വരുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ ജനങ്ങള്‍ യുഡിഎഫ്-എല്‍ഡിഎഫ് എന്ന പതിവില്‍ നിന്ന് പുറത്തു വരും; അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി 25 ശതമാനം വോട്ട് നേടും; കേരളത്തിലെ 'ടാര്‍ഗറ്റ്' പ്രഖ്യാപിച്ച് അമിത് ഷാ; ത്രിപുരയും അസമും കേരളത്തിലും ആവര്‍ത്തിക്കും; വോട്ടു കൊള്ള ആരോപണവും തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി

Update: 2025-08-22 08:42 GMT

കൊച്ചി: പ്രതിപക്ഷം ഉന്നയിച്ച വോട്ടു കൊള്ള ആരോപണം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മനോരമ ന്യൂസ് കോണ്‍ക്ലേവ് 2025ലാണ് അമിത് ഷായുടെ പ്രതികരണം. ആദ്യമായാണ് ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മറുപടി പറയുന്നത്. കേരളം ബിജെപി പിടിക്കുമെന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയില്‍ ബിജെപിക്ക് 1 ശതമാനം വോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവിടെ ഭരിക്കുന്നു. അതുപോലെ അസമില്‍ 2 എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്നിടത്ത് ഇന്ന് പൂര്‍ണ ഭൂരിപക്ഷത്തോടെ ഭരിക്കുന്നു. കേരളത്തിലും ബിജെപിക്ക് ശക്തമായ അടിത്തറയുണ്ട്. ബിജെപിയുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവരുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ്-എല്‍ഡിഎഫ് എന്ന സമവാക്യത്തിന് മാറ്റമുണ്ടാകും. ദുരന്ത നിവാരണ ഫണ്ടിന്റെ കാര്യത്തില്‍ പിണറായി വിജയനുമായി സംവാദത്തിനു തയാറാണെന്നും അമിത് ഷാ പറഞ്ഞു.

ആശയത്തെ മുറുകെപ്പിടിച്ചതിനാലും കേരളത്തിന്റെ പുരോഗതിക്കു വേണ്ടിയും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജീവന്‍ കൊടുത്തിട്ടുണ്ട്. അത്തരത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ടയാളാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത സി.സദാനന്ദന്‍. ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക മാത്രമല്ല, കേരളത്തിന്റെ വികസനത്തിനും കേരളത്തെ വികസനത്തിന്റെ മുഖ്യധാരയിലെത്തിക്കാനും കൂടിയാണ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ ജനങ്ങള്‍ യുഡിഎഫ്-എല്‍ഡിഎഫ് എന്ന പതിവില്‍ നിന്ന് പുറത്തു വരും. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി 25 ശതമാനം വോട്ട് നേടുമെന്നും അമിത് ഷാ പറഞ്ഞു.

അത് പുതിയൊരു തുടക്കമാകും. ഇത്തരത്തില്‍ വലിയ മാറ്റങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ത്രിപുരയില്‍ ബിജെപിക്ക് 1 ശതമാനം വോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവിടെ ഭരിക്കുന്നു. അതുപോലെ അസമില്‍ 2 എംഎല്‍എമാര്‍ മാത്രമുണ്ടായിരുന്നിടത്ത് ഇന്ന് പൂര്‍ണ ഭൂരിപക്ഷത്തോടെ ഭരിക്കുന്നു. കേരളത്തിലും ബിജെപിക്ക് ശക്തമായ അടിത്തറയുണ്ട്. ബിജെപിയുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവരുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് എല്‍ഡിഎഫ് എന്ന സമവാക്യത്തിന് മാറ്റമുണ്ടാകും. ദുരന്ത നിവാരണ ഫണ്ടിന്റെ കാര്യത്തില്‍ പിണറായി വിജയനുമായി സംവാദത്തിനു തയാറാണെന്നും അമിത് ഷാ പറഞ്ഞു.

