വിദ്യാര്‍ത്ഥി സംഘടനയെ നയിക്കാന്‍ 112 ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച അധ്യാപകന്‍; എംബിബിഎസിന് ശേഷം അഷ്ടാംഗ ആയുര്‍വേദ കോളേജില്‍ മെഡിക്കല്‍ ഓഫീസറായ സോളങ്കി; എബിവിപിയെ ഇനി ഇവര്‍ നയിക്കും; എന്തുകൊണ്ട് ആര്‍ എസ് എസ് വിദ്യാര്‍ത്ഥി സംഘടനയുടെ തലപ്പത്ത് പ്രഫസറെത്തി?
മുംബൈ:അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ അധ്യക്ഷനായി പ്രൊഫ രാജ് ശരണ്‍ ഷാഹിയും ദേശീയ ജനറല്‍ സെക്രട്ടറിയായി ഡോ വീരേന്ദ്ര സിംഗ് സോളങ്കിയും തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച മുംബൈയിലെ എബിവിപി ആസ്ഥാനത്ത് നടന്ന സംഘടനാ തെരഞ്ഞെടുപ്പിലാണ് ദേശീയ അധ്യക്ഷനെയും ദേശീയ ജനറല്‍ സെക്രട്ടറിയെയും നിശ്ചയിച്ചത്. വിദ്യാര്‍ത്ഥി പ്രസ്ഥാനമാണെങ്കിലും അധ്യക്ഷ സ്ഥാനത്ത് അധ്യാപകരെ നിയോഗിക്കുന്നതാണ് എബിവിപിയിലെ രീതി. കുട്ടികളെ മികച്ച രീതിയില്‍ നയിക്കുകയും കാര്യപ്രാപ്തിയുള്ളവരുമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ടാണ് പ്രെഫസറായ രാജ് ശരണ്‍ ഷാഹി വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റാകുന്നത്.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നവംബര്‍ 22, 23 24 തീയതികളില്‍ നടക്കാനിരിക്കുന്ന 70-ാം എബിവിപി ദേശീയ സമ്മേളനത്തില്‍ ഇരുവരും ചുമതല ഏറ്റെടുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറും ദേശീയ നിര്‍വാഹക സമിതി അംഗവുമായ പ്രൊഫ പ്രശാന്ത് സേത്ത് അറിയിച്ചു . ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിയായ രാജ്ശരണ്‍ ഷാഹി ലഖ്‌നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസ വിഭാഗം അധ്യാപകനാണ്. അദ്ദേഹത്തിന്റെ 112- ഓളം ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ദേശീയ, അന്തര്‍ദേശീയ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ ദേശീയ വിദ്യാഭ്യാസ നയ നിര്‍വഹണ സമിതി അംഗമാണ് അദ്ദേഹം . സാമൂഹിക, വിദ്യാഭ്യാസ വിഷയത്തില്‍ ഗഹനമായ പാണ്ഡിത്യമുള്ള രാജ്ശരണ്‍ ഷാഹി ഉത്തര്‍പ്രദേശിലെ സംഘടനാ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.എബിവിപിയുടെ ഗോരഖ്പൂര്‍ മഹാനഗര്‍, ഗോരക്ഷാ പ്രാന്ത് അധ്യക്ഷനായും ദേശീയ ഉപാദ്ധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട് . എബിവിപി ദേശീയ അധ്യക്ഷനായി തുടര്‍ച്ചയായി മൂന്നാം തവണയാണ് ശ്രീ രാജ്ശരണ്‍ ഷാഹി തെരഞ്ഞെടുക്കപ്പെട്ടത്.
മധ്യപ്രദേശിലെ ഉദയ്‌നഗര്‍ (ഇണ്ടോര്‍ ജില്ലാ)സ്വദേശിയാണ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ.വീരേന്ദ്ര സിംഗ് സോളങ്കി .ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ നിന്ന് എം ബി ബി എസ് പൂര്‍ത്തീകരിച്ച അദ്ദേഹം ഇന്‍ഡോറിലെ ഗവണ്‍മെന്റ് ഓട്ടോണമസ് അഷ്ടാംഗ ആയുര്‍വേദ കോളേജ് & ഹോസ്പിറ്റലില്‍ താത്കാലിക മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ്.
നിലവില്‍ നീറ്റ് പിജി പരീക്ഷാര്‍ത്ഥിയാണ് അദ്ദേഹം.അലോപ്പതി വിദ്യാര്‍ത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എബിവിപി ആരംഭിച്ച മെഡിവിഷന്‍ സംഘടനയുടെ ദേശീയ കണ്‍വീനറായിരുന്ന അദ്ദേഹം മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താനായി അശ്രാന്ത പരിശ്രമം നടത്തിയിട്ടുണ്ട് .
കോളേജ് യൂണിറ്റ് പ്രസിഡണ്ട്, ഇന്‍ഡോര്‍ നഗര്‍ സെക്രട്ടറി,മെഡിവിഷന്‍ സംസ്ഥാന കണ്‍വീനര്‍, കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം, ദേശീയ മെഡിവിഷന്‍ കണ്‍വീനര്‍ , ദേശീയ സെക്രട്ടറി എന്നീ സുപ്രധാന പദവികള്‍ വിരേന്ദ്ര സിംഗ് സോളങ്കി വഹിച്ചിട്ടുണ്ട്.