ബേപ്പൂരില്‍ പി.വി. അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും; യു.ഡി.എഫ്. അസോസിയേറ്റ് അംഗമായത് ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെ എന്ന് ആരോപണം

ബേപ്പൂരില്‍ പി.വി. അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും

Update: 2026-01-20 18:20 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി. അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കും. ദേശീയ നേതൃത്വവുമായി കൂടിയാലോചിക്കാതെയും അവരുടെ അനുമതിയില്ലാതെയുമാണ് അന്‍വര്‍ യു.ഡി.എഫ്. അസോസിയേറ്റ് അംഗമായതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.ജി. ഉണ്ണി അറിയിച്ചു. ഇടതുമുന്നണിയില്‍ നിന്നും കലഹിച്ച് എം.എല്‍.എ. സ്ഥാനം രാജിവച്ച പി.വി. അന്‍വര്‍, ബേപ്പൂരില്‍ യു.ഡി.എഫ്. പിന്തുണയോടെ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് തൃണമൂലിന്റെ ഈ നിര്‍ണായക പ്രഖ്യാപനം.

നിലവില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സിറ്റിങ് സീറ്റായ ബേപ്പൂര്‍, ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ്. ഈ മണ്ഡലത്തില്‍ റിയാസിനെതിരെ അന്‍വര്‍ മത്സരിക്കുന്നത് രാഷ്ട്രീയ കേരളം ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന പോരാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ പി.വി. അന്‍വര്‍ മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.

കുടുംബാധിപത്യത്തിനെതിരെയാണ് താന്‍ മത്സരിക്കുന്നതെന്നും, 'മരുമോനിസം' (മരുമകന്റെ സ്വാധീനം) ആണ് മുഖ്യമന്ത്രിയെ തകര്‍ത്തതെന്നും വോട്ടര്‍മാരെ കാണാനെത്തിയ അന്‍വര്‍ പറഞ്ഞിരുന്നു. മരുമകന്റെ വരവോടെയാണ് സഖാവ് പിണറായിക്ക് മാറ്റം വന്നതെന്നും, ഈ നീക്കം കോഴിക്കോട് ജില്ലയിലെ പല നേതാക്കളെയും അവഗണിക്കാനിടയാക്കിയെന്നും, അത്തരത്തിലുള്ളവരുടെയെല്ലാം പിന്തുണ തനിക്ക് ലഭിക്കുമെന്നും അന്‍വര്‍ അവകാശപ്പെട്ടു.

ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെ പി.വി. അന്‍വര്‍ യു.ഡി.എഫ്. അസോസിയേറ്റ് അംഗത്വം സ്വീകരിച്ചതാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രേരിപ്പിച്ചത്.

Tags:    

Similar News