കള്ളവോട്ട് വിവാദത്തേയും കേന്ദ്ര ആഭ്യന്തര മന്ത്രി തള്ളി. എസ്‌ഐആര്‍ സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍ ഏതൊരു പൗരനോ രാഷ്ട്രീയ പാര്‍ട്ടിക്കോ റിട്ടേണിങ് ഓഫിസറെ സമീപിക്കാം. അതില്‍ സംതൃപ്തിയില്ലെങ്കില്‍ ജില്ലാ കലക്ടറെയും പിന്നീട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ സമീപിക്കാം. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇതുവരെ ഇത്തരത്തില്‍ ഒരു പരാതി നല്‍കിയിട്ടില്ല. പരാതിപ്പെടാനുള്ള സംവിധാനങ്ങളുണ്ടായിട്ടും അതു ചെയ്യാതെ ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കുന്നത് എന്ത് രാഷ്ട്രീയമാണ്. അത് ബിഹാറിലെ ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ല. അവര്‍ക്ക് എല്ലാമറിയാമെന്നും അമിത് ഷാ പറഞ്ഞു.

ജാതി, കുടുംബാധിപത്യം, പ്രീണനം എന്നിവയും അഴിമതിയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തടസമായി നിന്നിരുന്നു. എന്നാല്‍ 2014ല്‍ നരേന്ദ്രമോദി അധികാരമേറ്റെടുത്തതോടെ ജാതിവാദത്തിനും കുടുംബാധിപത്യത്തിനും പ്രീണനത്തിനും പകരം പ്രകടനത്തിന്റെ രാഷ്ട്രീയത്തിന്റെ പുതിയ യുഗത്തിന് തുടക്കമായി. എല്ലാ രംഗത്തും ദീര്‍ഘദൃഷ്ടിയോടെയുള്ള നയങ്ങള്‍ നടപ്പിലാക്കി. 2047ല്‍ ഇന്ത്യ ലോകത്തുതന്നെ ഒന്നാമതെത്തുമെന്ന കാര്യത്തില്‍ ഇന്ന് ആര്‍ക്കും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇന്ന് ലോകത്തെ മികച്ച നാലാമത്തെ സമ്പദ് വ്യവസ്ഥയാണ്.

30 ദിവസത്തിലേറെ ജയിലില്‍ കഴിഞ്ഞാല്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാരെ സ്ഥാനത്തുനിന്നു നീക്കുമെന്ന ബില്ലിനെക്കുറിച്ച് ഒരു ആശങ്കയും നേരിടേണ്ട കാര്യമില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ജനങ്ങളോട് ചോദിച്ചിരുന്നു. ഏതെങ്കിലും മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ജയിലില്‍ കിടന്നു കൊണ്ട് ഭരണം നയിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടോ എന്ന്. ഡല്‍ഹിയിലെ മുഖ്യമന്ത്രി ജയിലില്‍നിന്ന് ഭരിക്കുന്ന സമയമുണ്ടായി. ഈ സംവിധാനം മാറണ്ടേ. ഭരണത്തില്‍ നൈതികത ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെക്കുറിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചിലര്‍ ആശങ്ക പരത്തുകയാണ്. ഈ ആശങ്ക അടിസ്ഥാന രഹിതമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ന്യൂനപക്ഷ ജനസംഖ്യയുള്ളത് ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ്. അവിടെ അവര്‍ക്ക് എന്തു ബുദ്ധിമുട്ടാണുള്ളത്. 2014ലും പറഞ്ഞു ബിജെപി അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് അങ്ങനെ സംഭവിക്കും ഇങ്ങനെ സംഭവിക്കും എന്നെല്ലാം. ഒന്നുമുണ്ടായില്ലല്ലോ. പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയാനില്ലാത്തവരും വ്യക്തിപരമായി ദുര്‍ബലമായ ചരിത്രമുള്ളവരും കാര്യമായ നേട്ടങ്ങള്‍ എടുത്തുപറയാനില്ലാത്തവരുമാണ് ഇത്തരം ഭീതി പടര്‍ത്തുന്നത്. നിയമം അനുസരിച്ച് മാത്രമാണ് ബിജെപി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ എല്ലാവരുടെയും അധികാരവും അവകാശവും സംരക്ഷിക്കുന്നവരുമാണ്. മണിപ്പുരിലും കശ്മീരും സാധാരണ ഗതിയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്-അമിത് ഷാ വിശദീകരിച്ചു.

Tags:    

Similar News