'അടൂർ പ്രകാശിന്റേത് സ്ത്രീവിരുദ്ധ നിലപാട്'; ആദ്യമായല്ല ഇത്തരം പരാമർശങ്ങൾ ഉണ്ടാകുന്നത്; സർക്കാർ അതിജീവിതക്കൊപ്പം; പോരാട്ടം ഇനിയും തുടരുമെന്നും മന്ത്രി വീണാ ജോർജ്

Update: 2025-12-09 06:50 GMT

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റമുക്തനാക്കപ്പെട്ട നടൻ ദിലീപിനെ പിന്തുണച്ച് പരസ്യ പ്രസ്താവന നടത്തിയ യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടൂർ പ്രകാശിന്റേതും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റേതും അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നിലപാടാണ് ഈ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. ഇത്തരം പരാമർശങ്ങളും സമീപനങ്ങളും അവരുടെ ഭാഗത്തുനിന്ന് ആദ്യമായല്ല ഉണ്ടാകുന്നത്. സർക്കാർ അതിജീവിതക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും, ഈ പോരാട്ടം ഇനിയും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ദിലീപിന് നീതി കിട്ടിയെന്നായിരുന്നു അടൂർ പ്രകാശ് നേരത്തെ പ്രതികരിച്ചത്. താൻ ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തിയാണെന്നും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉണ്ടാക്കിയെടുത്ത കേസാണിതെന്നാണ് വിധിവന്നപ്പോൾ തോന്നിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പരാമർശം വിവാദമായതിനു പിന്നാലെ അടൂർ പ്രകാശ് വിശദീകരണവുമായി രംഗത്തെത്തി. മാധ്യമങ്ങൾ ഒരുവശം മാത്രമാണ് നൽകിയതെന്നും, താൻ എപ്പോഴും അതിജീവിതക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് വെറുതെ ചർച്ചയുണ്ടാക്കുകയാണ്. അപ്പീൽ പോകുന്ന കാര്യത്തിൽ അഭിപ്രായം പറയേണ്ട ആൾ താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 439 ദിവസങ്ങളിലായി നടന്ന വിചാരണ നടപടികൾക്കൊടുവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് നടൻ ദിലീപിനെ കുറ്റമുക്തനായി വിധിച്ചത്. കേസിൽ ആറുപേരെ കുറ്റക്കാരായി കണ്ടെത്തിയ കോടതി മറ്റ് മൂന്നുപേരെ വിട്ടയച്ചു. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.

Tags:    

Similar News