദമായി ഉപയോഗിച്ചത്. ഇത് വലിയ വിജയം കാണുകയും ചെയ്തു.

ഏറ്റവുമൊടുവില്‍ പി.സി. ജോര്‍ജ് നടത്തിയ 'ലൗ ജിഹാദ്' പരാമര്‍ശം ഉണ്ടാക്കിയ വിവാദത്തില്‍ കത്തോലിക്കാ സഭാ ജോര്‍ജിനൊപ്പം ഉറച്ചു നിന്നത് ബി.ജെ.പി.ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കികൊടുത്തത്. പി.സി ജോര്‍ജിനെ ബി.ജെ.പി ദേശീയ നേതൃത്വം ദേശീയ കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്യുകയും ചെയ്തു. ഇനിയും ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാക്കളെ ബി.ജെ.പിയിലേക്ക് എത്തിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

Tags:    

Similar News