'എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം'; കേന്ദ്ര ബജറ്റിന് പിന്നാലെ സുരേഷ് ഗോപിയെ പരിഹസിച്ച് എം.എം. മണി

Update: 2026-02-02 10:00 GMT

ഇടുക്കി: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ ബിജെപി എംപി സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഎം നേതാവ് എം.എം. മണി രംഗത്ത്. "എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടത്. പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണ്," മണി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കാത്ത പശ്ചാത്തലത്തിലാണ് എം.എം. മണിയുടെ ഈ പ്രതികരണം.

നേരത്തെ സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമർശത്തോടുള്ള പരോക്ഷ വിമർശനമായാണ് മണിയുടെ ഈ പരിഹാസം വിലയിരുത്തപ്പെടുന്നത്. തൃപ്പൂണിത്തുറയിൽ നടന്ന ബിജെപി യോഗത്തിൽ സംസാരിക്കവെ, 'കേരളത്തിൽ എയിംസ് വരും മറ്റേ മോനെ' എന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. എയിംസ് വരുന്നതിനെക്കുറിച്ച് ഭയപ്പെടുന്നവർ ആ ഭയത്തിൽ മുങ്ങിമരിക്കുമെന്നും അദ്ദേഹം അന്ന് കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ, സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ആവർത്തിച്ച് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടും, ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപിക്കപ്പെട്ടില്ല. എയിംസിന് പുറമേ, അതിവേഗ റെയിൽ ഇടനാഴികളിലും ബജറ്റിൽ പ്രഖ്യാപനമുണ്ടായില്ല. അയൽസംസ്ഥാനമായ തമിഴ്നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ അനുവദിച്ചപ്പോഴാണ് കേരളത്തെ പൂർണ്ണമായും അവഗണിച്ചത്.

സംസ്ഥാനം ദീർഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം ബജറ്റിൽ പൂർണ്ണമായും തഴയപ്പെട്ടു. കടലാമ സംരക്ഷണ കേന്ദ്രം മാത്രമാണ് ഇന്നലെത്തെ ബജറ്റിൽ കേരളത്തിന് അനുവദിച്ചത്.

Tags:    

Similar News