വിഡിയെ കാറില്‍ കയറ്റിയില്ല; ആര്‍സിയെ പ്രസംഗിക്കാന്‍ വിളിച്ചത് അടൂര്‍ പ്രകാശിനും ശേഷം; കെഎസിനെ കസേരയില്‍ നിന്നും മാറ്റി; തരൂരിനെ അറിയുന്ന ഭാവം നടിച്ചില്ല; കൊച്ചിയില്‍ അരങ്ങേറിയത് 'നാല് അനീതികള്‍'; കേരളത്തിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുലിന്റെ 'റെഡ് സിഗ്‌നല്‍'
വിഡിയെ കാറില്‍ കയറ്റിയില്ല; ആര്‍സിയെ പ്രസംഗിക്കാന്‍ വിളിച്ചത് അടൂര്‍ പ്രകാശിനും ശേഷം
കൊച്ചി: ഐക്യത്തിന്റെ കൈകോര്‍ക്കലാകുമെന്ന് കരുതിയ കൊച്ചിയിലെ കോണ്‍ഗ്രസ് മഹാപഞ്ചായത്ത് വേദി സാക്ഷ്യം വഹിച്ചത് കേരളത്തിലെ നാല് കരുത്തരായ നേതാക്കള്‍ക്കെതിരെ നടന്ന ആസൂത്രിതമായ അനീതികള്‍ക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍, കെപിസിസി മുന്‍ പ്രസിഡന്റും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവരെ ഒരേപോലെ നിഷ്പ്രഭരാക്കി, കെ.സി. വേണുഗോപാലിനെ കേരളത്തിന്റെ അമരക്കാരനായി വാഴിക്കാനുള്ള ഹൈക്കമാന്‍ഡ് നീക്കമാണ് കൊച്ചിയില്‍ അരങ്ങേറിയത്. ഇതില്‍ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ ധാര്‍മിക രോഷത്തിലാണ്.
വിഡി സതീശനെ വിഡിയെന്നും രമേശ് ചെന്നിത്തലയെ ആര്‍ സിയെന്നും കെ സുധാകരനെ കെഎസ് എന്നുമാണ് അണികള്‍ വിളിക്കുന്നത്. ശശി തരൂരിനെ എസ് ടിയെന്നും. ഈ നാലു നേതാക്കളും മഹാ പഞ്ചായത്തിന് ശേഷം വേദനയിലാണ്. ഇതില്‍ തരൂര്‍ കടുത്ത നിലപാട് എടുക്കാനും സാധ്യതയുണ്ട്. എല്ലാവരും ഒരുമിക്കേണ്ട സമയത്ത് രാഹുല്‍ ഗാന്ധിയുടെ നടപടികള്‍ പക്വത ഇല്ലായ്മയായിരുന്നുവെന്ന് തരൂര്‍ ക്യാമ്പ് വിലയിരുത്തുന്നു.
മഹാപഞ്ചായത്ത് വേദിയിലേക്കുള്ള യാത്രയ്ക്കായി രാഹുല്‍ ഗാന്ധിയുടെ വാഹനത്തില്‍ കയറാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ലഭിച്ചത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. വാഹനത്തിലേക്ക് പ്രവേശിക്കാനൊരുങ്ങിയ സതീശനോട് മറ്റൊരു വാഹനത്തില്‍ വരാന്‍ നിര്‍ദ്ദേശിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ പരസ്യമായി തഴഞ്ഞത് സതീശന്‍ ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്.
സുധാകരനെ കസേരയില്‍ നിന്നെഴുന്നേല്‍പ്പിച്ചു. സംഘടനാ ശാക്തീകരണത്തിന്റെ കരുത്തനായ കെ. സുധാകരനെ വേദിയില്‍ വെച്ച് രാഹുല്‍ നേരിട്ട് കസേരയില്‍ നിന്നെഴുന്നേല്‍പ്പിച്ചതാണ് മറ്റൊരു ചര്‍ച്ചാ വിഷയം. കെ.പി.സി.സി മുന്‍ അധ്യക്ഷനോട് കാണിച്ച ഈ മര്യാദകേട് സുധാകരന്‍ അനുകൂലികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. തന്റെ വിശ്വസ്തര്‍ക്ക് മാത്രം വേദിയില്‍ പ്രാധാന്യം നല്‍കുക എന്ന രാഹുലിന്റെ ലൈന്‍ ഇതിലൂടെ വ്യക്തമായി.
കേരളത്തിലെ കോണ്‍ഗ്രസില്‍ ജനപ്രീതിയില്‍ ഒന്നാമനായ ശശി തരൂരിനെ പൂര്‍ണ്ണമായും അവഗണിക്കുക എന്നതായിരുന്നു മൂന്നാമത്തെ തന്ത്രം. രാഹുല്‍ എത്തുന്നതിന് മുമ്പേ തരൂരിനെക്കൊണ്ട് പ്രസംഗിപ്പിച്ചു തീര്‍ത്തു. തന്റെ സാന്നിധ്യത്തില്‍ തരൂര്‍ പ്രസംഗിക്കേണ്ടതില്ലെന്ന രാഹുലിന്റെ താല്‍പ്പര്യം ഇതിന് പിന്നിലുണ്ടായിരുന്നു. സ്വന്തം പ്രസംഗത്തില്‍ മിക്കവാറും എല്ലാ നേതാക്കളുടേയും പേരെടുത്തു പറഞ്ഞ രാഹുല്‍ തരൂരിന്റെ പേര് മിണ്ടിയതുപോലുമില്ല.
മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെ പ്രസംഗിക്കാന്‍ വിളിച്ചതാകട്ടെ എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ടാണ്. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനും ശേഷമാണ് ചെന്നിത്തലയ്ക്ക് മൈക്ക് നല്‍കിയത്. ചെന്നിത്തലയുടെ സീനിയോറിറ്റിയെ പാടേ അവഗണിച്ചുകൊണ്ടുള്ള ഈ നടപടി നാലാമത്തെ അനീതിയായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.
നാലു പ്രമുഖരെയും ഒതുക്കിയതിലൂടെ കേരളത്തില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാലും ഇവര്‍ ആരും മുഖ്യമന്ത്രിയാകില്ലെന്ന വ്യക്തമായ സന്ദേശമാണ് രാഹുല്‍ നല്‍കിയത്. കെ.സി. വേണുഗോപാലിനെ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരോധിക്കാനുള്ള അനൗദ്യോഗിക പ്രഖ്യാപനമായിരുന്നു ഈ 'മഹാപഞ്ചായത്ത്'.
ഹൈക്കമാന്‍ഡിന്റെ ഈ ഏകപക്ഷീയമായ നീക്കത്തില്‍ മുതിര്‍ന്ന നേതാക്കളും വിവിധ ഗ്രൂപ്പുകളും കടുത്ത അതൃപ്തിയിലാണ്. വരും ദിവസങ്ങളില്‍ കെ.പി.സി.സിയില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമാകും.
