തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് കോണ്‍ഗ്രസ് വിടുന്നതെന്ന തുറന്നുപറച്ചില്‍; നേതൃത്വത്തെ വെട്ടിലാക്കി വാര്‍ത്താസമ്മേളനം; പിന്നാലെ എകെ ഷാനിബിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

എ കെ ഷാനിബും പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു

Update: 2024-10-19 16:04 GMT

പാലക്കാട്: പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെടുത്ത പല തീരുമാനങ്ങളും തെറ്റാണെന്നും രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും ഷാനിബ് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തിലെ ആരോപണങ്ങള്‍ നേതൃത്വത്തെ വെ്ട്ടിലാക്കിയതിന് പിന്നാലെയാണ് പുറത്താക്കല്‍.

സംഘടനാ വിരുദ്ധപ്രവര്‍ത്തനവും അച്ചടക്കലംഘനവും കാട്ടിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി പാലക്കാട് ജില്ലാ കമ്മിറ്റി അറിയിച്ചു. കോണ്‍ഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എകെ ഷാനിബ് ഉന്നയിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണം നടന്നുകൊണ്ടിരിക്കെ സരിന് പിന്നാലെ എകെ ഷാനിബും പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു.

തുടര്‍ ഭരണം സിപിഎം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും പാലക്കാട് - വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും എകെ ഷാനിബ് ആരോപിച്ചിരുന്നു. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരെന്നും കരാറിന്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നതെന്നും ഷാനിബ് പറഞ്ഞു. ആറന്മുളയില്‍ അടുത്ത തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും. അതിന് വലിയ വില കൊടുക്കേണ്ടി വരുന്നു. ഡോ. പി സരിന്റെ വിജയത്തിനായി ഇനി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ഒരു സമുദായത്തില്‍പെട്ട നേതാക്കളെ കോണ്‍ഗ്രസ് പൂര്‍ണമായും തഴയുകയാണെന്ന് ഷാനിബ് വിമര്‍ശിച്ചു. ആ സമുദായത്തില്‍ നിന്ന് താന്‍ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിന്റെ നിലപാട്. എതിര്‍ നിലപാട് പറഞ്ഞാല്‍ ഫാന്‍സ് അസോസിയേഷന്‍കാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോണ്‍ഗ്രസ് തെരെഞ്ഞടുപ്പ് രീതി തന്നെ മാറ്റി. ഉമ്മന്‍ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പില്‍ കൂടുതല്‍ തലപൊക്കിയത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ഉമ്മന്‍ചാണ്ടി ഷാഫി പറമ്പിലിനെ അറിയിച്ചു. ഷാഫി പറമ്പില്‍ അത് അട്ടിമറിച്ച് വിഡി സതീശനൊപ്പം നിന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി വിഡി സതീശന്‍ ആര്‍എസ്എസിന്റെ കാല് പിടിക്കുകയാണെന്ന് പറഞ്ഞ ഷാനിബ് വാര്‍ത്താസമ്മേളനത്തിനിടെ വിതുമ്പി.

വ്യക്തിപരമായ നേട്ടത്തിനല്ല പാര്‍ട്ടി വിടുന്നത്. ഉമ്മന്‍ചാണ്ടി സാറ് പോയ ശേഷം പാര്‍ട്ടിയില്‍ പരാതി പറയാന്‍ ആളില്ലാത്ത സ്ഥിതിയാണ്. പരാതി പറയുമ്പോള്‍ അത് കേള്‍ക്കാനാളില്ല. നിവൃത്തികേട് കൊണ്ടാണ് പലരും പാര്‍ട്ടിയില്‍ മിണ്ടാതെ നില്‍ക്കുന്നത്. രാഷ്ട്രീയ വഞ്ചനയുടെ കഥയാണ് ഈ പാര്‍ട്ടിയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാലക്കാട്ടെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്. ഉപതെരെഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കും. കോണ്‍ഗ്രസ് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഡോ. പി സരിനെ പിന്തുണക്കും. സിപിഎമ്മിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ഇപ്പോള്‍ ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് വ്യക്തമാക്കി.

വടകര-പാലക്കാട്-ആറന്മുള കരാറിന്റെ ഭാഗമായാണ് ഷാഫി പറമ്പില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിന്‍ സരിന്‍ പറഞ്ഞത് കൃത്യമായ ബോധ്യത്തോടെയുള്ള കാര്യങ്ങളാണ്. അതിന് സാധൂകരിക്കുന്ന കാര്യങ്ങളാണ് തനിക്കും പറയാനുള്ളത്. പ്രതീക്ഷിക്കാത്ത തീരുമാനങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും ഷാനിബ് പറഞ്ഞു.

