എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി; സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന് നിര്‍ണായക പദവി നല്‍കിയത് കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയതോടെ; പ്രിസം പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മോഡലിന് പുതുവഴി നല്‍കിയ വിഎസ് പക്ഷക്കാരനെ ഒപ്പം ചേര്‍ത്ത് മുഖം മിനുക്കലിന് പിണറായി വിജയന്‍

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

Update: 2025-05-17 06:46 GMT

തിരുവനന്തപുരം: മുന്‍ എംഎല്‍എയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായി എ പ്രദീപ്കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. സിപിഎം സംസ്ഥാന കമ്മറ്റി അംഗമായ പ്രദീപ് കുമാറിന് നിര്‍ണായക പദവി നല്‍കിയത് പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചിട്ടുണ്ട്. ക്ലീന്‍ ഇമേജുള്ള ജനപിന്തുണയുള്ള നേതാവാണ് പ്രദീപ് കുമാര്‍. ഇങ്ങനെയൊരു നേതാവിനെ തന്റെ ഓഫീസില്‍ എത്തിച്ചതോടെ നിര്‍ണായക തീരുമാനമാണ് മുഖ്യമന്ത്രി കൈക്കൊണ്ടത്. മുഖം മിനുക്കലാണ് ഇതിലൂടെ പിണറായിയും സിപിഎമ്മും ലക്ഷ്യമിടുന്നത്.

കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് പ്രദീപ് കുമാറിനെ നിയമിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ നേതാവായാണ് പ്രദീപ് കുമാര്‍ രാഷ്ട്രീയത്തില്‍ സജീവമായത്. പിന്നീട് ജനപ്രതിനിധിയായ ശേഷം പ്രദീപ് കുമാര്‍ കൊണ്ടു വന്ന പല പദ്ധതികളും ശ്രദ്ധേയമായിരുന്നു. അതേസമയം പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ പരിഗണിക്കപ്പെട്ടിരുന്ന പേരുകളില്‍ പ്രദീപ് കുമാറിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നില്ല.

കണ്ണൂരില്‍ നിന്നുമൊരാള്‍ സ്ഥാനത്തെത്തുമെന്നായിരുന്നു സൂചന. പലരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് പ്രദീപിനെ നിര്‍ണായക പദവിയില്‍ നിയോഗിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കാലാവധിതീരാന്‍ ഒരുവര്‍ഷം മാത്രമുള്ളതിനാല്‍ പ്രൈവറ്റ് സെക്രട്ടറി പാര്‍ട്ടിയില്‍നിന്ന് വേണോ ഉദ്യോഗസ്ഥര്‍ മതിയോ എന്നതരത്തില്‍ ചര്‍ച്ച നടന്നിരുന്നു. അവസാനവര്‍ഷം നിര്‍ണായകമായതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജാഗ്രതയോടെ നയിക്കാന്‍ രാഷ്ട്രീയ പശ്ചാത്തലമുള്ളയാള്‍ വരുന്നതാണ് ഉചിതമെന്ന നേതാക്കളുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് പാര്‍ട്ടി മുന്‍ എംഎല്‍എയെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.

പാര്‍ട്ടിയുടെ നിര്‍ദേശമാണ് ഇക്കാര്യത്തില്‍ നിര്‍ണായകമായത് എന്നാണ് പുറത്തുവരുന്ന വിവരള്‍. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ ആയിരിക്കെ എ പ്രദീപ് കുമാര്‍ കൊണ്ടുവന്ന പ്രിസം പദ്ധതിയാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന വികസനത്തില്‍ വഴിത്തിരിവായി മാറിയത്. കോഴിക്കോട്ടെ ഏറ്റവും ജനകീയ നേതാക്കളില്‍ ഒരാള്‍ കൂടിയാണ് പ്രദീപ് കുമാര്‍.

1964ല്‍ ഗോപാലകൃഷ്ണക്കുറിപ്പിന്റെയും കമലാക്ഷിയുടെയും മകനായി ചേലക്കാടാണ് പ്രദീപ് കുമാറിന്റെ ജനനം. എസ്എഫ്‌ഐയിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിലെത്തി. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. മൂന്നു തവണ എംഎല്‍എയായി. കോഴിക്കോട് നോര്‍ത്തില്‍നിന്നു തുടര്‍ച്ചയായി രണ്ടു തവണ നിയമസഭയിലെത്തി.

പ്രിസം പദ്ധതിയിലൂടെ പുനരുജ്ജീവന്‍ നല്‍കിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍, കാരപ്പറമ്പ് സ്‌കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്‌കൂള്‍, പുതിയങ്ങാടി യുപി സ്‌കൂള്‍. പുതിയങ്ങാടി എല്‍.പി സ്‌കൂള്‍, കണ്ണാടിക്കല്‍ എല്‍.പി.സ്‌കൂള്‍, മലാപ്പറമ്പ് എല്‍.പി സ്‌കൂള്‍,, കോഴിക്കോട് കടപ്പുറത്തിന്റെ മുഖച്ഛായ മാറ്റിയ ഫ്രീഡം സ്‌ക്വയര്‍, ഭട്ട് റോഡ് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയം എന്നിവ പ്രദീപ് കുമാര്‍ കോഴിക്കോടിന് സമ്മാനിച്ച സ്വപ്ന പദ്ധതികളാണ്.

Tags:    

Similar News