നിശ്ശബ്ദമാക്കാന്‍ നോക്കേണ്ട, ഇത് കേരളമാണ്! തദ്ദേശത്തിലെ മിന്നും ജയം നിയമസഭയിലേക്കുള്ള ട്രെയിലര്‍; തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കും ആര്‍എസ്എസിനും മലയാളികള്‍ നല്‍കിയ ചുട്ട മറുപടി; കേരളം യുഡിഎഫ് ഭരിക്കുമെന്ന് കൊച്ചിയില്‍ ആവേശക്കടലിനെ സാക്ഷിനിര്‍ത്തി രാഹുല്‍ ഗാന്ധി

കേരളം യുഡിഎഫ് ഭരിക്കുമെന്ന് കൊച്ചിയില്‍ ആവേശക്കടലിനെ സാക്ഷിനിര്‍ത്തി രാഹുല്‍ ഗാന്ധി

Update: 2026-01-19 11:58 GMT

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കൊച്ചിയില്‍ സംഘടിപ്പിച്ച വിജയാഘോഷത്തില്‍ ആവേശക്കടലായി രാഹുല്‍ ഗാന്ധി. ബിജെപിയും ആര്‍എസ്എസും ഇന്ത്യയുടെ ജനാധിപത്യത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍, അതിന് മലയാളികള്‍ നല്‍കിയ ചുട്ട മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സമ്പത്തും അഭിമാനവും ചുരുക്കം ചില ആളുകളിലേക്ക് മാത്രം ഒതുക്കാനാണ് സംഘപരിവാര്‍ നീക്കം. അതിനായി രാജ്യത്തെ ജനതയുടെ ശബ്ദം ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കുന്നു. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ തങ്ങളുടെ ശബ്ദം ഉച്ചത്തില്‍ മുഴങ്ങിക്കേള്‍ക്കേണ്ടതാണെന്ന് ഈ വിധിയെഴുത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആശയപരമായ സാംസ്‌കാരിക നിശബ്ദത അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ഓരോ ഇന്ത്യക്കാരന്റെയും സ്വത്വത്തെയും ആശയത്തെയും മാനിക്കുന്നതിന് പകരം സ്വന്തം അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ഏകാധിപത്യ പ്രവണതകള്‍ക്ക് കേരളം എന്നും എതിരാണെന്നും, മലയാളിയുടെ ആത്മാഭിമാനം അടിയറവ് വെക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് ഈ തദ്ദേശ വിജയമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.


Full View

കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനാവണം അടുത്ത സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആയിരക്കണക്കിന് യുവാക്കള്‍ ജോലി തേടി നാട് വിടേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രവാസ ജീവിതം ഒരു തിരഞ്ഞെടുപ്പായിരിക്കണം, അല്ലാതെ ഗതികേടുകൊണ്ട് സംഭവിക്കുന്നതാകരുത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് കയ്യെത്തും ദൂരത്ത് നില്‍ക്കുന്ന ഭരണമായിരിക്കും കാഴ്ചവെക്കുക. ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്ന, അവരുമായി ഇഴുകിച്ചേരുന്ന നേതൃത്വമായിരിക്കും കേരളത്തെ നയിക്കുകയെന്നും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.

നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് ഈ വിജയം ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസമാണ് രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം യുഡിഎഫിന് നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. ഈ കരുത്തുമായി കേരളം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസും സഖ്യകക്ഷികളും സജ്ജമാണെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. അഴിമതിക്കും ഏകാധിപത്യത്തിനുമെതിരെ ജനങ്ങള്‍ നല്‍കിയ ഈ വിധിയെഴുത്ത് നിയമസഭാ പോരാട്ടത്തിന്റെ ദിശ നിശ്ചയിക്കുമെന്നും രാഹുല്‍ ഗാന്ധി കൊച്ചിയില്‍ പറഞ്ഞു.


Tags:    

Similar News