സന്തോഷകരമായ ദിവസമല്ല തന്നെ സംബന്ധിച്ച്. ഒരിക്കലും ഇതുപോലെ വന്നിരിക്കേണ്ടി വരുമെന്ന് വിചാരിച്ചതല്ല. ഇത്തരമൊരു തീരുമാനം ആരും പ്രതീക്ഷിച്ചതല്ല. 15 ാം വയസ്സില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയതാണ്. ഇതൊന്നും തള്ളല്ല. തന്റെ നാട്ടിലെ സാധാരണ കോണ്‍ഗ്രസുകാരോട് ക്ഷമ ചോദിക്കുന്നു. ഇങ്ങനെ പോയാല്‍ കേരളത്തില്‍ പാര്‍ട്ടിയുടെ അവസ്ഥ പരിതാപകരം. തുടര്‍ച്ചയായി പ്രതിപക്ഷത്തിരുന്നിട്ടും തിരുത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും ഷാനിബ് വിമര്‍ശിച്ചു.

പാലക്കാട് മത്സരിക്കാന്‍ കോണ്‍ഗ്രസിന് നിരവധി പേര്‍ ഉണ്ടായിരുന്നില്ലേ. വി ടി ബല്‍റാം, സരിന്‍, കെ മുരളീരന്‍ എന്നിവരെ എന്തുകൊണ്ട് ഒഴിവാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നില്‍ അജണ്ടയുണ്ട്. ചിലരുടെ തെറ്റായ സമീപനങ്ങളും നീക്കങ്ങളുമാണ് ഇപ്പോഴത്തെ സാഹചര്യം ഉണ്ടാക്കിയതെന്നും ഷാനിബ് പറഞ്ഞു.

ചിലര്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പോയി നാടകം കളിക്കുന്നു. ഒരാള്‍ മാത്രമായി പാലക്കാട്ടെ കോണ്‍ഗ്രസ് മാറി. താന്‍ മാത്രം മതി എന്നാണ് ചിലരുടെ ധാരണ. ക്രൂരമായ അവഗണനയും അവഹേളനവും നേരിട്ടു. ഉമ്മന്‍ ചാണ്ടിയോട് പരാതി പറഞ്ഞു. പ്രായം കഴിഞ്ഞിട്ടാണ് ഷാഫി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയത്. പാര്‍ട്ടി ഭരണഘടന മാറ്റിയാണ് ഷാഫിയെ പ്രസിഡന്റ് ആക്കിയത്. തെറ്റിനെതിരെ പ്രതികരിക്കുന്നവരെ ഫാന്‍സുകാരെക്കൊണ്ട് അപമാനിച്ചു. കെ സി വേണുഗോപാലിനോടും പരാതി പറഞ്ഞു. സരിന്‍ എട്ട് വര്‍ഷമാണെങ്കില്‍ താന്‍ 22 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. തങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ സമ്പാദ്യമാണ് ഈ ഫയല്‍ എന്നും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ രേഖകള്‍ സൂക്ഷിച്ച ഫയല്‍ ഉയര്‍ത്തി ഷാനിബ് പറഞ്ഞു.

വലിയ പ്രതിസന്ധികള്‍ ഉണ്ടായ സമയം ഉണ്ടായിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഉമ്മയോട് പാര്‍ട്ടി വിടുന്ന കാര്യം പറഞ്ഞത്. ആലോചിച്ച് ചെയ്യണം എന്നാണ് ഉമ്മ പറഞ്ഞത്. ഉമ്മ അണ്‍എയിഡഡ് കോളേജിലെ അറബിക് ടീച്ചറായിരുന്നു. പട്ടാമ്പിയില്‍ വെച്ച് ജില്ലാ ക്യാമ്പ് നടത്തിയ സമയത്ത് എറണാകുളത്ത് നിന്നും ബാഗ് ഓര്‍ഡര്‍ ചെയ്തു. പാര്‍ട്ടി നേതാക്കള്‍ സഹായിക്കുമെന്ന് വിചാരിച്ചാണ് ചെയ്തത്. പൈസ കൊടുക്കാന്‍ ഉണ്ടായിരുന്നില്ല. ഒടുക്കം ഉമ്മ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ബാഗ് നിര്‍മ്മിച്ച നാസര്‍ക്ക പോയി.

പോര്‍ബന്ധര്‍ എന്നായിരുന്നു ക്യാമ്പിന്റെ പേര്. അന്ന് പാര്‍ട്ടി വിട്ടിട്ടില്ല. വ്യക്തിപരമായ കാരണത്തിന്റെ പുറത്തൊന്നും പാര്‍ട്ടി വിട്ടിട്ടില്ല. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ പോയശേഷം പരാതി കേള്‍ക്കാന്‍ ആളില്ല. ഉമ്മന്‍ചാണ്ടി സാറിന്റെ പേരില്‍ നടത്തുന്ന നാടകം കണ്ടിട്ടാണ് പാര്‍ട്ടി വിടുന്നത്. പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു. രാഷ്ട്രീയവഞ്ചനയുടെ കഥകളാണ് ഷാഫി പറമ്പിലിന്റെയും വി ഡി സതീശന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. സിപിഐഎമ്മിലേക്ക് പോകില്ല. മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.

Tags:    

Similar News