'ബാബറി മസ്ജിദ് തകർത്തത് സംഘപരിവാർ'; വർഗീയതയെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല; പകരം അതുമായി സന്ധി ചെയ്യാനാണ് ശ്രമിച്ചത്; മതനിരപേക്ഷതയ്ക്ക് വലിയ ഭീഷണി നേരിടുന്നെന്നും മുഖ്യമന്ത്രി

Update: 2026-01-19 14:50 GMT

കൊല്ലം: ബാബറി മസ്ജിദ് തകർത്തത് സംഘപരിവാറാണെന്നും, കോൺഗ്രസ് നിസ്സംഗത പുലർത്തി അതിന് ഒത്താശ നൽകുകയായിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വർഗീയ സംഘടനകളുമായി കൊടുക്കൽ വാങ്ങലുകൾ നടത്താൻ യുഡിഎഫിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രണ്ടോ മൂന്നോ സീറ്റിനുവേണ്ടി രാഷ്ട്രീയപരമായ ഒത്തുതീർപ്പുകൾക്ക് കോൺഗ്രസും യുഡിഎഫും തയ്യാറായെന്നും അദ്ദേഹം പറഞ്ഞു.

ബാബറി മസ്ജിദ് തകർക്കപ്പെട്ട നരസിംഹ റാവുവിന്റെ ഭരണകാലത്ത്, മതനിരപേക്ഷ വാദികളായ കമ്യൂണിസ്റ്റ് നേതാക്കൾ ഉൾപ്പെടെ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായും എന്നാൽ പരിധിക്ക് പുറത്തായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മസ്ജിദ് പൂർണ്ണമായും തകർക്കപ്പെട്ടതിന് ശേഷമാണ് റാവുവിനെ ഫോണിൽ ലഭിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിന് ഒരു കാലത്തും വർഗീയതയെ ശരിയായ രീതിയിൽ എതിർക്കാൻ കഴിഞ്ഞിട്ടില്ലെന്നും, പകരം വർഗീയതയുമായി സന്ധി ചെയ്യാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇടതുപക്ഷം എല്ലാ കാലത്തും വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് ഒട്ടേറെ പ്രമുഖ നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു.

വർഗീയ നിലപാടുള്ള സംഘപരിവാർ നേതാക്കൾക്ക് സമാനമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് നേതാക്കളുള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയായ മതനിരപേക്ഷത വലിയ ഭീഷണി നേരിടുകയാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ആർഎസ്എസിന്റെ നയങ്ങളാണ് ബിജെപി നടപ്പിലാക്കുന്നത്. രാഷ്ട്രത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് ശ്രമം. ഇതിനാവശ്യമായ ഇടപെടലുകളാണ് അവർ നടത്തുന്നത്. ന്യൂനപക്ഷങ്ങൾ പലതരത്തിൽ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News